സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് പെണ്‍പട, ജയിച്ചു കയറിയത് 200 ഓളം വനിതാ എംപിമാര്‍, ചരിത്രത്തില്‍ ആദ്യമായി വനിതാ സിഖ് പ്രതിനിധിയും, 12 ഇന്ത്യന്‍ വംശജര്‍ക്ക് വിജയം. ചരിത്രത്തിലാദ്യമായി 200 ഓളം വനിതാ എംപിമാര്‍ വിജയിച്ച് പാര്‍ലമെന്റിലേക്ക് എത്തുന്നു എന്നതാണ് ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ഈ തെരഞ്ഞെടുപിന്റെ പ്രത്യേകത.
650 പാര്‍ലമെന്റ് സീറ്റുകളില്‍ 192 എണ്ണവും വനിതാ പ്രതിനിധികള്‍ സ്വന്തമാക്കി. ശക്തമായ പ്രചരണത്തിലൂടെ വീണ്ടും സീറ്റുകള്‍ നിലനിര്‍ത്തിയ വനിതാ എംപിമാര്‍ക്കൊപ്പം ആദ്യമായി മത്സരിച്ചവരും ഇടം പിടിച്ചിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ സിഖ് അംഗം പാര്‍ലമെന്റില്‍ എത്തുന്നതിനും ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു.
ഇന്ത്യന്‍ വംശജയും ലേബര്‍ പാര്‍ട്ടിയുടെ ബിര്‍മിംഹാം എഡ്ഗ്ബാസ്റ്റണിലെ സ്ഥാനാര്‍ത്ഥിയുമായ പ്രീത് കൗര്‍ ഗില്‍ ആണ് വിജയിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കരോലിന്‍ സ്‌ക്വയറിനെയാണ് ഗില്‍ 6,917 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചത്. ഗില്‍ അടക്കം 12 ഇന്ത്യന്‍ വംശജരാണ് വിവിധ സീറ്റുകളില്‍ നിന്ന് വിജയിച്ച് പാര്‍ലമെന്റിലേക്ക് എത്തിയത്.
‘എഡ്ഗ്ബാസ്റ്റണില്‍ ജനിച്ചുവളര്‍ന്ന തനിക്ക് സ്വന്തം നാട്ടിലെ വിജയം ഏറെ ആഹ്‌ളാദംപകരുന്നു. എഡ്ഗബാസ്റ്റണിലെ ജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് താല്‍പര്യം. കഠിനാധ്വാനവും നിശ്ചയദാര്‍ഡ്യവും ജോലിയോടുള്ള അഭിനിവേശവും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തയാക്കുമെന്ന് വിശ്വാസമുണ്ടെന്ന്’ പ്രീത് കൗര്‍ പ്രതികരിച്ചു.
സിഖ് സമുദായത്തില്‍ നിന്ന് മറ്റൊരാള്‍ കൂടി ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ പാര്‍ലമെന്റില്‍ എത്തുന്നുണ്ട്. സ്ലോത്തിലെ സ്ഥാനാര്‍ത്ഥി തന്‍മഞ്ജീത് സിംഗാണ് എതിരാളിയായ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയെ 16,998 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചത്. ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് ടര്‍ബന്‍ ധരിച്ച് സഭയില്‍ എത്തുന്ന ആദ്യ അംഗം കൂടിയാണ് തന്‍.
ഏറ്റവും ദീര്‍ഘകാലം എംപിയായിരിക്കുന്ന ഇന്ത്യന്‍ വംശജനായ ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ത്ത് വാസ്, ലെസ്റ്റര്‍ ഈസ്റ്റിലെ സീറ്റ് നിലനിര്‍ത്തി. ഇദ്ദേഹത്തിന്റെ സഹോദരി വലെറി വാസ് വാള്‍സാല്‍ സൗത്ത് സീറ്റിലും വിജയിച്ചു. പ്രീതി പട്ടേല്‍, അലോക് ശര്‍മ, ശൈലേഷ് വര, ലിസ നന്ദി, സീമ മല്‍ഹോത്ര, വീരേന്ദ്ര ശര്‍മ, റിഷി സുനാക്, സ്യുയെല ഫെര്‍നാണ്ടസ് തുടങ്ങിയവരാണ് ജയിച്ച മറ്റ് ഇന്ത്യന്‍ വംശജര്‍.
അതേസമയം, ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച മറ്റൊരു സിഖ് സ്ഥാനാര്‍ത്ഥി കുല്‍ദീപ് സഹോട്ട 720 വോട്ടുകള്‍ക്ക് കണ്‍സര്‍വേറ്റീവ് അംഗത്തോട് പരാജയപ്പെട്ടു. ലേബര്‍ പാര്‍ട്ടി 14 ഇന്ത്യക്കാരേയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 13 പേരെയുമാണ് പാര്‍ലമെന്റിലേക്ക് മത്സരിപ്പിച്ചത്. ലേബര്‍ പാര്‍ട്ടിക്ക് ഏഴു പേരെയും കണ്‍സര്‍വേറ്റീവിന് അഞ്ചു പേരെയും വിജയിപ്പിക്കാന്‍ കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല