സ്വന്തം ലേഖകന്‍: ഓരോ ഇന്ത്യക്കാരനും വിഐപിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, സര്‍ക്കാര്‍ വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് പൂര്‍ണമായി ഒഴിവാക്കി. ചുവന്ന ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയ നടപടിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു ട്വീറ്റിന് മറുപടിയായാണ് മോദിയുടെ പ്രതികരണം. ഈ നടപടി ഒരുപാട് മുന്‍പേ എടുക്കേണ്ടിയിരുന്നു. ഇന്നത്തെ നടപടി ശക്തമായ തുടക്കമാണെന്നും മോദി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് വിഐപികളുടെ വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിയത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, ചീഫ് ജസ്റ്റീസ് എന്നിവര്‍ക്കും ഉത്തരവ് ബാധകമാണ്. മേയ് ഒന്നു മുതലാണ് നിരോധന ഉത്തരവ് പ്രാബല്യത്തില്‍ വരിക.
വിഐപി സംസ്‌കാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മോദി സര്‍ക്കാരിന്റെ നടപടി. എമര്‍ജന്‍സി വാഹനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് വാഹനങ്ങളിലും ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് നിരോധനമില്ല. എന്നാല്‍ പൊലീസ്, ആംബുലന്‍സ്, അഗ്‌നിശമന സേന, പട്ടാള വാഹനങ്ങള്‍ തുടങ്ങിയ നീല നിറത്തിലുള്ള ബീക്കണ്‍ ഉപയോഗിക്കണം.
കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ചുവന്ന ബീക്കണ്‍ ലൈറ്റ് സംബന്ധിച്ച തീരുമാനമുണ്ടായത്. റോഡ് ഗതാഗത മന്ത്രാലയം ബീക്കണ്‍ ലൈറ്റുകള്‍ സംബന്ധിച്ച നിര്‍ദേശം പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ചിരുന്നെങ്കിലും തീരുമാനമുണ്ടാവുന്നതിന് ഒന്നര വര്‍ഷം കാലതാമസം നേരിട്ടു. ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍, പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍, യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ എനിവര്‍ ഇതേ തീരുമാനം നേരത്തെ നടപ്പിലാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല