സ്വന്തം ലേഖകൻ: ചെങ്കടലില്‍വച്ച് ചരക്ക് കപ്പലിന് നേരേ വീണ്ടും ഡ്രോണ്‍ ആക്രമണം. ഗാബോണ്‍ എന്ന ആഫ്രിക്കന്‍ രാജ്യത്തിന്റെ കൊടി വഹിക്കുന്ന എം.വി.സായിബാബ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.
കപ്പലിലെ ജീവനക്കാരില്‍ 25 ഇന്ത്യക്കാരാണുള്ളത്. ഇവരടക്കം എല്ലാവരും സുരക്ഷിതരാണെന്ന് നാവികസേന അറിയിച്ചു. ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നും സേന വ്യക്തമാക്കി. എന്നാൽ കപ്പലിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചോ എന്ന കാര്യം വ്യക്തമല്ല.
ഗുജറാത്ത് തീരത്തിനടുത്ത് മറ്റൊരു ചരക്ക് കപ്പലിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായിരുന്നു. പോർബന്തർ തീരത്തിന് 217 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ എംവി ചെം പ്ലൂട്ടോ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.
കപ്പലിൽ സ്ഫോടനമുണ്ടായി തീപിടിച്ചു. ഇതേത്തുടര്‍ന്ന് കപ്പലിന് സാരമായ തകരാറും ഉണ്ടായി. എന്നാൽ കപ്പലിൽ ഉണ്ടായിരുന്ന 20 ഇന്ത്യാക്കാരടക്കം ആര്‍ക്കും തീ വേഗത്തിൽ അണച്ചതിനാൽ പരിക്കേറ്റില്ല.
വിവരം കിട്ടിയ ഉടൻ ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകൾ ആക്രമണം നേരിട്ട കപ്പലിന് അടുത്തേക്ക് തിരിച്ചിരുന്നു. ഈ കപ്പൽ മുംബൈ തീരത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് മറ്റൊരു കപ്പലിന് നേരേ ആക്രമണമുണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
അറബിക്കടലിൽ ഗുജറാത്ത് തീരത്തിനടുത്ത് ചരക്ക് കപ്പലിന് നേരേയുണ്ടായ ഡ്രോൺ ആക്രമണവുമായി ബന്ധപ്പെട്ട അമേരിക്കയുടെ ആരോപണം തള്ളി ഇറാൻ. ഡ്രോണ്‍ ആക്രമണവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ഇറാന് വിദേശകാര്യസഹമന്ത്രി അലി ബാഘേരി പ്രതികരിച്ചു.
ഹൂതികള്‍ക്ക് അവരുടതേയായ വഴിയുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാരിനെ ബന്ധപ്പെടുത്തേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കപ്പലിനു നേരെ ഡ്രോൺ വിക്ഷേപിച്ചത് ഇറാനിൽ നിന്നാണെന്ന് പെന്‍റഗൺ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയത്.
അതിനിടെ ചെങ്കടൽ തീരം വഴിയുള്ള യാത്രയിൽ നിന്നും പിൻവാങ്ങിയ ഷിപ്പിങ് കമ്പനികളുടെ എണ്ണം പന്ത്രണ്ടായി. കോവിഡ് കാലത്തേതിന് സമാനമായ നിരക്കിലേക്ക് കണ്ടെയ്നർ സർവീസുകളുടെ നിരക്കും എത്തുകയാണ്. ഇതോടെ ഇസ്രയേലിലും ഈജിപ്തിലും യൂറോപ്പിലും സാമ്പത്തിക രംഗത്ത് ഇത് ശക്തമായി പ്രതിഫലിക്കും
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി ചെങ്കടൽ തീരത്തു കൂടെയായിരുന്നു. ഇസ്രയേലിലേക്ക് പോകുന്ന കപ്പലുകളെ ഹൂതികൾ ആക്രമിച്ചതോടെയാണ് പിന്മാറ്റം. ഇതിനകം പന്ത്രണ്ട് ഷിപ്പിങ് ലൈൻ റൂട്ട് മാറ്റിയിട്ടുണ്ട്. ആഫ്രിക്കവഴി കറങ്ങിയാണ് നിലവിൽ യാത്ര. ഇതോടെ കണ്ടെയ്നറുകളുടെ ചാർജിൽ 800 $ വർധന വന്നു.
ഇതിന് പുറമെ വാർ റിസ്ക് ചാർജും ഭീമമായ ഇൻഷൂറൻസും വേറെയുമുണ്ട്. നിരക്ക് വർധനയും കാലതാമസവും ഒന്നിച്ച് വന്നതോടെ സ്ഥിതി ഗുരുതരമാവും. ഇത് ഗുരുതരമായി ബാധിച്ചത് ഇസ്രയേലിനേയാണ്. ഏലിയാത്ത് തുറമുഖം ദുരന്ത അവസ്ഥയിൽ എത്തിക്കഴിഞ്ഞു. തുറമുഖ പ്രവർത്തനം 87% കുറഞ്ഞതായി സി.ഇ.ഒ തന്നെ പറയുന്നു. സൂയസ് കനാലാണ് ഈജിപ്തിന്റെ വരുമാനത്തിന്റെ പ്രധാന മാർഗം. അത് നിലച്ചാൽ സാമ്പത്തിക പ്രതിസന്ധി അവർക്ക് ഉറപ്പാണ്.
വൻതുക ഇൻഷൂറൻസും വാർ റിസ്ക് ചാർജും നൽകി സൂയസ് വഴി പോകാൻ ഷിപ്പിങ് കമ്പനികൾ മടികാണിക്കുന്നതാണ് സ്ഥിതി. പുതിയ സാഹചര്യത്തോടെ സാധനങ്ങൾക്ക് വിലയേറും ഇത് യൂറോപ്പിനേയും അമേരിക്കയേയും ആദ്യം നേരിട്ട് ബാധിക്കും. ആഗോള വിപണിയിൽ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കാതെ അവിടേക്കുളള കപ്പലുകൾക്ക് നേരെയുളള ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് ഹൂതികളുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല