1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2024

സ്വന്തം ലേഖകൻ: യുക്രെയിന്‍- റഷ്യന്‍ യുദ്ധം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും മുക്തി നേടുന്നതിനു മുന്‍പ് തന്നെ ബ്രിട്ടന് ആഘാതമായി ചെങ്കടലിലെ സംഘര്‍ഷം. ഇത്തവണ ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്ന ഹൂതികളാണ് യുകെയ്ക്കു തിരിച്ചടി നല്‍കുന്നത്. സംഘര്‍ഷം അവശ്യ സാധനങ്ങള്‍ക്ക് വില കുതിച്ചുയരാന്‍ ഇടയാക്കിയിരിക്കുകയാണ്. ബ്രഡ്, ബട്ടര്‍, ടീബാഗുകള്‍ എന്നിവയുടെ മാത്രമല്ല, പ്രകൃതിവാതകത്തിന്റെ വിലയും കുതിച്ചുയരുകയാണ്.

ബ്രിട്ടനിലെ പണപ്പെരുപ്പത്തിനും തുടര്ന്നുണ്ടായ കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധിക്കും ഒരു പരിധിവരെ റഷ്യന്‍- യുക്രെയിന്‍ യുദ്ധവും കാരണമായിരുന്നു. ആ പണപ്പെരുപ്പം ഏതാണ്ട് അവസാന ഘട്ടമെത്തി നില്‍ക്കുമ്പോഴാണ് ചെങ്കടലിലെ സംഭവവികാസങ്ങള്‍ പുതിയ പ്രതിസന്ധി തീര്‍ക്കുന്നത്. അതു തന്നെയണ് ഹൂത്തികള്‍ക്കെതിരെ കടുത്ത രീതിയില്‍ പ്രതികരിക്കാന്‍ ബ്രിട്ടനെ പ്രേരിപ്പിച്ചത്. യമനിലെ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ഇന്നലെ കടുത്ത ആക്രമണം അഴിച്ചു വിട്ടത്. സ്വതന്ത്രമായ കടല്‍യാത്രയും, വിഘ്നമില്ലാത്ത അന്താരാഷ്ട്ര വ്യാപാരങ്ങളുമാണ് ബ്രിട്ടന്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രധാനമന്ത്രി സുനക് പറഞ്ഞു.

എന്നാല്‍, ഈ മേഖലയില്‍ സംഘര്‍ഷം തുടര്‍ന്നാല്‍ ഉപഭോക്തൃ വിലസൂചിക പണപ്പെരുപ്പം4 ശതമാനം വരെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഈന്‍സ്റ്റിറ്റിയുട്ട് ഓഫ് എക്സ്പോര്‍ട്ട് ആന്‍ഡ് ഇന്റര്‍നാഷണല്‍ ട്രേഡ്, മാക്രോ ഫോര്‍ജ്യോന്‍ പറഞ്ഞത്. അങ്ങനെ വന്നാല്‍, ഒരു ബ്ലൊക്ക് ബട്ടറിന്റെ പിലയില്‍ 10 പെന്‍സിന്റെ വര്‍ദ്ധനവ് അനുഭവപ്പെടും. ആറ് മുട്ടകളുടെ ഒരു പാക്കിന് 9 പെന്‍സിന്റെ വര്‍ദ്ധനവ് ഉണ്ടാകും. ടീ ബാഗുകളുടെ വിലയില്‍ 19 പെന്‍സിന്റെയും ഹീന്‍സ് ബേക്ക്ഡ് ബീന്‍സിന്റെ വിലയില്‍ 15 പെന്‍സിന്റെയും വര്‍ദ്ധനയുണ്ടാകും.

ഇന്ധനവില ലിറ്ററിന് 4 പെന്‍സ് വരെ വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. മദ്ധ്യപൂര്‍വ്വ ദേശത്തെ സംഘര്‍ഷം കൂടുതല്‍ ഗുരുതരമായാല്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ധന വില വര്‍ദ്ധിക്കുമെന്നാണ് ആര്‍ എ സിയിലെ ഫ്യൂവല്‍ വക്താവ് സൈമണ്‍ വില്യംസ് അറിയിച്ചത്. അതായത്, ഒരു ശരാശരി 55 ലിറ്ററിന്റെ ടാങ്ക് നിറക്കുന്നതിന് 81 പൗണ്ടില്‍ അധികം ചെലവാക്കേണ്ട സാഹചര്യം വന്നുചേരും.

ചെങ്കടലിലെ സാഹചര്യം മൂലം വിലവര്‍ദ്ധനവ് ഉണ്ടാകുമെന്ന് ടെസ്‌കോ ഇതിനോടകം തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുപോലെ, ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ലഭിക്കുന്നതില്‍ രണ്ടരയാഴ്ച്ചത്തെ കാലതാമസം വരെ ഉണ്ടായേക്കാം എന്ന് നെക്സ്റ്റും ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ചില സാധനങ്ങള്‍ക്ക് ക്ഷാമം നേരിടുമെന്ന് ഐകിയ അറിയിച്ചു. അതിനിടയില്‍ കംപോണന്റുകള്‍ ലഭ്യമാകാതെ വന്നതോടെ ടേസ്ലയ്ക്ക് ജര്‍മ്മനിയിലെ ജിഗാ ഫാക്ടറി അടച്ചു പൂട്ടേണ്ടി വന്നു. ഇതോടെ 7,000 ഓളം വാഹനങ്ങളുടെ നിര്‍മ്മാണം തടസ്സപ്പെടുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വോള്‍വോ നിര്‍മ്മാതാക്കളും പ്രതിസന്ധി നേരിടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.