സ്വന്തം ലേഖകൻ: ശക്തമായ കൊടുക്കാറ്റിൽ ഒന്നായ ഇയോവിന്‍ കൊടുങ്കാറ്റ് കണക്കിലെടുത്ത് സ്കോട്ട്ലൻഡിലും അയർലാൻഡിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇയോവിൻ കൊടുങ്കാറ്റ് സ്കോട്ട്ലാൻഡിലും അയർലാൻഡിലും വൻ നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. മണിക്കൂറിൽ 100 മൈൽ വേഗതയിൽ വരെ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുന്നതിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. 4.5 ദശലക്ഷം ആളുകൾക്കാണ് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ മുതൽ റെഡ് അലർട്ട് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. അപകടയായ കാലാവസ്ഥയെ തുടർന്ന് ബസ്, ട്രെയിൻ ഗതാഗതവും നിർത്തി വെച്ചിട്ടുണ്ട്. മാത്രമല്ല, സ്കോട്ട്ലൻഡിലെ ബഹുഭൂരിപക്ഷം സ്കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ കഴിയുന്നതും വീടുകളിൽ തന്നെ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ തിരമാലകള്‍ കരയിലേക്ക് ഇരച്ചുകയറാനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഐറീഷ് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് മുൻനിർത്തി ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള നൂറോളം വിമാന സര്‍വീസുകള്‍ കാന്‍സല്‍ ചെയ്തിട്ടുണ്ട്.
വടക്കേ അമേരിക്കയിൽ നിന്നുള്ള തണുത്ത വായുപ്രവാഹവും മധ്യ അറ്റ്ലാൻറിക്കിലെ ചൂടുവായു പ്രവാഹവും കൂടിക്കലർന്നാണ് ഇയോവിൻ രൂപം കൊണ്ടിട്ടുള്ളതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇയോവിനെ തുടർന്ന് ബ്രിട്ടനിലും ശക്തമായ കാറ്റ് അനുഭവപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്.
അപകടങ്ങൾ പൂർണമായും ഒഴിവാക്കാനാണ് അധികൃതരുടെ ശ്രമം. സ്കൂളുകൾക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ട് നിലനിൽക്കുന്നതിനാൽ പലയിടങ്ങളിലും സൂപ്പർമാർക്കറ്റ് ചെയിനുകളും പ്രവർത്തിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കടകൾ തുറക്കില്ലെന്ന മുന്നറിയിപ്പ് ബോർഡുകൾ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്.
കൊടുങ്കാറ്റ് എയോവിൻ കാലാവസ്ഥാ ബോംബായി രൂപാന്തരം പ്രാപിക്കുന്നതായാണ് കിഴക്കൻ അയർലൻഡ് തീരമേഖലയിൽ നിന്നു ശേഖരിച്ചിട്ടുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്. യുകെ, അയർലൻഡ് ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റിന്റെ വായുമർദം കഴിഞ്ഞ എട്ടു മണിക്കൂറിനുള്ളിൽ 35 മില്ലിബാർ കുറഞ്ഞിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ മധ്യഭാഗത്തുള്ള വായുമർദം കുറയുമ്പോൾ അത് കൂടുതൽ തീവ്രമാകുകയാണ് ചെയ്യുക. കേന്ദ്ര മർദം 940 മില്ലിബാറായി കുറയുമെന്നാണ് പ്രവചനം. അങ്ങനെ സംഭവിച്ചാൽ യുകെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ചുഴലിക്കാറ്റായി അത് മാറുകയായിരിക്കും ഫലം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല