ലണ്ടന്‍ : സ്റ്റേസി വാരനും കെല്ലി ഏക്കേഴ്സും സമജാത ഇരട്ടകളാണ് എന്നു പറഞ്ഞാല്‍ ഇപ്പോള്‍ ആരും വിശ്വസിക്കില്ല. രണ്ട് വര്‍ഷം മുന്‍പ് വരെ ഇരുവരേയും കണ്ടാല്‍ തിരിച്ചറിയാന്‍ അടുത്ത ബന്ധുക്കള്‍ പോലും ബുദ്ധി മുട്ടിയിരുന്നു എന്ന് അറിയുമ്പോഴാണ് ഈ മാറ്റം അത്ഭുതപ്പെടുത്തുന്നത്. സ്റ്റേസി നടത്തിയ ഒരു ഗ്യാസ്ട്രിക് ബൈപാസ് സര്‍ജറിയാണ് ഇരുവരും തമ്മില്‍ ഇത്രയേറെ വ്യത്യാസമുണ്ടാക്കി കളഞ്ഞത്. രണ്ട് വര്‍ഷം മുന്‍പു വരെ 120 കിലോയ്ക്ക് മുകളിലായിരുന്നു സ്റ്റേസിയുടേയും കെല്ലിയുടേയും ഭാരം. ഗ്യാസ്ട്രിക് ബൈപാസ് സര്‍ജറി കഴിഞ്ഞതും സ്റ്റേസിയുടെ ഭാരം നേരെ പകുതിയായി കുറഞ്ഞു. ഇപ്പോള്‍ അറുപത്തിയഞ്ച് കിലോയ്ക്കുളളിലാണ് സ്റ്റേസിയുടെ ഭാരം.
തടി കുറഞ്ഞതോടെ സ്റ്റേസിയേയും കെല്ലിയേയും തമ്മില്‍ കണ്ടാല്‍ ഇരട്ടകളാണ് എന്ന് ആരും പറയാതെയായി. പൊണ്ണത്തടിക്കാലത്ത് താന്‍ ഉപയോഗിച്ചിരുന്ന ഡ്രസ്സുകളൊക്കെ കെല്ലിക്ക് കൊടുത്തിരിക്കുകയാണ് സ്റ്റേസി. നാല്പതുകാരിയായ സ്റ്റേസി പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം മൂലമാണ് സര്‍ജറിക്ക് വിധേയയായത്. ഈ രോഗം മൂലം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാവുകയും അത് പൊണ്ണത്തടിയിലേക്കും വന്ധ്യതയിലേക്കും നയിക്കുകയും ചെയ്തു. കുട്ടികളുണ്ടാകണമെങ്കില്‍ സര്ജറിചെയ്യണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സ്റ്റേസി എന്‍എച്ച്എസിനെ സമീപിച്ചത്. രണ്ട് വര്‍ഷം മുന്‍പ് വിജയകരമായി സര്‍ജറി നടത്തുകയും ചെയ്തു.
തന്റെ രൂപമാറ്റത്തില്‍ സ്റ്റേസി സന്തുഷ്ടയാണ്. മുന്‍പുണ്ടായിരുന്ന വ്യക്തിയുടെ പകുതി മാത്രമാണ് താനെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്ന് സ്റ്റേസി പറഞ്ഞു. പുതിയ രൂപത്തെ താന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതായും സ്റ്റേസി വ്യക്തമാക്കി. കെല്ലിയെ കാണുമ്പോള്‍ മാത്രമാണ് തങ്ങള്‍ ഇരട്ടകളാണന്ന കാര്യം ഓര്‍മ്മവരുന്നതെന്നും സ്റ്റേസി വ്യക്തമാക്കി. അടുത്ത സുഹൃത്തുക്കള്‍ പോലും തന്റെ രൂപമാറ്റത്തെ തുടര്‍ന്ന് തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടുണ്ടെന്നും സ്റ്റേസി പറഞ്ഞു. താനും കെല്ലിയും ജങ്ക് ഫുഡിന്റെ ആരാധകരായിരുന്നുവെന്നും വീട്ടില്‍ അത് കഴിക്കുന്നതിനെ ആരും തടഞ്ഞിരുന്നില്ലെന്നും സ്റ്റേസി ഓര്‍മ്മിക്കുന്നു. എന്നാല്‍ തടി ക്രമാതീതമായി കൂടി തുടങ്ങിയതോടെ സ്റ്റേസി ജങ്ക് ഫുഡിനോട് വിടപറഞ്ഞു. എന്നാലും തടികുറയ്ക്കുന്നത് അസാധ്യമായിരുന്നു. ഡയറ്റിങ്ങും മരുന്നും തല്കാലത്തേക്ക് ആശ്വാസം തരുമെങ്കിലും അവ നിര്‍ത്തുമ്പോള്‍ പഴയതിലും ഇരട്ടിയായി തടി തിരികെ വരും. അങ്ങനെയാണ് ഗ്യാസ്ട്രിക് ബൈപാസ് നടത്താന്‍ തീരുമാനിച്ചത്.
സ്റ്റേസിയെ കാണുമ്പോള്‍ തനിക്ക് അസൂയ തോന്നുന്നുണ്ടെന്ന് കെല്ലി വ്യക്തമാക്കി. രണ്ട് കുട്ടികളുടെ അമ്മയായ കെല്ലിയും സര്‍ജറിയെ കുറിച്ച് ചിന്തിക്കുകയാണ്. കെല്ലിക്കും പോളിസിസ്റ്റിക് ഒവേറിയന്‍ സിന്ഡ്രോമുണ്ട്. മാത്രമല്ല അമിത ഭാരം കാരണം കാല്‍മുട്ടിന്റെ സന്ധികളില്‍ തേയ്മാനവും അനുഭവപ്പെടുന്നുണ്ട്. പന്ത്രണ്ട് മാസത്തിനുളളിലാണ് സ്റ്റേസിയുടെ ഭാരം നേരെ പകുതിയായി കുറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല