സ്വന്തം ലേഖകന്‍: ജോര്‍ഡന്‍, സിറിയ അതിര്‍ത്തിയില്‍ കുടുങ്ങിയ 30,000 ത്തോളം അഭയാര്‍ഥി കുഞ്ഞുങ്ങള്‍ കൊടും പട്ടിണിയിലെന്ന് റിപ്പോര്‍ട്ട്. 30,000 കുഞ്ഞുങ്ങളുള്‍പ്പെടെ ഏതാണ്ട 70,000ത്തോളം സിറിയന്‍ അഭയാര്‍ഥികളാണ് ജോര്‍ഡന്‍ അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാമ്പില്‍ കുടുങ്ങിയിരിക്കുന്നത്. ഇവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട വെള്ളമോ ഭക്ഷണമോ മരുന്നോ ലഭിക്കുന്നില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
കഴിഞ്ഞമാസം ഐ.എസ് ഭീകരരുടെ ആക്രമണത്തെ തുടര്‍ന്ന് ജോര്‍ഡന്‍ അധികൃതര്‍ സിറിയയിലേക്കുള്ള അതിര്‍ത്തി അടച്ചതോടെയാണ് ഇവര്‍ ക്യാമ്പില്‍ കുടുങ്ങിയത്. അതോടെ ഈ മേഖലയിലേക്ക് സന്നദ്ധസംഘങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ കഴിയാതായി. ആക്രമണം നടന്നയുടന്‍ അതിര്‍ത്തി ഭാഗികമായി അടച്ചിരുന്നു. ക്യാമ്പിലെ 35 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ പൊരിയുകയാണ് സ്ത്രീകളും കുട്ടികളും. ചിലപ്പോള്‍ മാത്രം റേഷനായി കിട്ടുന്ന കുടിവെള്ളമാണ് ഇവരുടെ ഏക ആശ്വാസം.
ഇവിടെ കഴിയുന്ന കുട്ടികളില്‍ 1300 പേര്‍ അഞ്ചു വയസ്സില്‍ താഴെയുള്ളവരാണ്. തുടര്‍ച്ചയായി ഭക്ഷണം ലഭിക്കാത്തത് മൂലം ഇവരില്‍ ഭൂരിഭാഗവും പോഷകാഹാര കുറവുമൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്. അതിസാരം ബാധിച്ച കുഞ്ഞുങ്ങളാകട്ടെ ചികിത്സകിട്ടാതെ വലയുകയാണ്.
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ജോര്‍ഡനില്‍ 6,50,000 സിറിയന്‍ അഭയാര്‍ഥികളുടെ പട്ടിക തയ്യാറാക്കിയിരുന്നു. തുര്‍ക്കിയും ലബനനും അതിര്‍ത്തി അടച്ചതോടെ ലക്ഷക്കണക്കിന് അഭയാര്‍ഥികളാണ് ജോര്‍ഡനില്‍ കുടുങ്ങിക്കിടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല