ഹംഗറിയിലെ അഭയാര്‍ത്ഥികളെ ദേഹോപദ്രവമേല്‍പ്പിച്ച ടെലിവിഷനിലെ മാധ്യമ പ്രവര്‍ത്തകയെ ചാനല്‍ ജോലിയില്‍നിന്ന് പുറത്താക്കി. പെട്രാ ലാസ് ലോ എന്ന മാധ്യമപ്രവര്‍ത്തകയെയാണ് ചാനല്‍ പുറത്താക്കിയത്. കുട്ടികളടക്കമുളള അഭയാര്‍ത്ഥികളെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ക്യാമറാവുമണെ ചാനല്‍ പുറത്താക്കിയത്. തെക്കന്‍ ഹംഗറിയിലെ റോസാക്കില് വച്ചാണ് ഇവര്‍ കുടിയേറ്റക്കാരെ അക്രമിച്ചത്. ഒരു കുട്ടിയെയും എടുത്ത് വന്ന മനുഷ്യന്റെ ചുറ്റും നടന്ന് അയാളെ ഉപദ്രവിക്കുകയും മറ്റൊരു കുട്ടിയെ ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.
ഹംഗേറിയന്‍ ചാനലായ എന്‍1ടിവിയിലാണ് പെട്രാ ലാസ് ജോലി ചെയ്തിരുന്നത്. കുടിയേറ്റക്കാരോടുളള ഇവരുടെ പെരുമാറ്റം മോശമാണെന്ന് മനസിലാക്കി തൊഴില്‍ കരാര്‍ റദ്ദാക്കുകയാണെന്ന് എന്‍1ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫായ സബോള്‍ക്സ് കിസ്ബര്ക്ക് ചാനലിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
സെര്‍ബിയന്‍ അതിര്‍ത്തിയില്‍ പോലീസ് സൃഷ്ടിച്ച തടസം ഭേദിച്ച് കടന്ന അഭയാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ഇവര്‍ അഭയാര്‍ത്ഥികളെ അക്രമിച്ചത്. യൂറോപ്യന്‍ കുടിയേറ്റപ്രശ്നം അതിതീവ്രമായ ചര്‍ച്ചാ വിഷയമായ പശ്ചാത്തലത്തിലാണ് ഈ വീഡിയോയ്ക്കുമേല് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല