സ്വന്തം ലേഖകന്‍: രക്തം ഉറയുന്ന മഞ്ഞില്‍ ഒരു രാത്രി മുഴുവന്‍; 10 സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ലെബനന് മലമ്പാതയില്‍ ദാരുണാന്ത്യം. സിറിയയില്‍ നിന്നു ലെബനനിലേക്കു പ്രവേശിക്കാനുള്ള അനധികൃത മലമ്പാതയിലെ മഞ്ഞുകാറ്റില്‍ 10 അഭയാര്‍ഥികള്‍ക്കു ദാരുണാന്ത്യം. കൂടുതല്‍ പേര് മേഖലയില്‍ കുടുങ്ങിക്കിടക്കുന്നെന്ന സംശയത്തില്‍ പരിശോധന തുടരുകയാണ്. ലൈബനീസ് ആര്‍മിയും സിവില്‍ ഡിഫന്‍സ് വിഭാഗവും സംയുക്തമായാണു തിരച്ചില്‍.
തുടര്‍ച്ചയായി രാത്രി മുഴുവന്‍ വീശിയ മഞ്ഞുകാറ്റില്‍പ്പെട്ടാണ് ഒന്‍പതു പേരുടെ മരണം. മഞ്ഞില്‍ പുതഞ്ഞ നിലയില്‍ ഒന്‍പതു മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ മാസ്നാ ബോര്‍ഡര്‍ ക്രോസിങ്ങിനു സമീപമായിരുന്നു സംഭവം. അനങ്ങാന്‍ പോലുമാകാതെ തണുത്തുവിറച്ചു നിന്ന ആറു പേരെ സേന രക്ഷിച്ച് സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇവരില്‍ ഗുരുതരാവസ്ഥയിലായിരുന്ന ഒരാള്‍ മരിച്ചു. അനധികൃതമായി അഭയാര്ഥികളുമായെത്തിയതിനു രണ്ടു പേരെ അറസ്റ്റ് ചെയ്തു.
സിറിയ–ലെബനന് അതിര്‍ത്തിയിലെ പാതയിലൂടെ അഭയാര്‍ഥികളെ കടത്തുന്നതു പതിവാണ്. ലെബനനിലേക്കു കടക്കാനും തിരികെ സിറിയയിലേക്കു പോകാനും ഈ പാതയാണ് ഉപയോഗിക്കുന്നത്. അപകടം പതിയിരിക്കുന്ന ഇതുവഴി തന്നെയാണ് ചരക്കുകളും അനധികൃതമായി കടത്തുന്നത്. കനത്ത മഞ്ഞു വീഴ്ച മൂലം ലെബനനിലെ മിക്ക മലനിരകളും മഞ്ഞുമൂടിയ നിലയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല