1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2015

സ്വന്തം ലേഖകന്‍: മദ്രസയിലെ ദുരനുഭവങ്ങളെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ വേട്ടയാടപ്പെട്ട മാധ്യമ പ്രവര്‍ത്തകയുടെ പുതിയ പോസ്റ്റും തരംഗമാകുന്നു. തന്റെ കുട്ടിക്കാല അനുഭവങ്ങള്‍ തുറന്നെഴുതിയതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇരയായ മാധ്യമ പ്രവര്‍ത്തക വിപി റജീനയുടെ ഫേസ്ബുക്ക് അക്കൗണ്ട് തന്നെ വിമര്‍ശകര്‍ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചിരുന്നു. അതേതുടര്‍ന്നാണ് പുതിയ പോസ്റ്റില്‍ ഇസ്ലാമിലെ ഫ്യൂഡല്‍ പൗരോഹിത്യത്തെ രൂക്ഷമായി വിമര്‍ശിച്ച് റെജീന വീണ്ടും രംഗത്തെത്തിയത്.

ഇസ്ലാമിലില്ലാത്ത പൗരോഹിത്യവും സ്ത്രീ വിരുദ്ധതയും മുസ്ലീം സമൂഹത്തില്‍ കൊണ്ടുവരാനും നിലനിര്‍ത്താനും ശ്രമിയ്ക്കുന്ന ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന് ഊര്‍ജ്ജം പകരുന്നതാണ് തനിയ്‌ക്കെതിരായ വിമര്‍ശനങ്ങളെന്നും റെജിന പോസ്റ്റില്‍ പറയുന്നു.

റെജീനയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം,

പ്രിയ സുഹൃത്തുക്കളേ,
വല്ലാത്തൊരു മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഞാന്‍ മുന്നോട്ട് വെച്ച നിലപാടുകളെ വസ്തുതാപരമായി എതിര്‍ക്കാന്‍ ത്രാണിയില്ലാത്തവര്‍ നിന്ദ്യവും നീചവുമായ ഭാഷയില്‍ എന്നെ വ്യക്തിഹത്യ നടത്തുകയാണ്. പല തവണയായി എന്റെ അക്കൗണ്ട് പൂട്ടിക്കൊണ്ടിരിക്കുന്നു. എന്നാല്‍ അക്കൗണ്ട് പൂട്ടിക്കുന്നതിന് പിന്നില്‍ ആരാണെന്ന് കൃത്യമായി ഉറപ്പില്ലാത്തത് കൊണ്ട് ആരിലേക്കും വിരല്‍ ചൂണ്ടുന്നില്ല, ഇക്കാര്യത്തില്‍ ആരേയും കുറ്റപ്പെടുത്തുന്നുമില്ല. പക്ഷേ, വലിയൊരു വിഭാഗം ആളുകളുടെ സ്‌നേഹവും പിന്തുണയും കിട്ടുന്നത് കൊണ്ട് ഈ പ്രതിസന്ധി ഘട്ടം പോലും ആസ്വാദ്യകരമായി മാറുകയാണ്. എന്റെ വിശ്വാസവും നിലപാടുകളും സ്ഫുടം ചെയ്‌തെടുക്കാന്‍ സര്‍വ്വശക്തന്‍ കനിഞ്ഞു നല്‍കിയ അനുഗ്രഹമായേ ഞാനിതിനെ കാണുന്നുള്ളൂ. ഇസ്ലാമിലില്ലാത്ത പൗരോഹിത്യവും സ്ത്രീ വിരുദ്ധതയും മുസ്ലിം സമൂഹത്തില്‍ കൊണ്ടു വരാനും നില നിര്‍ത്താനും ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിനുള്ള ഊര്‍ജ്ജമാണ് എനിക്കെതിരെ വന്ന ഓരോ തെറിയും. ഇതില്‍ ഞാനെന്ന വ്യക്തി തീര്‍ത്തും അപ്രസക്തമായ ഒരു ഘടകം മാത്രമാണ്. അതിലപ്പുറം ഈ വിവാദങ്ങളിലൂടെ മുന്നോട്ട് വെക്കപ്പെട്ട ആശയങ്ങള്‍ക്കാണ് പ്രാധാന്യം. ലിംഗനീതിയുടെയും സഹിഷ്ണുതയുടേയും രാഷ്ട്രീയത്തിന് കിട്ടിയ അംഗീകാരമാണ് നിങ്ങളെല്ലാവരും തന്ന ഓരോ വാക്കുകളും കമന്റുകളും. നിങ്ങളുടെ മറ്റു രാഷ്ട്രീയ, മത വിശ്വാസങ്ങള്‍ ഇതിന് തടസ്സമാവുന്നില്ലെന്നത് ഭാവിയില്‍ ഏറെ പ്രതീക്ഷ നല്‍കുന്നു. നമ്മുടെ സമൂഹത്തില്‍, സമുദായത്തില്‍ ആഴത്തില്‍ വേരോടിയ സ്ത്രീ വിരുദ്ധതക്കും ആണ്‍കോയ്മാ രാഷ്ട്രീയത്തിന്റെ ഹുങ്കിനുമെതിരില്‍ പോരാടാന്‍ കൂടുതല്‍ പേര്‍ക്ക്, പ്രത്യേകിച്ചും പെണ്‍ കുട്ടികള്‍ക്ക് പ്രചോദനമാവുമെങ്കില്‍ അതാവും ഈ വിവാദത്തിന്റെ ഏറ്റവും വലിയ ഗുണവശം. ഇതിനകം തന്നെ പലരും തങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വെക്കാന്‍ മുന്നോട്ട് വന്നത് ഇതിന്റെ സൂചനയാണ്. പുഴുക്കുത്തുകളെ നീക്കം ചെയ്ത് വൃത്തിയുള്ള സ്ഥാപനങ്ങളും നീതിയിലധിഷ്ഠിതമായ സാമുദായിക ഘടനയും രൂപപ്പെട്ടു വരാന്‍ ഇനിയും ഇത് പോലുള്ള ഒരു പാട് പോരാട്ടങ്ങള്‍ അനിവാര്യമാണ്.
അനുദിനം ശക്തിപ്പെട്ടു വരുന്ന സവര്‍ണ ഫാഷിസത്തെ പ്രതിരോധിക്കണമെങ്കില്‍ നമ്മുടെ ഉള്ളിലുള്ള ഫാഷിസ്റ്റ് ഭാവങ്ങളെയും തുടച്ചു നീക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ ഫാഷിസത്തിനെതിരായ പോരാട്ടം ഫലപ്രദമാവൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു.
പിന്നെ, അക്കൗണ്ട് പൂട്ടിച്ചതും എന്റെ സ്റ്റാറ്റസും ‘നാടക’ വും സിനിമയുമായൊക്കെ ചിത്രീകരിക്കുന്നവരോട് ഒരു വാക്ക്, ഇരകളുടെ പീഡനാനുഭവം വിവരിച്ച പോസ്റ്റിനു താഴെ ‘ ആസ്വദിക്കുകയായിരുന്നില്ലേ?’ എന്ന് ചോദിച്ച കഴുകന്‍മാരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. നീതിയിലധിഷ്ഠിതമായ രാഷ്ട്രീയവും വിശ്വാസവും ഉയര്‍ന്നു വരുമ്പോഴേക്കും ചവറ്റുകൊട്ടയിലെത്താനുള്ളതാണ് നിങ്ങളുടെ ഫ്യൂഡല്‍ പൗരോഹിത്യ രാഷ്ട്രീയം.
ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി!
റജീന

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.