രാജ്യസഭാ ടെലിവിഷനെതിരെ എംപി ജയ ബച്ചന് പരാതി നല്കി. ചൊവ്വാഴ്ച പ്രശസ്ത നടി രേഖ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുമ്പോള് രാജ്യസഭ ടെലിവിഷന്റെ ക്യാമറ തന്റെ നേരെ ഫോക്കസ് ചെയ്തു എന്ന് ആരോപിച്ചാണ് നടി കൂടിയായ ജയ ബച്ചന് പരാതി നല്കിയിരിക്കുന്നത്.
ഉപരാഷ്ട്രപതി ഹമീദ് അന്സാരിക്കാണ് ജയ പരാതി നല്കിയിരിക്കുന്നത്. ഇങ്ങനെയെടുത്ത ദൃശ്യങ്ങള് മറ്റു ടെലിവിഷന് ചാനലുകള് ഉപയോഗിച്ചതാണ് ജയ ബച്ചനെ പ്രകോപിപ്പിച്ചതും പരാതി നല്കാന് പ്രേരിപ്പിച്ചതും. പാര്ലമെന്റില് രേഖയുടെ ഇരിപ്പിടം തന്റെ അടുത്താകും എന്നു കണ്ട് തന്റെ ഇരിപ്പിടം മാറ്റാന് ജയ ബച്ചന് ആവശ്യപ്പെട്ടത് ഏറെ ചര്ച്ചയായിരുന്നു.
പരാതി ലഭിച്ചതിനെ തുടര്ന്ന് ഉപരാഷ്ട്രപതി രാജ്യസഭ സിഇഒയെ വിളിച്ചു വരുത്തി വിഷയത്തില് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പഴയ കാല ബോളിവുഡ് നായികമാരായ രേഖയും ജയ ബച്ചനും തമ്മിലുള്ള മാനസിക അകല്ച്ച ഏറെ കുപ്രസിദ്ദമാണ്.
ചില സിനിമകളില് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരും ബോളിവുഡില് ഏറെ ആഘോഷിക്കപ്പെടുന്ന ശത്രുക്കളാണ്. ജയ ബച്ചന്റെ ഭര്ത്താവും ബോളിവുഡിലെ അതികായകനുമായ അമിതാഭ് ബച്ചനുമായി രേഖയ്ക്ക് അടുപ്പമുണ്ടെന്നത് ഒരു കാലത്ത് ബോളിവുഡ് ഗോസിപ്പ് കോളങ്ങള് ഏറെ ആഘോഷിച്ച കാര്യമാണ്.
സമാജ്വാദി പാര്ട്ടിയുടെ എംപിയാണ് ജയ ബച്ചന്. രേഖയെ അവരുടെ ചലച്ചിത്ര ലോകത്തെ സംഭാവനകളെ മുന്നിര്ത്തി ആദരിക്കുക എന്ന ഉദ്ദേശത്തോടെ രാഷ്ട്രപതി രാജ്യസഭാംഗമായി നാമനിര്ദ്ദേശം ചെയ്യുകയായിരുന്നു. രേഖയ്ക്കൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കറും വ്യവസായിയും സാമൂഹ്യ പ്രവര്ത്തകനുമായ അനു ആഗയും രാജ്യസഭയിലേക്ക് നാമനിര്ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല