സ്വന്തം ലേഖകന്‍: അമേരിക്കന്‍ സൈന്യത്തില്‍ സിഖുകാര്‍ക്ക് മതചിഹ്നങ്ങള്‍ അണിയാന്‍ അനുമതി, തീരുമാനത്തിന് സിഖ് യുവാക്കള്‍ക്കിടയില്‍ മികച്ച പ്രതികരണം. അമേരിക്കന്‍ സേനയിലെ സിഖ് സൈനികര്‍ക്ക് മതചിഹ്നങ്ങളായ താടിയും തലപ്പാവും ശിരോവസ്ത്രവും അണിയാമെന്ന പുതിയ നിയമം കഴിഞ്ഞയാഴ്ചയാണ് യു.എസ് സൈന്യം പുറത്തിറക്കിയത്. നേരത്തെ സെക്രട്ടറി തലത്തിലുള്ളവര്‍ക്ക് മാത്രമുള്ള അനുവാദം ബ്രിഗേഡിയര്‍ തസ്തികയിലേക്കുകൂടി വ്യാപിപ്പിക്കുകയായിരുന്നു.
യു.എസ് സര്‍ക്കാറിന്റെ തീരുമാനത്തിന് സിഖ് വംശജരില്‍നിന്ന് വന്‍ പ്രതികരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി സിഖ് ചെറുപ്പക്കാര്‍ പുതുതായി സൈന്യത്തില്‍ ചേരാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യു.എസിലെ സിഖുകാര്‍ക്ക് ഇത് ചരിത്ര ദിനമാണെന്നായിരുന്നു ഗുരു ഗോവിന്ദ് സിങ് ഫൗണ്ടേഷന്റെ സെക്രട്ടറിയായ രാജന്ദ് സിങ്ങിന്റെ പ്രതികരണം. കൂടുതല്‍ സിഖ് വംശജര്‍ യു.എസ് സൈന്യത്തില്‍ ചേരാനുള്ള തയാറെടുപ്പില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന സിഖുകാര്‍ അമേരിക്കയില്‍ വളരെ കുറവാണ്. ഇതോടെ സിഖു യുവാക്കള്‍ കൂടുതലായി പൊതു മേഖലയെ തിരഞ്ഞെടുക്കും. ഇത് തുടര്‍ച്ചയായ പോരാട്ടത്തിന്റെ ഫലമാണെന്നും ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ മുസ്ലീം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് താടി വെയ്ക്കാന്‍ അനുവാദം നല്‍കി ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഉത്തരവിറക്കി. മതപരമായ ആചാരത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി.
തീരുമാനം ഏവരും സ്വാഗതം ചെയ്തുവെങ്കിലും നിയമത്തില്‍ പുരോഗമനപരമായ മാറ്റം വരുത്തേണ്ടതുണ്ടെന്നും വാദമുയര്‍ന്നു. ന്യൂയോര്‍ക്ക് പോലീസ് ഡിപാര്‍ട്ട്‌മെന്റ് മുസ്ലീം ഓഫീസേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് ലഫ്. അദീല്‍ റാണയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പുതിയ നയം പ്രശ്‌നങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നില്ലെങ്കിലും ഏറെക്കുറെ പ്രശംസനീയമാണെന്ന് റാണ പറഞ്ഞു.
സുരക്ഷയും ഗ്യാസ് മാസ്‌ക്ക് ഉപയോഗവും മുന്‍ നിര്‍ത്തിയായിരുന്നു പോലീസുകാര്‍ക്ക് താടി നിരോധിച്ചിരുന്നത്. സിഖ് പോലീസുകാര്‍ക്കുള്ള നിയമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. സിഖ് പോലീസുകാര്‍ക്ക് താടി ഒരു മില്ലിമീറ്റര്‍ നീളത്തില്‍ വെയ്ക്കാമെന്ന് നേരത്തേ അനുവാദമുണ്ടായിരുന്നു. ഇപ്പോഴിത് അര ഇഞ്ച് നീളമാക്കി മാറ്റിയിട്ടുണ്ട്. സിഖുകാര്‍ക്ക് ടര്‍ബന്‍ ധരിക്കാനും അനുമതിയുണ്ട്. കൂടാതെ മുസ്ലീം വനിത പോലീസുകാര്‍ക്ക് ഹിജാബ് ധരിക്കാനും അനുവാദം നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല