സ്വന്തം ലേഖകന്‍: മത വിദ്വേഷ പട്ടികയില്‍ ഇന്ത്യക്ക് നാലാം സ്ഥാനം, മുന്നില്‍ സിറിയയും നൈജീരിയയും ഇറാഖും മാത്രം. പ്യൂ റിസര്‍ച് സെന്റര്‍ എന്ന സ്വതന്ത്ര ഏജന്‍സിയുടെ പഠനത്തിലാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ്, വിവിധ യു.എന്‍ ഏജന്‍സികള്‍, സര്‍ക്കാറിതര സംഘടനകള്‍ എന്നിവയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘടന റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
10 ല്‍ 8.7 മാര്‍ക്ക് ഇന്ത്യ നേടിയപ്പോള്‍ സിറിയ 9.2 ഉം നൈജീരിയ 9.1 ഉം ഇറാഖ് 8.9 ഉം മാര്‍ക്കുകള്‍ നേടി. ഇസ്രായേല്‍, യമന്‍, റഷ്യ, അഫ്ഗാനിസ്താന്‍, പലസ്തീന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണ് മറ്റുള്ള മുന്‍നിരക്കാര്‍. മതവിദ്വേഷത്തെ തുടര്‍ന്നുള്ള അക്രമ സംഭവങ്ങള്‍, ജനക്കൂട്ട അതിക്രമങ്ങള്‍, സാമുദായിക ലഹളകള്‍, മതഭീകരവാദ സംഘടനകള്‍, മതസംഘടനകളുടെ പ്രവര്‍ത്തനത്തെ അടിച്ചമര്‍ത്തല്‍, മതപരമായ വസ്ത്രധാരണം ‘ലംഘിക്കുന്നതിന്’ സ്ത്രീകള്‍ക്കെതിരായ ദ്രോഹം, മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ തുടങ്ങിയ 13 കുറ്റകൃത്യങ്ങള്‍ പരിശോധിച്ചാണ് സാമൂഹിക വിദ്വേഷ സൂചിക തയാറാക്കിയത്.
ഹിന്ദുമുസ്ലിം മതവിഭാഗങ്ങള്‍ തമ്മിലുള്ള വിദ്വേഷമാണ് ഇന്ത്യയെ ‘മുന്നിലെത്തിച്ചതെ’ന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കാതായുന്‍ കിഷി ‘ഹഫിങ്ടണ്‍ പോസ്റ്റി’നോട് പറഞ്ഞു. ഗോവധവുമായി ബന്ധപ്പെട്ട് മുസ്ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍, സംഘട്ടനത്തില്‍നിന്ന് വര്‍ഗീയ ലഹളയിലേക്ക് പടരുന്ന സംഭവങ്ങള്‍, ഇരു മതക്കാരും അണിനിരക്കുന്ന ജനക്കൂട്ട അക്രമങ്ങള്‍ എന്നിവ ഇന്ത്യയുെട നില പരിതാപകരമാക്കിയെന്ന് അവര്‍ വ്യക്തമാക്കി.
മതത്തിനു മേല്‍ സര്‍ക്കാറിന്റെ നിയന്ത്രണം ഇന്ത്യയില്‍ 2015 ശേഷം വര്‍ധിച്ചതായി പഠനത്തില്‍ പറയുന്നു. മതവിശ്വാസത്തിലും മതപരിവര്‍ത്തനത്തിലും സര്‍ക്കാറിന്റെ ഇടപെടല്‍, ന്യൂനപക്ഷങ്ങളോട് സര്‍ക്കാറിന്റെ വിദ്വേഷം, വിവേചനത്തിനെതിരായ പരാതികളില്‍ നടപടിയെടുക്കാതിരിക്കല്‍ എന്നിവയും നിയന്ത്രണങ്ങളില്‍പ്പെടും. ന്യൂനപക്ഷങ്ങളുടെ മേലാണ് ഇന്ത്യയില്‍ അധികാരികളുടെ നിയന്ത്രണം കൂടുതലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
യൂറോപ്പിലെ 32 രാജ്യങ്ങളില്‍ മുസ്ലിംകള്‍ക്കെതിരെ ശക്തമായ വിവേചനം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. 19 രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ക്കെതിരെ അതിക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് ഹിന്ദുക്കള്‍ കൂടുതല്‍ അക്രമങ്ങള്‍ നേരിടുന്നത്. വിവേചനം നേരിടുന്നവരില്‍ ഏറെയും താഴ്ന്ന ജാതിക്കാരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല