ലണ്ടന്‍ : ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരേക്കാള്‍ മോശം പരിഗണനയാണ് റിമാന്‍ഡ് പ്രതികള്‍ക്ക് ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ജയിലുകളില്‍ കിട്ടുന്നതെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. നിലവില്‍ 29,400 ആളുകളാണ് കോടതിയുടെ പരിഗണനയിലുളള കേസുകളില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് ജയിലുകളില്‍ ഉളളത്. വിചാരണയ്ക്ക് ശേഷം കുറ്റക്കാരല്ലന്ന് കണ്ടുകഴിഞ്ഞാല്‍ പിന്നീട് കസ്റ്റഡിയില്‍ വക്കാനാകാത്തതിനാല്‍ അവരെ അതിവേഗം മോചിപ്പിക്കാറുണ്ടെന്ന് ജയിലിലെ ചീഫ് സൂപ്രണ്ട് അറിയിച്ചു.
ഒരു സമയത്ത് 12,000 മുതല്‍ 13,000 വരെ റിമാന്‍ഡ് പ്രതികളെയാണ് ജയിലില്‍ താമസിപ്പിക്കാന്‍ സൗകര്യമുളളത്. ശരാശരി ഒന്‍പത് ആഴ്ചയാണ് ഒരു റിമാന്‍ഡ് പ്രതിക്ക് ജയിലിനുളളില്‍ കഴിയേണ്ടി വരുക. ജയിലിലെ മൊത്തം അംഗങ്ങളുടെ പതിനഞ്ച് ശതമാനം വരും ഇവരുടെ അംഗസംഖ്യ. കാലങ്ങളായി നിലനില്‍ക്കുന്ന നിയമം അനുസരിച്ച് റിമാന്‍ഡ് പ്രതികള്‍ക്ക് ശിക്ഷ ലഭിച്ച പ്രതികളെ പോലെ അവകാശങ്ങളോ ആനുകൂല്യങ്ങളോ ലഭിക്കാറില്ല. റിമാന്‍ഡ് പ്രതികള്‍ക്ക് മറ്റുളളവരേക്കാള്‍ കുറച്ച് സഹായങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. മോചനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുളള സൗകര്യവും ഇവര്‍ക്ക് ജയിലില്‍ ലഭിക്കുന്നില്ല.
മുപ്പത്തിമൂന്ന് പ്രാദേശിക ജയിലുകളില്‍ നടത്തിയ സര്‍വ്വേ അനുസരിച്ചാണ് പ്രിസണ്‍സ് ഇസ്പക്ടറേറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഭൂരിഭാഗം റിമാന്‍ഡ് പ്രതികളും ആത്മഹത്യ ചെയ്യാനോ സ്വയം മുറിവേല്‍പ്പിക്കാനോ സാധ്യതയുണ്ടെന്നും ജയിലിലെത്തിയ ശേഷമാണ് ഇവര്‍ക്ക് ഇത്തരത്തില്‍ കടുത്ത വിഷാദം പിടിപെടുന്നതെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തി. എന്നാല്‍ ചുരുക്കം ചില റിമാന്‍ഡ് പ്രതികള്‍ക്ക് മാത്രമേ ശിക്ഷ ലഭിച്ചുകഴിഞ്ഞ പ്രതികളുമായുളള വ്യത്യാസം തിരിച്ചറിയുന്നുളളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പല റിമാന്‍ഡ് പ്രതികള്‍ക്കും ജയിലില്‍ ലഭിക്കേണ്ട ആനുകൂല്യങ്ങളെ കുറിച്ച് കാര്യമായ വിവരമില്ല.
അഞ്ചില്‍ രണ്ട് ജയിലുകളിലേയും തടവുകാര്‍ക്ക് വോട്ടവകാശം ലഭിക്കുന്നില്ലെന്നും പല ജയിലുകളിലും റിമാന്‍ഡ് പ്രതികള്‍ക്ക് സ്വന്തം വസ്ത്രം ധരിക്കാമെന്ന അവകാശം നടപ്പിലാക്കുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പലര്‍ക്കും ജാമ്യത്തിന് അപേക്ഷിക്കാനുളള അവസരമോ വിവരങ്ങളോ ലഭിക്കുന്നില്ല. ജയിലില്‍ നിന്ന് ഫോണ്‍ വിളിക്കാനുളള സൗകര്യമില്ലാത്തതിനാല്‍ വക്കീലുമായി പലര്‍ക്കും ബന്ധപ്പെടാനാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിമാന്‍ഡ് പ്രതികള്‍ക്കുളള സൗകര്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല