1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2012

വി സി സെബാസ്ത്യന്‍

ജനഹൃദയങ്ങളില്‍ ഇടമേകി ആ പുണ്യതേജസ് ദൈവസന്നിധിയിലായിട്ട് 2012 ഏപ്രില്‍1 ന് ഒരു വര്‍ഷമാകുന്നു. സൗമ്യതയുടെ മകുടോദാഹരണമായി, പുഞ്ചിരിയുടെമനോഹാരിതയില്‍ ശിശുവിന്റെ നൈര്‍മല്യത്തോടെ ആത്മീയതയുടെഉന്നതങ്ങളിലേയ്ക്ക് ലക്ഷോപലക്ഷം വിശ്വാസി സമൂഹത്തെ നയിച്ച ആത്മീയ ശ്രേഷ്ഠന്‍. പ്രായത്തേയും രോഗത്തേയും അതിജീവിച്ച് പരിശുദ്ധാത്മശക്തിയാല്‍ പ്രേഷിതചൈതന്യം അനേകായിരങ്ങളിലേയ്ക്ക് വാരിവിതറിയ പുണ്യനക്ഷത്രം കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍.

പ്രതിസന്ധികളുടെ കാലഘട്ടത്തില്‍ സീറോ മലബാര്‍ സഭയുടെ അമരക്കാരനായി ദൈവഹിതത്താല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുകയും, തിളച്ചുമറിഞ്ഞഅന്തരീക്ഷത്തില്‍ സൗമ്യതയുടെ മുഖപ്രസാദവുമായി സമാധാനത്തിന്റെ സന്ദേശവാഹകനായി തളരാതെ മുന്നേറിയ സഭാതലവന്‍. അടിയുറച്ചആദര്‍ശസൂക്ഷ്മതയുടേയും കുടുംബത്തില്‍ നിന്നും പകര്‍ന്നുകിട്ടിയ ആത്മീയ ചൈതന്യത്തിന്റേയും നിറവും തനിമയും ജീവിതത്തിന്റെ അവസാന നിമിഷം വരെയുംകാത്തുസൂക്ഷിച്ചു മാര്‍ വിതയത്തില്‍.

2011 ഏപ്രില്‍ 1ന് രാവിലെ ദിവ്യബലിയില്‍ സ്വയം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്ന അവസരത്തില്‍ഭൗതീകലോകത്തോട് വിടപറഞ്ഞ് ദൈവസന്നിധിയിലേയ്ക്ക് എടുക്കപ്പെടുമ്പോള്‍ നല്ലവനായ ദൈവത്തിന്റെ കാവലും കരുതലും അനുഭവിച്ചറിഞ്ഞ് പൂര്‍ണ്ണതയില്‍നിറയുകായിരുന്നു വിതയത്തില്‍ പിതാവ 1927 മെയ് 29ന് ജസ്റ്റിസ് ജോസഫ് വിതയത്തിലിന്റേയും ത്രേസ്യാമ്മയുടേയും മകനായി വടക്കന്‍ പറവൂരില്‍ ജനിച്ചുവീണ നാള്‍ മുതല്‍ 2011 ഏപ്രില്‍ 1വരെയുള്ള 84 വര്‍ഷം നീണ്ട ജീവിതയാത്രയില്‍ ദൈവിക കരങ്ങളിലെ പരിപാലനയുംദൈവവിളിയുടെ മഹത്വവും ഒട്ടേറെ അനുഭവിച്ചറിയുകയുണ്ടായി.

റിഡംപ്റ്ററിസ്റ്റ് സഭാംഗമായി 1954 ജൂണ്‍ 12ന് വൈദികപട്ടം, സീറോ മലബാര്‍ഹയരാര്‍ക്കിയുടെ ഉത്ഭവവും വളര്‍ച്ചയും എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്,കാല്‍ നൂറ്റാണ്ടോളം അദ്ധ്യാപക സേവനം, റിഡംപ്റ്ററിസ്റ്റ് സന്യാസസമൂഹത്തിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയറായി 6 വര്‍ഷം, 6 വര്‍ഷംബാംഗ്ലൂര്‍ ആശീര്‍വനം ബനഡിക്റ്റന്‍ ആശ്രമത്തിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍. പ്രവര്‍ത്തന മേഖലകളിലെല്ലാം നന്മകള്‍ വാരിവിതറിദൈവഹിതം നടപ്പാക്കിയപ്പോള്‍ മാര്‍പാപ്പ സീറോ മലബാര്‍ സഭയുടെഎറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായിനിയമിച്ചു.

1997 ജനുവരി 6 ന് മെത്രാഭിഷേകം. 1999 ഡിസംബര്‍ 23ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിപ്. 2001 ജനുവരി 21ന് കര്‍ദ്ദിനാള്‍പദവി. ഇങ്ങനെ സീറോ മലബാര്‍ സഭയ്ക്കും ഭാരതസഭയ്ക്കും ഒട്ടനവധി പുണ്യമുഹൂര്‍ത്തങ്ങള്‍ പകര്‍ന്നേകി മാര്‍ വിതയത്തില്‍, അഖിലേന്ത്യാകത്തോലിക്കാ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനെന്ന നിലയിലും ബനഡികറ്റ് പതിനാറാമന്‍ മാര്‍പാപ്പയെ തെരഞ്ഞെടുത്ത കര്‍ദ്ദിനാള്‍ കോണ്‍ക്ലേവിലെഅംഗമെന്ന നിലയിലും ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രഭചൊരിഞ്ഞു ആ ധന്യജീവിതം.

സീറോ മലബാര്‍ സഭയുടെ ശ്രേഷ്ഠമെത്രാപ്പോലീത്ത എന്ന നിലയില്‍ ഒന്നരപതിറ്റാണ്ടിനുള്ളില്‍ ഭാരതസഭയുടെ പല ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും ശക്തിയേകുവാനും ശബ്ദമാകുവാനും ആത്മീയ ചൈതന്യം പകര്‍ന്നേകുവാനും മാര്‍വിതയത്തിലിനായി. ഭാരത സഭയുടെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമകരണനടപടികളില്‍ സുപ്രധാന പങ്കുവഹിച്ചു. 2008 ഓഗസ്റ്റ് 12ന് വത്തിക്കാനില്‍അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങില്‍ പങ്കെടുക്കുവാന്‍റോമില്‍ എത്തിയെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ മൂലം നേരിട്ട്സാക്ഷിയാകുവാന്‍ കഴിഞ്ഞില്ല.

വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ മൃതസംസ്‌കാര ശുശ്രൂഷയില്‍ കാര്‍മ്മികത്വം വഹിക്കുവാന്‍ മാര്‍വിതയത്തിലിനു സാധിച്ചു. തേവര്‍പറമ്പില്‍ കുഞ്ഞച്ചനേയും എവുപ്രാസ്യമ്മയേയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന ചടങ്ങിലുംകാര്‍മ്മികത്വം വഹിക്കുവാന്‍ കഴിഞ്ഞത് സഭാ പിതാവ് എന്ന നിലയില്‍ ആത്മീയാനുഗ്രഹത്തിന്റെ ധന്യമൂഹൂര്‍ത്തങ്ങള്‍ തന്നെ.പ്രതിസന്ധികളില്‍ തളരാതെ അക്ഷോഭ്യനായി സൗമ്യതയുടെ ആള്‍രൂപമായി സീറോ മലബാര്‍ സഭയെ നയിക്കുവാന്‍ മാര്‍ വിതയത്തിലിനായി.

വാക്ചാതുര്യത്തേക്കാളുപരി ഹൃദയത്തിന്റെ ഉള്ളറകളില്‍ ചാലിച്ചെടുത്ത ആത്മാര്‍ത്ഥതയുടേയും, ദൈവസ്‌നേഹത്തില്‍ ആഴപ്പെട്ടപ്രാര്‍ത്ഥനാതീക്ഷ്ണതയുടേയും, അടിയുറച്ച ദൈവീക തീരുമാനങ്ങളുടേയും പതറാത്ത ശബ്ദമായിരുന്നു വിതയത്തില്‍ പിതാവ്. സഭയുടെ അല്മായ കമ്മീഷന്‍ സെക്രട്ടറിഎന്ന നിലയില്‍ അടുത്തിടപെടേണ്ടി വന്ന ഒട്ടേറെ സംഭവങ്ങളില്‍ ഇത് അനുഭവവേദ്യമാകുവാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട് ലോകത്തിന്റെ ഓട്ടങ്ങള്‍ക്കനുസരിച്ച് പിതാവ് ഓടുകയല്ലായിരുന്നു.

വിശുദ്ധ ഗ്രന്ഥത്തിലധികരിച്ച് വിവിധ വിഷയങ്ങളില്‍ സഭയുടെ നിലപാടുവ്യക്തമാക്കുകയായിരുന്നു. പലപ്പോഴും ഈ ഉറച്ച നിലപാടുകള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുമുണ്ട്. കത്തോലിക്കനായി എന്നതിന്റെ പേരില്‍ മാത്രം ഒരാള്‍ ദൈവത്തിന്റെ മുമ്പില്‍ നീതീകരിക്കപ്പെടുന്നില്ല. മറ്റുള്ളവരുടെ കണ്ണീരൊപ്പുന്നവര്‍ ഏതുരാഷ്ട്രീയ, സാമൂഹ്യ പ്രസ്ഥാനങ്ങളില്‍പ്പെട്ടവരാണെങ്കിലും ദൈവാനുഗ്രഹം ഏറ്റുവാങ്ങും. മനുഷ്യന്റെ ദുഃഖങ്ങളിലും വേദനകളിലും പങ്കുചേരുന്നആത്മീയ ശ്രേഷ്ഠനെയാണ് ഈ വാക്കുകളില്‍ നാം കാണുന്നത്. സഭയേയും സമൂഹത്തേയും ഉന്നതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി നയിച്ചവിതയത്തില്‍ പിതാവിന്റെ ജീവിതം മഹത്വവും വാക്കുകള്‍ ആധുനികതയുടെ ജീവിതത്തള്ളലില്‍ ലോകത്തിന്റെ ദുഃഖങ്ങളെ വിസ്മരിക്കുന്നവര്‍ക്കുംഅനീതിക്കും അഴിമതിക്കും കൂട്ടുനില്‍ക്കുന്നവര്‍ക്കും ആഡംബരതയുടെ പാതയില്‍ സഞ്ചരിക്കുന്നവര്‍ക്കും വെല്ലുവിളിയുമായിരുന്നു.

‘ലളിതജീവിതം ഉയര്‍ന്നചിന്ത’ ഇതായിരുന്നു ഈ ശ്രേഷ്ഠപിതാവിനെ മഹത്വമണിയിക്കുന്നത്. കടന്നുപോകുന്ന ലോകജീവിതത്തിന്റെ സുഖദുഃഖങ്ങളേക്കാളുപരി വരാനിരിക്കുന്നനിത്യജീവിതത്തിന്റെ നന്മകളാണ് സ്വന്തം ജീവിതത്തിലെ കണ്ടുമുട്ടലുകളില്‍ പലപ്പോഴും പിതാവ് പങ്കുവെച്ചത്.ഭൗതീകജീവിതത്തിന്റെ വിവിധ തലങ്ങളില്‍ നേട്ടങ്ങള്‍ കൊയ്‌തെടുക്കുമ്പോഴും ദൈവത്തെ കൈവിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മെ നാശത്തിലേയ്ക്കുനയിക്കുമെന്ന് പിതാവ് ആവര്‍ത്തിക്കാറുണ്ടായിരുന്നു. ആത്മീയ ജീവിതത്തിന്റെ അകത്തളങ്ങളില്‍ ദൈവത്തോടുള്ള വിശ്വസ്ഥത നഷ്ടപ്പെടുന്നമുഹൂര്‍ത്തങ്ങളെ പലപ്പോഴും പിതാവ് ചോദ്യം ചെയ്തിരുന്നു.

വിമര്‍ശനങ്ങളില്‍ തളരാതെ മുന്നേറുന്ന ആത്മീയതയും നിറകുടവുമായിരുന്നുവിതയത്തില്‍ പിതാവ്. കുറവുകള്‍ ചൂണ്ടിക്കാണിക്കുന്നതിനെ എന്നും പ്രോത്സാഹിപ്പിച്ചിരുന്നു. സത്യസന്ധമായി വിമര്‍ശനങ്ങളെവിലയിരുത്താറുണ്ട്. വിമര്‍ശനങ്ങളില്‍ തളരാതെ നന്മയെ സ്വീകരിച്ച് ദൈവിക വഴിയിലൂടെ മുന്നേറിയ ശ്രേഷ്ഠപിതാവിന്റെ നന്മയുടെ വാതായനങ്ങള്‍ എന്നുംതുറന്നിട്ടതായിരുന്നു.എന്റെ വാക്കുകള്‍ പലപ്പോഴും പലരും ദുര്‍വ്യാഖ്യാനിച്ചിട്ടുണ്ട്. ആക്ഷേപിച്ചിട്ടുമുണ്ട്. ആ ദിവസങ്ങളില്‍ ഞാന്‍ സുഖമായിഉറങ്ങിയിട്ടുമുണ്ട്.

ഞാന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ എനിക്ക് ഉറച ബോധ്യമുണ്ട്”. പിതാവിന്റെ ഈ വാക്കുകള്‍ ഇന്നും അല്മായപരവര്‍ത്തനമേഖലകളില്‍ ഒരു മാര്‍ഗ്ഗദീപമായി പ്രകാശിക്കുന്നു. പിതാവിന്റെ തീരുമാനങ്ങളിലെ ഉറച്ചബോധ്യമായിരുന്നു സഭയ്ക്കും സഹ പ്രവര്‍ത്തകര്‍ക്കും വിശ്വാസിസമൂഹത്തിനും എന്നും ശക്തിപകര്‍ന്നത്. സഭയ്ക്ക് രാഷ്ട്രീയമുണ്ടെന്നും ആ രാഷ്ട്രീയം കക്ഷി രാഷ്ട്രീയമല്ലെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും, വേദനിക്കുന്നവരെയും, തെരുവിലേയ്ക്ക് വലിച്ചെറിയപ്പെടുന്നവരെയും സംരക്ഷിക്കുന്നതാണെന്നുമുള്ള പിതാവിന്റെനലപാടിനെ ആര്‍ക്ക് എതിര്‍ക്കാനാവും.

സഭയെ അന്തമായി എതിര്‍ക്കുന്നവര്‍ സഭയെക്കുറിച്ച് ആദ്യം അറിയണമെന്നുള്ള ആഹ്വാനം, സഭയിലൂടെ നാനാ ജാതിമതസ്ഥരായ ജന സമൂഹത്തിലേയ്ക്ക് വര്‍ഷിക്കപ്പെടുന്ന നന്മകളെ കാണാന്‍ സാധിക്കാത്തവര്‍ക്കുള്ള മുന്നറിയിപ്പായിരുന്നു.സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ചെല്ലുമ്പോള്‍ ഗൃഹനാഥനെപ്പോലെ സ്‌നേഹത്തോടെ വിളിക്കുകയും ക്ഷേമം അന്വേഷിക്കുകയുംമാത്രമല്ല, ഭക്ഷണം കഴിച്ചോ എന്ന് ഉറപ്പാക്കുകയും ചെയ്യുമായിരുന്നു.

എളിമയുടെ ഉത്തമഉദാഹരണമായി സഭാ ആസ്ഥാനത്തുചേര്‍ന്ന ഓരോ സമ്മേളനങ്ങളിലുംകൂടിക്കാഴ്ചകളിലും പകരുന്ന സ്‌നേഹം അനിര്‍വ്വചനീയമായിരുന്നു. എല്ലാരും ഒറ്റക്കെട്ടായി ഒരുമിച്ചുചേര്‍ന്നുള്ള മുന്നേറ്റം അതായിരുന്നുപിതാവിന്റെ ലക്ഷ്യം. മനസ്സിലൊന്നും മറയ്ക്കാനില്ലാതെ തുറവിയുള്ള വാക്കുകള്‍. എടുക്കുന്ന തീരുമാനങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെഉറച്ചുനില്‍ക്കാനുള്ള പ്രതിബദ്ധത. പിതാവു പലപ്പോഴും ആവര്‍ത്തിക്കാറുള്ള വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നു. ‘പ്രാര്‍ത്ഥിച്ചെടുക്കുന്ന തീരുമാനങ്ങള്‍ദൈവീകമാണ്. മാനുഷികമായ എതിര്‍പ്പുകള്‍ താല്‍ക്കാലികം.

ഞാന്‍ എപ്പോഴും ദൈവീകമായ തീരുമാനത്തിന് എന്നെ വിട്ടുകൊടുക്കും. അതാണ് ശാശ്വതമായത്.ദൈവിക തീരുമാനത്തിനു മുന്നില്‍ മനുഷ്യ പദ്ധതികള്‍ എത്ര ദുര്‍ബ്ബലം്’. സഭയ്ക്കും സമൂഹത്തിനും വെളിച്ചമേകി, നന്മയുടെ വഴികള്‍ തുറന്നുകൊടുത്ത്മുന്നോട്ടുനയിച്ച പുണ്യതേജസിന്റെ പാവനസ്മരണയ്ക്കുമുന്നില്‍ പ്രാര്‍ത്ഥനയോടെ മിഴിനീര്‍പ്പൂക്കള്‍. മാര്‍ വിതയത്തിലിന്റെ ജീവിതദര്‍ശനങ്ങള്‍ എന്നുമെന്നും നിലനിര്‍ത്തുവാനും, വരുംതലമുറയ്ക്ക് പകര്‍ന്നേകുവാനും ബന്ധുമിത്രാദികളും സുഹൃത്തുക്കളും ചേര്‍ന്ന്കര്‍ദ്ദിനാള്‍ വിതയത്തില്‍ ഫൗണ്ടേഷ’ന് രൂപംനല്‍കിയിരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.