1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2024

സ്വന്തം ലേഖകൻ: യുഎഇയില്‍ കേസുകള്‍ – പിഴകള്‍ തുടങ്ങിയ നിയമപരമായ കാരണങ്ങളാല്‍ ഏര്‍പ്പെടുത്തപ്പെടുന്ന യാത്രാ നിരോധനം നീക്കാന്‍ ഇനി മുതല്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല. എല്ലാ ഓട്ടോമാറ്റിക്കായി സ്വമേധയാ സംഭവിക്കും. ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചതാണ് ഈ നിർണായക വിവരം.

ഇപ്പോള്‍ അതൊരു യാന്ത്രിക പ്രക്രിയയായി മാറിയെന്നും ട്രാവല്‍ ബാന്‍ നീക്കം ചെയ്യപ്പെടാന്‍ അര്‍ഹതയുള്ളവര്‍ ഇനി അതിനായി പ്രത്യേക അപേക്ഷകളും രേഖകളും സമര്‍പ്പിച്ച് കാത്തിരിക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. നേരത്തേ യാത്രാ നിരോധനം നീക്കം ചെയ്യുന്നതിന് ഒന്നിലധികം നടപടിക്രമങ്ങള്‍ രാജ്യത്ത് ആവശ്യമായിരുന്നു.

എന്നുമാത്രമല്ല, അതിനായി പല രേഖകളും ബന്ധപ്പെട്ട ഓഫീസുകളിൽ സമര്‍പ്പിക്കേണ്ട സ്ഥിതിയായിരുന്നു. എന്നാല്‍ ഇന്ന് അതൊന്നും ആവശ്യമില്ലെന്നും നിരോധനം നീക്കം ഓട്ടോമാറ്റിക്കായി സംഭവിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഒരാള്‍ക്കെതിരായ കേസില്‍ തീര്‍പ്പുണ്ടാവുകയോ ഫൈന്‍ അടയ്ക്കുക ഉള്‍പ്പെടെ യാത്രയ്ക്കുള്ള നിയമപരമായ തടസ്സങ്ങള്‍ ഇല്ലാതാവുന്ന മുറയ്ക്ക് പ്രത്യേക അപേക്ഷയോ രേഖകളോ സമര്‍പ്പിക്കാതെ തന്നെ ട്രാവല്‍ ബാന്‍ ലിഫ്റ്റ് ചെയ്യപ്പെടും.

അനാവശ്യ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന രാജ്യത്തെ സീറോ ഗവണ്‍മെന്റ് ബ്യൂറോക്രസി പ്രോഗ്രാമിന്റെ ഭാഗയമാണ് പുതിയ സംവിധാനം. ഈ സംരംഭത്തിന്റെ ഭാഗമായി, ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ നല്‍കുന്ന നിരവധി സേവനങ്ങള്‍ നീതിന്യായ മന്ത്രാലയം ലളിതമാക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് യാത്രാ വിലക്കുകള്‍ നീക്കം ചെയ്യല്‍ ഓട്ടാമാറ്റിക്കാക്കിയ നടപടി.

പുതിയ സംവിധാനം നിലവില്‍ വന്നതോടെ നേരത്തേ യാത്രാ നിരോധനം നീക്കിക്കിട്ടാന്‍ ആവശ്യമായിരുന്ന ഒൻപത് നടപടിക്രമങ്ങള്‍ പൂര്‍ണമായും ഇല്ലാതായി. രേഖകളുടെ ആവശ്യം ഒഴിവാക്കി. നേരത്തേ അപേക്ഷ നല്‍കിയ ശേഷം ഒരു പ്രവൃത്തി ദിവസം നിരോധനം നീങ്ങിക്കിട്ടുന്നതിനായി കാത്തിരിക്കേണ്ടിയിരുന്നത് ഒഴിവാക്കി. പുതിയ സംവിധാനത്തില്‍ നിയമപരമായ തടസ്സം നീങ്ങുന്ന അതേനിമിഷം തന്നെ സിസ്റ്റത്തില്‍ നിന്ന് വ്യക്തിക്കെതിരായ യാത്രാ നിരോധനവും ഇല്ലാതാകുന്ന രീതിയിലാണ് പുതിയ സംവിധാനം.

സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിലും കുറയ്ക്കുന്നതിലും അനാവശ്യ നടപടിക്രമങ്ങളും ആവശ്യകതകളും റദ്ദാക്കുന്നതിലും സുപ്രധാന ചുവടുവയ്പ്പാണ് യാത്രാ നിരോധനം ഓട്ടോമാറ്റിക് രീതിയിലേക്ക് മാറ്റിയതിലൂടെ സാധ്യമായതെന്ന് നീതിന്യായ മന്ത്രാലയം എക്സില്‍ കുറിച്ചു.

അനാവശ്യമായ നടപടികളും ആവശ്യകതകളും നീക്കം ചെയ്തുകൊണ്ട് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ലളിതമാക്കാനും കാര്യക്ഷമമാക്കാനും ലക്ഷ്യമിടുന്നതാണ് സീറോ ബ്യൂറോക്രസി പ്രോഗ്രാം. ഇതുപ്രകാരം 2,000 സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ഒഴിവാക്കിയും ആവശ്യമായ സമയം 50 ശതമാനമെങ്കിലും കുറച്ചും ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ അനാവശ്യ വ്യവസ്ഥകളും ആവശ്യങ്ങളും ഒഴിവാക്കാനാണ് പദ്ധതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.