സ്വന്തം ലേഖകന്‍: ‘ചില സിനിമകള്‍ ഞാന്‍ പണത്തിന് വേണ്ടിയാണ് ചെയ്യുന്നത്, ചിലത് അഭിനിവേശത്തിന്റെ പുറത്തും,’ വിജയ് സേതുപതി ചിത്രത്തില്‍ പോണ് നടയായി രമ്യാ കൃഷ്ണന്. വിജയ് സേതുപതി, സമന്ത, ഫഹദ് ഫാസില്‍, രമ്യ കൃഷ്ണന് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സൂപ്പര്‍ ഡിലക്സിന്റെ ട്രെയ്ലറും ടീസറിനുമെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചത്. ശില്‍പ്പ എന്ന ട്രാന്സ്വുമണിന്റെ വേഷത്തിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്.
തെന്നിന്ത്യന്‍ താരം രമ്യ ചിത്രത്തില്‍ ഒരു പോണ് നടിയുടെ വേഷത്തിലാണ് എത്തുന്നത്. സിനിമാ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമാണ് സൂപ്പര്‍ ഡിലക്സില്‍ താന്‍ കൈകാര്യം ചെയ്തതെന്ന് രമ്യ പറയുന്നു. ലീല എന്നാണ് രമ്യയുടെ കഥാപാത്രത്തിന്റെ പേര്.
‘ചില സിനിമകള്‍ ഞാന്‍ പണത്തിന് വേണ്ടിയാണ് ചെയ്യുന്നത്, ചിലത് അഭിനിവേശത്തിന്റെ പുറത്തും. സൂപ്പര്‍ ഡിലക്സിലെ ലീല എന്ന കഥാപാത്രം ഞാന്‍ പണത്തിന് വേണ്ടി ചെയ്യുന്നതല്ല. അതെന്റെ വലിയ ആഗ്രഹമാണ്’ ദ ഹിന്ദുവിന് നല്കിയ അഭിമുഖത്തില്‍ രമ്യ പറയുന്നു.
ലീലയെ അവതരിപ്പിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത് നദിയ മൊയ്തുവിനെയായിരുന്നു. പിന്നീടാണ് കഥാപാത്രം രമ്യയിലേക്ക് എത്തുന്നത്. രമ്യ ലീലയെ മനോഹരമായി അവതരിപ്പിച്ചുവെന്ന് സംവിധായകന് ത്യാഗരാജന് കുമാരരാജ പറയുന്നു.
കുമാരരാജയുടെ കഥയ്ക്ക് മിഷ്കിന്, നളന് കുമാരസ്വാമി, നീലന് കെ.ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുവന് ശങ്കര്‍രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 29 ന് സൂപ്പര്ഡിലക്സ് പ്രദര്‍ശനത്തിനെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല