“ഉത്തരംമുട്ടിയാല്‍ ഉമ്മന്‍ ചാണ്ടി എന്തുചെയ്യും? അന്ധമായ രാഷ്ട്രീയമുള്ള കൊണ്ഗ്രസ്സുകാര്‍ ഈ വാര്‍ത്ത വായിക്കരുത്” എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയോടും, അതിന്റെ ഉള്ളടക്കത്തെയും പിന്നാമ്പുറങ്ങളേയുംകുറിച്ചും തികഞ്ഞ നിഷ്പക്ഷതയോടെ ഒരു മറുപടി.
ഒരു അഭിമുഖം നടത്തുന്ന മാധ്യമ പ്രവര്‍ത്തകന്റെ തോല്‍വിയാണ് അഭിമുഖകാരന്‍ നിന്നോടു സംസാരിയ്ക്കില്ല എന്ന് പറഞ്ഞു അഭിമുഖം നിര്‍ത്തുന്നത്. അങ്ങനെ നോക്കുമ്പോള്‍ വമ്പനെന്ന അവകാശവാദമുയര്‍ത്തിയ വേണുവിന്റെ കൊമ്പൊന്നൊടിഞ്ഞോ എന്നുമൊരു സംശയം! ഒരു പരിധി വരെ അതു നന്നായി. അച്യുതാനന്ദനോ, ഉമ്മന്‍ ചാണ്ടിയോ എന്നല്ല, ആരോടായാലും മാദ്ധ്യമം എന്നൊരു ഓലപ്പാമ്പ് കാട്ടി പേടിപ്പിയ്ക്കുന്നത് ഒരുതരം “ബ്ലാക്ക്‌മെയില്‍” തന്ത്രമാണ്. എന്നാല്‍ ഇതുകൊണ്ട് മാദ്ധ്യമം ആരുടെയും മേക്കിട്ടുകേറാനുള്ളതല്ല എന്നറിയിച്ചു എന്നതും ശരിയല്ലേ?
ദയവായി എന്നെയൊരു പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടിയുടെ വക്താവായി ചിത്രീകരിയ്ക്കരുത്. രാഷ്ട്രീയം നല്ലതാണ് പക്ഷെ ഇന്ന് ഭാരതത്തിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിയുടെയും സൈദ്ധാന്തിക അടിത്തറയില്‍ നിലകൊള്ളാത്ത “വെറും രാഷ്ട്രീയത്തൊഴിലാളികളാണ്”. പൊതു പ്രവര്‍ത്തകര്‍ എന്ന പേരില്‍ ഖദറിട്ടും ഇടാതെയും നിറമുള്ളതിട്ടും ഇടാതെയും ഒക്കെ അവനവന്റെ പള്ള വീര്‍പ്പിയ്ക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിനേതാക്കന്മാരെന്ന വര്‍ഗ്ഗത്തിലെ തൊണ്ണൂറു ശതമാനവും, (എല്ലാം കഴുതകള്‍ എന്ന ഓമനപ്പേരില്‍ അവര്‍ വിളിയ്ക്കുന്ന നികുതിദായകന്റെ -പൊതുജനത്തിന്റെ, വിയര്‍പ്പിന്റെ വിലയെന്ന ചോരയൂറ്റിക്കുടിയ്ക്കുന്ന പോത്തട്ടകള്‍! അത്രേയുള്ളൂ..) നല്ലവര്‍ കഷ്ടിച്ചു വെറും പത്തു ശതമാനം മാത്രമേയുള്ളൂ എന്നു വിശ്വസിയ്ക്കുന്ന സാധാരണക്കാരനായ ഒരു മലയാളി മാത്രമാണ് ഞാന്‍.
ആ അഭിപ്രായം മനസ്സില്‍ വച്ചുകൊണ്ട് തന്നെ, ഈ വിഷയം ചര്‍ച്ച ചെയ്യുന്നത് ഒരു മാധ്യമപ്രവര്‍ത്തകന്റെ ധാര്‍ഷ്ട്യത്തെക്കുറിച്ചാണ്. ഒരു ഉത്തരവാദിത്തമുള്ള സ്ഥാനത്തോടുള്ള ബഹുമാനം ചോദ്യങ്ങളില്‍ ഉണ്ടാവേണ്ടതായിരുന്നു. അത്രമാത്രം.
ചോദിച്ച പല ചോദ്യങ്ങളും നമുക്കൊക്കെ അറിയേണ്ടത് തന്നെ. അതില്‍ സംശയമില്ല. പക്ഷെ, ചോദിച്ച രീതി, അതില്‍ തെറ്റുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിയെ കുറ്റവിചാരണയ്ക്കു വിളിയ്ക്കാന്‍ വേണുവിനോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു കച്ചവടപ്രസ്ഥാനത്തിന്റെ വക്താവിനോ അര്‍ഹതയുണ്ടോ? ഒരു സംസ്ഥാനത്തിന്റെ ഭരണം നിര്‍ഹിയ്ക്കുന്ന ചുമതല ജനങ്ങള്‍ ഏല്‍പ്പിച്ചു കൊടുത്ത ഒരുത്തതരവാദിത്തപ്പെട്ട സ്ഥാനത്തിരിയ്ക്കുന്ന വ്യക്തിയെ അതാരായാലും തേജോവധം ചെയ്യുക എന്നത് ഒരു ശരിയായ കീഴ്വഴക്കമാണെന്നു തോന്നിയില്ല. മാദ്ധ്യമപ്രവര്‍ത്തകന്റെ ജോലി (ജീവിതമാര്‍ഗ്ഗം) ചെയ്യുന്നയാള്‍ തികഞ്ഞ ഇടതുപക്ഷ ചായ്‌വുള്ള ആളായതു കൊണ്ടു പ്രത്യകിച്ചും.
അമ്മേതല്ലിയാലും രണ്ടു പക്ഷം! ഇറങ്ങിപ്പോയി എന്നത് സത്യം തന്നെ. അതാണ് മാന്യത. നുണ പറഞ്ഞു വിളിച്ചു കൊണ്ടു വന്നത് വേണുവിന്റെ മഹത്വം കണ്ടല്ലല്ലോ. ഈ മാദ്ധ്യമ വീരന്മാര്‍ക്കു ഒരു കൊട്ട് കിട്ടേണ്ടത് അത്യാവശ്യമായിരുന്നു. ഇല്ലാത്ത പുകിലുണ്ടാക്കി, തങ്ങളുടെയോ, തങ്ങളെ താങ്ങിനിര്‍ത്തുന്നവരുടെയോ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കു വേണ്ടി, അല്ലെങ്കില്‍ വെറും കച്ചവട മനസ്സോടെമാത്രം മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വിവാദങ്ങളുണ്ടാക്കി ആളുകളെ തമ്മില്‍ തല്ലിയ്ക്കുന്നതിന്റെ വലിയൊരു പങ്കും ഈ വിവാദകുമാരന്മാര്‍ക്കാണ്. മാദ്ധ്യമധര്‍മ്മം എന്ന വലിയ ഉത്തരവാദിത്തം ലാഭേച്ഛയില്‍ കുഴിച്ചു മൂടിയ കിരാതരായാണ് പലപ്പോഴും മാധ്യമപ്രവര്‍ത്തകരും അവരുടെ കുത്തക മുതലാളിമാരും കാണപ്പെടുന്നത്. “ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ കഥ” ഇവിടെ ഒരുദാഹരണം മാത്രം!. ഇതിനൊരു കൂച്ചുവിലങ്ങ് വേണ്ടതായിരുന്നു.
ഇവിടെ ചര്‍ച്ച ചെയ്യുന്നത്, വേണു നല്ലതാണോ അല്ലയോ എന്നുള്ളതല്ല. “ഇത്തിരി കൂടുതല്‍” ആ…ണോ എന്നത് മാത്രമാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയോടാണ് ചോദ്യമെങ്കില്‍ ആ ബഹുമാനം കൊടുത്തു തന്നെ ചോദിയ്ക്കണം. അച്യുതാനന്ദന്‍ ആ സ്ഥാനത്തിരുന്നപ്പോള്‍ അങ്ങനെ തന്നെ. അതില്‍ രാഷ്ട്രീയപ്പാര്‍ട്ടി വിഷയമാകരുത്. “കേരളത്തിന്റെ മുഖ്യമന്ത്രി” അത് മാത്രമാണ് വിഷയം. അല്ലെങ്കില്‍ ഒരു തര്‍ക്കിയ്ക്കലിലേക്ക് വിളിക്കണം. അപ്പോള്‍ വിഷയം തര്‍ക്കം തന്നെ ആണല്ലോ.
തെറ്റെപ്പോഴും തെറ്റ് തന്നെയാണ്. പക്ഷെ ഇവിടെ ഈ അഭിമുഖത്തിലെ തെറ്റ് ശ്രീ വേണുവിന്റെ ഭാഗത്താണ് അതുകൊണ്ടു തന്നെ റിപ്പോര്‍ട്ടര്‍ ചാനലിന്റെയും. ബഹുമാന്യനായ കേരളാ മുഖ്യമന്ത്രിയെ വെറും ഒരു രാഷ്ട്രീയക്കാരനായിക്കണ്ടു സംസാരിച്ചു എന്നതാണ് തെറ്റ്.
ഉത്തരം മുട്ടുക എന്നൊന്ന് ആ കണ്ട അഭിമുഖത്തില്‍ ഉണ്ടായിരുന്നില്ല. മറിച്ച്, വേണുവിനു വേണ്ട ഉത്തരം പറയിപ്പിച്ചേ അടങ്ങൂ എന്ന വാശി ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് വളരെ ആക്ഷേപകരമായിതോന്നിയെന്നും അതുകൊണ്ടു നല്ല ഭാഷയില്‍ തന്നെ വിവാദങ്ങളാണ് നിങ്ങള്‍ക്കാവശ്യം, അതിനു ഞാന്‍ തയാറല്ല, നൂറുദിന പരിപാടിയെക്കുറിച്ച് ചോദിയ്ക്കാന്‍ എന്നാണു പറഞ്ഞത്, അതില്‍നിന്നു വ്യതിചലിയ്ക്കുന്നത് കൊണ്ടും, വിവാദങ്ങള്‍ക്ക് ഉദ്ദേശമില്ലാത്തത് കൊണ്ടും തുടരുന്നില്ല എന്ന് വളരെ മാന്യമായി പറഞ്ഞു പോയതായി തോന്നി. രാഷ്ട്രീയക്കാരനായല്ല വേണു അദ്ദേഹത്തെ ഇപ്പോള്‍ കാണേണ്ടതും സംസാരിയ്ക്കേണ്ടതും. അദ്ദേഹം കേരളത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്. ആ ബഹുമാനം നല്‍കാതിരുന്നത് തീര്‍ച്ചയായും തെറ്റ് തന്നെ.
ഇറങ്ങിപ്പോകാതെ, ശ്രീ ഉമ്മന്‍ ചാണ്ടിയ്ക്ക് പറഞ്ഞതില്‍ കൂടുതല്‍ പ്രതികരിയ്ക്കുന്നില്ല എന്നു പറഞ്ഞു അഭിമുഖം അവസാനിപ്പിയ്ക്കാമായിരുന്നു എന്ന വാദഗതിയോടാണെനിക്കു യോജിപ്പെങ്കിലും, അവിടെ ഇരുന്നത് അച്യുതാനന്ദനോ പിണറായി വിജയനോ ആയിരുന്നെങ്കില്‍ വേണു അങ്ങനെ പെരുമാറുമായിരുന്നോ എന്ന് ചിന്തിയ്ക്കുന്നതും ഉചിതമായിരിയ്ക്കും. കമ്മ്യൂണിസ്ട്ടു പാര്‍ട്ടിയുടെ പതിവ് രീതികള്‍ വച്ച് നോക്കിയാല്‍ ആ ഭയം ഉമ്മന്‍ ചാണ്ടിയോട് ഇല്ലാത്തത് കൊണ്ടു കൊത്തി നോക്കി, (നെയ്യപ്പം തിന്നാല്‍ രണ്ടുഗുണം എന്ന് പറയുമ്പോലെ; റിപ്പോര്‍ട്ടര്‍ ചാനലിനു വിവാദം കൊണ്ടൊരു ഉയര്‍ച്ചയും തടികേടാകത്തില്ല എന്ന ഉറപ്പും) അതിനു സ്വതസിദ്ധമായ ചിരിയോടെ അദ്ദേഹം മറുപടി നല്‍കി. അങ്ങനെയല്ലേ കരുതേണ്ടത്? അതല്ലേ നഗ്നസത്യം?
റിപ്പോര്‍ട്ടര്‍ ചാനലിന്റെ എല്ലാമായ ശ്രീ.നികേഷ്കുമാറിന്റെ കഴിവുകളില്‍ ഒരു സംശയവുമില്ല. പക്ഷെ, വര്‍ഷങ്ങള്‍ കൊണ്ടു നികേഷുണ്ടാക്കിയെടുത്ത പെരുമയുടെ തണലില്‍ ജീവിച്ചു തുടങ്ങുന്ന വേണു, പൊട്ടക്കിണറ്റിലെ തവളയെപ്പോലെ ഞാനാണ് വലുത് എന്നും, എന്തുമാവാം എന്നും തെറ്റിദ്ധരിച്ചു പോയി എന്നു തോന്നുന്നു.
അടിക്കുറിപ്പ്: ഇത്തരം വിവേകമില്ലാത്ത പ്രവര്‍ത്തി കാട്ടുന്ന വേണുമാര്‍ (രണ്ജിനീ ഹരിദാസ് എന്നൊരുത്തി, ഏഷ്യാനെറ്റിലെ ഐഡിയാ സ്റ്റാര്‍ സിങ്ങര്‍ അവതരണത്തിലൂടെ അവതാരകരില്‍ മംഗ്ലീഷു സംസ്കാരം എയിഡ്സ് പരക്കുന്നത് പോലെ പരത്തി മലയാള ഭാഷയുടെ മാനത്തിനു വിലപറയുന്നതുപോലെ തന്നെ), മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് അപമാനമാണ് എന്നാണെന്റെ എളിയ അഭിപ്രായം.
ജേക്കബ് കോയിപ്പള്ളി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല