സ്വന്തം ലേഖകന്‍: സുരക്ഷാ പുതപ്പ് പുതച്ച് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു, ഡല്‍ഹിയില്‍ റിപ്പബ്ലിക് പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് മുഖ്യാഥിതി. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പുകളെ തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹത്തിലാണ് രാജ്യം ഇന്ന് 67 മത് റിപ്പബ്‌ളിക് ദിനം ആഘോഷിക്കും.
ഡല്‍ഹിയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. റിപ്ബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡിന്റെ സാന്നിധ്യവും ഭീകരരെന്ന് പറയപ്പെടുന്ന അഞ്ചുപേര്‍ അറസ്റ്റിലായതും ആക്രമണ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുമാണ് ഇത്തവണ പതിവില്‍ കൂടുതല്‍ സുരക്ഷ ശക്തമാക്കാന്‍ കാരണമായത്.
നഗരത്തില്‍ 40,000 പൊലീസ്, അര്‍ധസൈനിക വിഭാഗങ്ങളെ കാവലിന് മാത്രമായി വിന്യസിച്ചിട്ടുണ്ട്. വിജയ് ചൗക്ക് വ്യോമ നിരോധിതമേഖലയായി പ്രഖ്യാപിച്ചതിനു പുറമെ ഉപരിതലവ്യോമ മിസൈലുകളും ഡല്‍ഹിയുടെ പല ഭാഗങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കരസേനയും ശക്തമായ മുന്നൊരുക്കം നടത്തിയിട്ടുണ്ട്.
വിമാനത്താവളങ്ങളിലും മെട്രോ സ്റ്റേഷനുകളിലും സുരക്ഷ കര്‍ക്കശമാക്കി. ഡല്‍ഹിയിലെ ഷോപ്പിങ് മാളുകളിലും പൊതുസ്ഥലങ്ങളിലും ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്. ഇതേ തുടര്‍ന്ന്, ഭീകരരെന്ന് പറയപ്പെടുന്നവരുടെ നിരവധി ചിത്രങ്ങള്‍ ഡല്‍ഹിയിലെ മെട്രോ സ്റ്റേഷന്‍, റയില്‍വേ സ്റ്റേഷന്‍, ബസ് ടെര്‍മിനലുകളിലെല്ലാം പതിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല