1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2024

സ്വന്തം ലേഖകൻ: യുഎസ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി ഡൊണാൾഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ വ്യക്തമായ പിന്തുണ ലഭിച്ചതോടെയായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. ഒഹായോയിൽനിന്നുള്ള സെനറ്ററായ ജെഡി വാൻസിനെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായും പ്രഖ്യാപിച്ചിട്ടുണ്ട്.

സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ, നോർത്ത് ഡക്കോട്ട ഗവർണർ ഡഗ് ബേർഗം എന്നിവരെ പിന്തള്ളിയാണ് മുപ്പത്തൊൻപതുകാരനായ വാൻസിനെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയാക്കിയത്. ഒരുകാലത്ത് ട്രംപിന്‍റെ നയങ്ങൾക്കെതിരെ പരസ്യനിലപാടുകൾ സ്വീകരിച്ചിരുന്ന ആളായിരുന്നു വാൻസ്‌. “ട്രംപ് ഒരു ക്രൂരനായ കഴുതയാണ് … അല്ലെങ്കിൽ അദ്ദേഹം അമേരിക്കയുടെ ഹിറ്റ്‌ലറാണെന്ന് ഞാൻ ചിന്തിക്കുന്നു” എന്ന് നേരത്തെ ഒരു സുഹൃത്തിനയച്ച സ്വകാര്യ ഇമെയിലിൽ വാൻസ് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് നിലപാടുകൾ മാറ്റുകയും ട്രംപിന്‍റെ നയങ്ങൾ പിന്തുടരുകയും ചെയ്തു. നിലവിൽ റിപ്പബ്ലിക്കൻ ക്യാമ്പിലെ പ്രധാനികളിൽ ഒരാളാണ് അദ്ദേഹം.

ഒഹായോയിലെ മിഡിൽടൗണിലെ ഒരു ദരിദ്ര കുടുംബത്തിൽ ആണ് വാൻസ് ജനിച്ചത്. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യേൽ ലോ സ്കൂൾ എന്നിവിടങ്ങളിൽനിന്നു ബിരുദങ്ങൾ നേടി.യുഎസ് സൈനികനായി ഇറാഖിൽ ഉൾപ്പെടെ പ്രവർത്തിച്ചിട്ടുണ്ട്. 2021 ൽ രാഷ്ട്രീയപ്രവേശം നടത്തിയ അദ്ദേഹം യുഎസ് രാഷ്ട്രീയത്തിൽ ഒരു പുതുമുഖമാണ്. സെനറ്ററായുള്ള പൊതുതിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ടിം റയാനെയാണ് പരാജയപ്പെടുത്തിയത്. 2022 ലെ സെനറ്റ് മത്സരത്തിൽ വാൻസ്‌ ട്രംപിന്റെ പിന്തുണ തേടിയിരുന്നു.

‘ഹിൽബില്ലി എലിജി’ എന്ന ജെഡി വാൻസിന്റെ ഓർമക്കുറിപ്പ് യുഎസിൽ വളരെ ശ്രദ്ധേയമായിരുന്നു. മിഡിൽടൗണിലെ ബാല്യകാലവും കുടുംബത്തിന്‍റെ അപ്പലാച്ചിയൻ മൂല്യങ്ങളും പങ്കുവെക്കുന്ന ഓർമക്കുറിപ്പ് ന്യൂയോർക്ക് ടൈംസിന്‍റെ ബെസ്റ്റ് സെല്ലറായിരുന്നു.ഇന്ത്യൻ വംശജയും യുഎസ് സർക്കാരിൽ അറ്റോർണിയുമായ ഉഷ ചിലു​കുരിയാണ് വാൻസിന്റെ ഭാര്യ.

സാമൂഹ്യ മാധ്യമങ്ങളിലൂടെ വാൻസിനെ പ്രശംസിച്ച് ട്രംപ് രംഗത്ത് വന്നിരുന്നു. തന്‍റെ വൈസ് പ്രസിഡന്‍റാകാൻ ഏറ്റവും അനുയോജ്യമായ വ്യക്തി വാൻസാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. തൊഴിലാളികൾക്കും കർഷകർക്കും വാൻസ് ഒരു ചാമ്പ്യനാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തുടർച്ചയായ മൂന്നാം തവണയാണ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. 2016ൽ വിജയിക്കുകയും 2020ൽ പ്രസിഡൻ്റ് ജോ ബൈഡനോട് തോൽക്കുകയും ചെയ്തു. അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് അനുസരിച്ച്, ഫ്ലോറിഡയിൽ നിന്നുള്ള വോട്ടുകൾ നേടിയാണ് അദ്ദേഹം പരിധി കടന്നത്. റിപ്പബ്ലിക്കൻ ക്യാമ്പ് ആത്മവിശ്വാസത്തിലും ആഹ്ലാദത്തിലുമാണെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.