സ്വന്തം ലേഖകന്‍: ട്രംപ് ലോകത്തെ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് തള്ളിവിടുമെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍ ബോബ് കോര്‍ക്കര്‍, ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ വിമത നീക്കം ശക്തമാകുന്നു. ന്യൂയോര്‍ക്ക് ടൈംസിനു നല്കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ള കോര്ക്കറിന്റെ വിമര്‍ശനം. ഉത്തര കൊറിയ, ഇറാനുമായുള്ള ആണവകരാര്‍ തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥത പുകയുകയാണെന്നു വ്യക്തമാക്കുന്നതാണു കോര്ക്കറിന്റെ പ്രസ്താവന.
സെനറ്റിന്റെ വിദേശകാര്യ സമിതി ചെയര്മാന് കൂടിയായ കോര്‍ക്കര്‍ തിരഞ്ഞെടുപ്പില്‍ ട്രംപിനെ പിന്തുണച്ചിരുന്നു. വൈസ് പ്രസിഡന്റ്, സ്റ്റേറ്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് അന്ന് കോര്‍ക്കറുടെ പേര് പറഞ്ഞു കേട്ടെങ്കിലും പിന്നീട് തഴയപ്പെടുകയായിരുന്നു. അടുത്തിടെയാണു റിപ്പബ്ലിക്കന്‍ പാളയത്തിലെ ട്രംപിന്റെ ഏറ്റവും വലിയ വിമര്‍ശകരുടെ പാളയത്തിലേക്ക് കോര്‍ക്കറും എത്തിയത്.
രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന റെക്സ് ടില്ലേര്സണെ പോലുള്ളവര്ക്കാണു തന്റെ പിന്തുണയെന്നും കോര്‍ക്കര്‍ പറഞ്ഞു. പ്യോങ്യാങ് നേതാക്കളുമായി ചര്‍ച്ച നടത്താന്‍ തങ്ങള്‍ക്കു വിവിധ വഴികളുണ്ടെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഉത്തര കൊറിയയുമായി ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാനുള്ള സമയം കഴിഞ്ഞു എന്നായിരുന്നു ട്രംപിന്റെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല