സ്വന്തം ലേഖകന്‍: കുരങ്ങു ഭാഷയുടെ രഹസ്യപ്പൂട്ട് പൊളിച്ച് ഫ്രാന്‍സിലെ ഒരു സംഘം ഗവേഷകര്‍. ഫ്രാന്‍സിലെ നാഷനല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചിലെയും ന്യൂയോര്‍ക് സര്‍വകലാശാലയിലേയും ഗവേഷകര്‍ പ്രഫസര്‍ ഫിലിപ് ഷെല്ങ്കറിന്റെ നേതൃത്വത്തിലാണ് കുരങ്ങന്മാരുടെ ഭാഷയില്‍ ഗവേഷണം നടത്തുന്നത്. പരസ്പരം അപകട മുന്നറിയിപ്പുകള്‍ നല്കുമ്പോഴും മറ്റു രീതിയില്‍ വിവരങ്ങള്‍ കൈമാറുമ്പോഴും ചില പ്രത്യേകരീതിയിലുള്ള ശബ്ദങ്ങള്‍ ഉപയോഗിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി.
നിലവില്‍ ഭാഷാശാസ്ത്രജ്ഞന്മാര് പിന്തുടരുന്ന രീതികളുപയോഗിച്ച് ആദിമമനുഷ്യരുടെയും ഗോറിലകളുടെയും ആശയവിനിമയ മാര്‍ഗങ്ങളെ പഠനവിധേയമാക്കിയായിരുന്നു ഗവേഷണം. അപകടസൂചന നല്കാന് ഭൂരിപക്ഷം കുരങ്ങുവര്‍ഗവും ‘ഹോക്’, ക്രാക് എന്നീ ശബ്ദങ്ങളാണ് ഉണ്ടാക്കുന്നതെന്ന് പഠനങ്ങളില്‍ കണ്ടത്തെിയിട്ടുണ്ട്. ഇവയുടെ കൂടെ ‘ഊ’ എന്ന ശബദം ചേരുമ്പോള്‍ അതിന്റെ അര്ഥത്തിന് വ്യതിയാനം വരുന്നതായും കണ്ടത്തെി. ഇത്തരത്തില്‍ പടിപടിയായി ഭാഷയെ മനസ്സിലാക്കിയെടുക്കാനാണ് ഗവേഷകരുടെ ശ്രമം.
കുരങ്ങന്മാര് പുറപ്പെടുവിക്കുന്ന ‘ഹോക്’ എന്ന ശബ്ദം കഴുകന്മാര് പോലുള്ള ശത്രുക്കളെ കാണുമ്പോള്‍ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പും ‘ഹോക്ഊ’ എന്ന ശബ്ദം പൊതുവെ മുകള്‍ഭാഗത്തുനിന്ന് വരുന്ന ശത്രുവിനെ കുറിച്ചുള്ള മുന്നറിയിപ്പുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ‘ഊ’ എന്ന ശബ്ദം അത്ര ഗൗരവമല്ലാത്ത മുന്നറിയിപ്പുകളായാണ് ഉപയോഗിക്കുന്നത്. അതേസമയം, ‘ക്രാക്’ എന്ന ശബ്ദം പുലിയും കടുവയും പോലുള്ള ശത്രുക്കളെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്നാണ് ഗവേഷകര്‍ കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല