സ്വന്തം ലേഖകന്‍: പുതിയ 500 രൂപാ നോട്ടുകളെത്തി, വിതരണം എടിഎമ്മുകളിലൂടെ മാത്രം, വായ്പകള്‍ തിരിച്ചടക്കുന്നതിന് 60 ദിവസം കൂടി ഇളവു നല്‍കി റിസര്‍വ് ബാങ്ക്. ബാങ്ക് കൗണ്ടറുകളില്‍ നിന്നും 500 ന്റെ നോട്ടുകള്‍ ഉടന്‍ ലഭ്യമാക്കേണ്ടതില്ലെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം.
നിലവില്‍ നഗര പ്രദേശങ്ങളിലെ എ.ടി.എമ്മുകളില്‍ ഏറെയും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട് എങ്കിലും പലതിലൂടെയും ലഭ്യമായിക്കൊണ്ടിരിക്കുന്നത് 2000 ന്റെ നോട്ടുകളാണ്. ഇത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഈ സ്ഥിതികണക്കിലെടുത്താണ് നിലവിലെ തീരുമാനം.
അതേസമയം, മഷി പുരട്ടല്‍ നടപടി വന്നതോടെ ബാങ്കുകളില്‍ പഴയ നോട്ടുകള്‍ മാറാനെത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഒരു കോടിയും അതിന് താഴെയുമുള്ള വായ്പകള്‍ തിരിച്ചടക്കുന്നതിന് 60 ദിവസം കൂടി ഇളവ് അനുവദിച്ച് റിസര്‍വ് ബാങ്ക് തിങ്കളാഴ്ച വിജ്ഞാപനമിറക്കി. ഭവനം, കാര്‍, കൃഷി, ബിസിനസ്, പേഴ്‌സനല്‍ തുടങ്ങിയ വായ്പകള്‍ക്ക് ഇതു ബാധകമാണ്. നവംബര്‍ ഒന്നിനും ഡിസംബര്‍ 31നും ഇടയില്‍ കുടിശ്ശികയാവുന്ന ചെറുകിട വായ്പകളെല്ലാം പുതിയ ഉത്തരവിന്റെ പരിധിയില്‍വരും.
അതിനിടെ, റാബി വിളയിറക്കാന്‍ വിത്തു വാങ്ങുന്നതിന് 500 രൂപയുടെ പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ കേന്ദ്രം കര്‍ഷകരെ അനുവദിച്ചു. വടക്കേന്ത്യന്‍ കര്‍ഷകരെ ലക്ഷ്യമിടുന്നതാണ് തീരുമാനം. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, വിത്തു കോര്‍പറേഷനുകള്‍ തുടങ്ങിയവയില്‍നിന്ന് തിരിച്ചറിയല്‍ രേഖയും പഴയ നോട്ടും നല്‍കി വിത്തു വാങ്ങാമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവ്.
ബാങ്കില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് വ്യാപാരികള്‍ക്ക് കൂടുതല്‍ ഇളവുകളും റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. ഓവര്‍ഡ്രാഫ്റ്റ്, കാഷ് ക്രെഡിറ്റ് അക്കൗണ്ട് ഉടമകള്‍ക്ക് ആഴ്ചയില്‍ 50,000 രൂപ പിന്‍വലിക്കാം. കറന്റ് അക്കൗണ്ട് ഉടമകള്‍ക്ക് ആഴ്ചയില്‍ 50,000 രൂപ പിന്‍വലിക്കാന്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ മൂന്നു മാസമായി പ്രവര്‍ത്തനക്ഷമമായ അക്കൗണ്ടുകളാണെങ്കില്‍ മാത്രമേ പണം പിന്‍വലിക്കാന്‍ കഴിയൂ. മുഖ്യമായും 2000 രൂപ നോട്ടുകളായിട്ടായിരിക്കും പിന്‍വലിക്കുന്ന തുക ലഭിക്കുക. അതേസമയം, വ്യക്തിഗത ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകളില്‍നിന്ന് വര്‍ധിപ്പിച്ച തോതില്‍ പണം പിന്‍വലിക്കാന്‍ കഴിയില്ല.
നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലായി രാജ്യത്തെ വിവിധ ബാങ്കുകളിലായി 5.44 ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകള്‍ എത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. 1000, 500 അസാധു നോട്ടുകള്‍ മാറിയും നിക്ഷേപം വഴിയുമാണ് ഇത്രയും തുകയത്തെിയത്.
ബാങ്കുകള്‍ നേരിട്ടും എ.ടി.എം കൗണ്ടറുകള്‍ വഴിയും ഈ ദിവസങ്ങളില്‍ 1,03,316 കോടി രൂപ ജനങ്ങളുടെ കൈകളില്‍ എത്തിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല