
സ്വന്തം ലേഖകൻ: പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഇത്തവണത്തെ റിപ്പോ നിരക്ക് വര്‍ധന കാല്‍ ശതമാനത്തിലൊതുക്കി. ഇതോടെ റിപ്പോ 6.50ശതമാനമായി. മൂന്നു ദിവസത്തെ ആര്‍ബിയുടെ പണനയ സമിതി യോഗത്തിനുശേഷമാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. 2023 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.8ശതമാനത്തില്‍നിന്ന് ഏഴ് ശതമാനമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
മൂന്നുതവണയായി 0.50ശതമാനം വീതം റിപ്പോ ഉയര്‍ത്തിയതിനുശേഷം ഡിസംബറില്‍ 0.35 ബേസിസില്‍ പോയന്റില്‍ വര്‍ധന ഒതുക്കിയിരുന്നു. ഇതോടെ മെയ് മാസത്തിനുശേഷം ഇതുവരെയുള്ള റിപ്പോ നിരക്കിലെ വര്‍ധന 2.50ശതമാനമാണ്.
ആഗോളതലത്തില്‍ അസ്ഥിരത നിലനില്‍ക്കുന്നുണ്ടെങ്കിലും രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തമായ നിലയിലാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. എങ്കിലും ജാഗ്രത തുടരും. ആഗോളതലത്തില്‍ പണപ്പെരുപ്പം കുറഞ്ഞുവരികയാണ്. നാലാം പാദത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം 5.7 ശതമാനമാകുമെന്നാണ് അനുമാനം. 2024 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 5.3ശതമാനത്തില്‍ എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത മാസങ്ങളില്‍കൂടി പണപ്പെരുപ്പം കുറയുന്നതോടെ പലിശ നിരക്ക് സ്ഥിരതയാര്‍ജിക്കുമെന്നാണ് വിലയിരുത്തല്‍. 2023-2024 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ നിരക്ക് കുറയ്ക്കാനും സാധ്യതയുണ്ട്.
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ആര്‍ബിഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് താഴെയായിരുന്നു. എങ്കിലും നാലു ശതമാനത്തില്‍ നിലനിര്‍ത്തുകയെന്നതാണ് ലക്ഷ്യം. 2022 ജനുവരി മുതല്‍ തുടര്‍ച്ചയായി മൂന്നു പാദങ്ങളില്‍ ഉയര്‍ന്ന നിരക്കില്‍ തുടര്‍ന്ന ശേഷമായിരുന്നു നേരിയ തോതില്‍ ഇടിവുണ്ടായത്.
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനംകൂടി ഉയര്‍ത്തിയതോടെ വായ്പ പലിശയില്‍ വീണ്ടും വര്‍ധന ഉറപ്പായി. പ്രത്യേകിച്ച് ഫ്ളോട്ടിങ് നിരക്ക് അടിസ്ഥാനമാക്കി ഭവന വായ്പയെടുത്തവര്‍ക്ക്. 2023 ഫെബ്രുവരിയിലെ കാല്‍ ശതമാനമടക്കം പണപ്പെരുപ്പത്തെ ചെറുക്കുന്നതിന് ഒമ്പത് മാസത്തിനിടെ 2.50ശതമാനമാണ് റിപ്പോ നിരക്ക് കൂട്ടിയത്. ബാങ്കുകള്‍ ഇതിനകം വായ്പാ പലിശയില്‍ രണ്ടു ശതമാനത്തിലേറെ വര്‍ധന വരുത്തിക്കഴിഞ്ഞു.
മാര്‍ജിനല്‍ കോസ്റ്റ്, റിപ്പോ നിരക്ക് എന്നിവ അടിസ്ഥാനമാക്കി (ഫ്ളോട്ടിങ് നിരക്ക്) യുള്ള വായ്പകളില്‍ പലിശ ഉയരുമ്പോള്‍ ബാങ്കുകള്‍ ഇഎംഐ കൂട്ടുന്നതിനുപകരം കാലാവധി വര്‍ധിപ്പിക്കാനാണ് താല്‍പര്യപ്പെടുന്നത്. മെയ് മാസത്തിനുശേഷം വായ്പാ പലിശയില്‍ കാര്യമായ കുതിപ്പുണ്ടായ സാഹചര്യത്തില്‍ പ്രതിമാസ തിരിച്ചടവ് തുകയോടൊപ്പം ഇത്തവണ കാലാവധിയും വര്‍ധിക്കുമെന്ന് ഉറപ്പായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല