സ്വന്തം ലേഖകന്‍: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു, പലിശ നിരക്കുകളില്‍ മാറ്റമില്ല, പണം പിന്‍വലിക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ. അതേസമയം, നടപ്പുവര്‍ഷത്തെ പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചനിരക്ക് ഏഴ് ശതമാനത്തിലും താഴെയാക്കി. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റിപ്പോ 6.25 ആയി തുടരും.
വാണിജ്യബാങ്കുകളില്‍നിന്ന് റിസര്‍വ്ബാങ്ക് കടമെടുക്കുന്നതിന്റെ പലിശനിരക്കായ റിവേഴ്‌സ് റിപ്പോ 5.75 ശതമാനമായും ബാങ്കുകള്‍ പലിശരഹിതമായി റിസര്‍വ്ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ധനം നാല് ശതമാനമായും തുടരും. എന്നാല്‍ കറന്‍സി നിരോധനത്തിനു ശേഷം ബാങ്കുകളില്‍ വന്ന നിക്ഷേപത്തിന്റെ കണക്ക് വെളിപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ തയ്യാറായില്ല.
നോട്ട് അസാധുവാക്കലോടെ ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം വന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകളില്‍ കുറവ് വരുത്തുമെന്ന് പ്രചാരണമുണ്ടായിരുന്നു. റിപ്പോനിരക്കുകളില്‍ മാറ്റംവരുത്തിയില്ലെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഓഹരിവിപണികള്‍ ഇടിഞ്ഞു.
മുമ്പ് 7.6 ശതമാനം പ്രതീക്ഷിച്ച വളര്‍ച്ച കഴിഞ്ഞ ഡിസംബറിലെ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് 7.1 ആയി താഴ്ത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും താഴ്ത്തി 6.9 ശതമാനമാക്കി. അധികം വൈകാതെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഉയരുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്. വരുംവര്‍ഷം 7.4 ശതമാനം വളര്‍ച്ചയാണ് കണക്കാക്കുന്നത്.
ബാങ്കുകളിലെ സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 13 ഓടെ പൂര്‍ണ്ണമായും നീക്കും. രണ്ട് ഘട്ടമായാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക. ഫെബ്രുവരി 20 മുതല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തുമെന്നും ആര്‍ബിഐ വ്യക്തമാക്കി.
ഊര്‍ജിത് പട്ടേല്‍ ഗവര്‍ണറായി സ്ഥാനമേറ്റ ശേഷം നടന്ന രണ്ട് നയപ്രഖ്യാപനങ്ങളിലും പൊതു പ്രതീക്ഷയ്ക്ക് വിരുദ്ധമായ തീരുമാനങ്ങളാണ് ഉണ്ടായത്. ഒക്‌ടോബറില്‍ നിരക്കുകളില്‍ മാറ്റം ഉണ്ടാകില്ലെന്ന് എല്ലാവരും പ്രവചിച്ചപ്പോള്‍ കാല്‍ശതമാനം നിരക്ക് കുറച്ച് സമിതി ഞെട്ടിച്ചു. നോട്ട് നിരോധനത്തിന് ശേഷം ഡിസംബറില്‍ നയം രൂപപ്പെടുത്തുമ്പോള്‍ നിരക്ക് കുറയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ആ പ്രതീക്ഷയും റിസര്‍വ് ബാങ്ക് തകര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല