സ്വന്തം ലേഖകന്‍: റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു, പലിശനിരക്കുകളില്‍ മാറ്റമില്ല, സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് മുന്നറിയിപ്പ്. നേരത്തേ 7.6 ശതമാനം പ്രതീക്ഷിച്ചിരുന്ന സാമ്പത്തിക വളര്‍ച്ച 7.1 ശതമാനമേ ആകൂ എന്നാണു പുതിയ വിലയിരുത്തല്‍. മാര്‍ച്ചോടെ ചില്ലറ വിലക്കയറ്റം അഞ്ചു ശതമാനമായി കൂടുമെന്നും റിസര്‍വ് ബാങ്ക് കണക്കാക്കുന്നു.
500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷമുള്ള ആദ്യ പണനയ അവലോകനമായിരുന്നു ഇത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. ഉര്‍ജിത് പട്ടേല്‍ അധികാരമേതിനു ശേഷം പുറത്തുവരുന്ന ആദ്യ നയ പ്രഖ്യാപനം എന്ന നിലയിലും നയത്തിന് പ്രധാന്യമുണ്ട്.
പലിശ നിരക്കുകള്‍ കുറയ്ക്കും എന്നു പ്രതീക്ഷക്കപ്പെട്ടിരുന്നെങ്കിലും പെട്രോളിയം വില കൂടുന്നതും കറന്‍സിക്ഷാമം മൂലമുള്ള പ്രശ്നങ്ങളും ഉപഭോക്തൃ (ചില്ലറ) വിലക്കയറ്റം വര്‍ധിപ്പിക്കും എന്നു പണനയകമ്മിറ്റി വിലയിരുത്തി. അതിനാല്‍ റീപോ, റിവേഴ്സ് റീപോ എന്നീ നിര്‍ണായക പലിശനിരക്കുകള്‍ മാറ്റിയില്ല. യഥാക്രമം 6.25 ശതമാനവും 5.75 ശതമാനവുമാണ് ഇപ്പോഴത്തെ നിരക്കുകള്‍.
ബാങ്കുകളുടെ കരുതല്‍ പണ അനുപാതം (സിആര്‍ആര്‍), സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എല്‍ആര്‍) എന്നിവയിലും മാറ്റമില്ല. ഈയിടെ ബാങ്കുകളിലെ അധിക നിക്ഷേപം കൈകാര്യം ചെയ്യാന്‍ സിആര്‍ആറില്‍ വരുത്തിയ താത്കാലിക മാറ്റം പിന്‍വലിച്ചു. സെപ്റ്റംബര്‍ 16 മുതല്‍ നവംബര്‍ പത്തുവരെ ലഭിച്ച അധിക നിക്ഷേപം മുഴുവന്‍ സിആര്‍ആര്‍ ആക്കാനാണു നിര്‍ദേശിച്ചത്. ഡിസംബര്‍ പത്തു മുതല്‍ അതു പിന്‍വലിക്കാം. പകരം മാര്‍ക്കറ്റ് സ്റ്റബിലൈസേഷന്‍ സ്കീമിലെ (എംഎസ്എസ്) ബോണ്ടുകളില്‍ ബാങ്കുകള്‍ക്കു പണം നിക്ഷേപിക്കാം.
കറന്‍സി റദ്ദാക്കലിനെത്തുടര്‍ന്നു ബാങ്കുകളില്‍ 11.55 ലക്ഷം കോടി രൂപ എത്തിയെന്നു റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്.ഗാന്ധി അറിയിച്ചു. 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകളാണു റദ്ദാക്കിയത്. പകരം കമ്പോളത്തിലേക്ക് 4.34 ലക്ഷം കോടി രൂപയുടെ 1000 രൂപ, 500 രൂപ, 100 രൂപ, 50 രൂപ, 20 രൂപ, 10 രൂപ നോട്ടുകള്‍ നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല