സ്വന്തം ലേഖകന്‍: നോട്ട് ക്ഷാമത്തിന് ബദലായി 200 രൂപ നോട്ടുകള്‍ അടിച്ചിറക്കാന്‍ റിസര്‍വ് ബാങ്ക്. 200 രൂപ നോട്ടുകളുടെ പ്രിന്റിംഗ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയതായും ആര്‍ബിഐ അധികൃതര്‍ അറിയിച്ചതായി ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 1000 ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ നിരോധിച്ചപ്പോള്‍ ഉണ്ടായ ചില്ലറ ക്ഷാമം നേരിടുന്നതിന് വേണ്ടിയാണ് ആര്‍ബിഐ യുടെ പുതിയ നടപടി.
പുതിയ നോട്ടുകള്‍ പുറത്തിറക്കാന്‍ ധനകാര്യമന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. 200 രൂപ നോട്ടിന്റെ ഡിസൈന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് അയയ്ക്കുകയും അത് അവര്‍ അംഗീകരിക്കുകയും ചെയ്തു. മൈസൂരുവിലെ പ്രസിലായിരിക്കും നോട്ടുകള്‍ പ്രിന്റ് ചെയ്യുക. നിരവധി സുരക്ഷ പരിശോധനകള്‍ക്കു ശേഷമാണ് നോട്ട് പ്രിന്റ് ചെയ്യുന്നതിന് തീരുമാനിച്ചത്.
കൂടുതല്‍ 50 രൂപ നോട്ടുകളും പുറത്തിറക്കാന്‍ ആര്‍ബിഐ നീക്കമുണ്ട്. 50, 100 രൂപ നോട്ടുകള്ക്ക് പിന്നാലെ 200 രൂപ നോട്ടുകള് കൂടി എത്തുമ്പോള് അത് സാധാരണക്കാര്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് ആര്.ബി.ഐയുടെ വിലയിരുത്തല്.
200 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കുന്നതായി മാര്‍ച്ചില്‍തന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. നോട്ട് അസാധുവാക്കലിനു പിന്നാലെ രാജ്യത്ത് വലിയ തോതിലുള്ള നോട്ട് ക്ഷാമം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിനാണ് 1000, 500 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല