സ്വന്തം ലേഖകന്‍: പുതിയ 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പുറത്തിറക്കുന്നു. താഴ്ന്ന മൂല്യമുള്ള നോട്ടുകളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണു റിസര്‍വ് ബാങ്കിന്റെ നടപടി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ നോട്ടുകളാണ് പുറത്തിറങ്ങുന്നത്. ഇന്ത്യയുടെ സാംസ്‌കാരിക പാരന്പര്യം വിളിച്ചോതുന്ന തരത്തില്‍ സാഞ്ചിയിലെ സ്തൂപങ്ങളാണ് നോട്ടില്‍ ആലേഖനം ചെയ്തിരിക്കുന്നത്.
മഹാത്മഗാന്ധി (പുതിയ) സീരിസിലെ 200 രൂപ നോട്ടുകള്‍ 2017 ഓഗസ്റ്റ് 25 മുതല്‍ രാജ്യത്തെ തെരഞ്ഞെടുത്ത ആര്‍ബിഐ ഓഫീസുകളിലൂടെയും ചില ബാങ്കുകളിലൂടെയും വിതരണം ചെയ്യുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. പുതിയ കറന്‍സി ഇറക്കാന്‍ റിസര്‍വ് ബാങ്കിനു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയെന്ന് ധനമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെയാണ് മഞ്ഞ നിറത്തിലുള്ള നോട്ടുകള്‍ വിപണിയില്‍ എത്തുന്നത്.
2016 നവംബറിലെ നോട്ട് നിരോധനത്തിന് ശേഷം പുതിയ 500രൂപ നോട്ടുകളും 2000 രൂപയുടെ നോട്ടുകളും റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു. സെപ്റ്റംബര്‍ എട്ടിലെ നോട്ട് നിരോധനത്തെത്തുടര്‍ന്ന് ചെറിയ മൂല്യത്തിലുള്ള നോട്ടുകള്‍ക്ക് രാജ്യത്ത് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇതു മറികടക്കാനാണ് കേന്ദ്ര ബാങ്ക് പുതിയ നോട്ടുകള്‍ വിപണിയില്‍ ഇറക്കുന്നത്. പുതിയതായി ഇറക്കുന്ന 200 രൂപ നോട്ടുകള്‍ എടിഎം വഴി ലഭിക്കില്ലെന്നും പകരം ബാങ്ക് വഴി വിതരണം ചെയ്യാനാണ് പദ്ധതിയെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല