1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2022

സ്വന്തം ലേഖകൻ: വായ്പാനിരക്ക് കൂട്ടി റിസർവ് ബാങ്ക്. അടിസ്ഥാന വായ്പാനിരക്ക് റിപ്പോ 0.40% വർധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി. നാണ്യപ്പെരുപ്പം കൂടിയത് കണക്കിലെടുത്താണ് മോണെറ്ററി പോളിസി സമിതിയുടെ തീരുമാനമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. 2020 മേയ്ക്ക് ശേഷം ആദ്യമായാണ് റിപ്പോ നിരക്കിൽ വർധന വരുത്തുന്നത്. ഭവന– വാഹന വായ്പാ പലിശ നിരക്ക് ഉയരും.

അസാധാരണ സാഹചര്യങ്ങളിലെ അസാധാരണ നീക്കം-റിസര്‍വ് ബാങ്കിന്റെ നിരക്കുയര്‍ത്തലിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ജൂണിലാണ് അടുത്ത പണവായ്പ അവലോകന യോഗം നടക്കേണ്ടത്. കഴിഞ്ഞ വായ്പാ നയം പ്രഖ്യാപിച്ച് ഒരുമാസം പിന്നടുംമുമ്പെ ആര്‍ബിഐ യോഗം ചേര്‍ന്ന് നിരക്കുവര്‍ധന ദ്രുതഗതിയില്‍ പ്രഖ്യാപിക്കകയായിരുന്നു.

പണപ്പെരുപ്പം 17 മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നതാണ് പെട്ടന്നുള്ള നീക്കത്തിനുപിന്നില്‍. വിലക്കയറ്റ ഭീഷണിയെതുടര്‍ന്ന് ആഗോളതലത്തില്‍ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിരക്കുയര്‍ത്തലിന്റെ പാതയിലാണ്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വാണ് അതിന് തുടക്കമിട്ടത്. വരാനിരിക്കുന്ന നയപ്രഖ്യാപനത്തില്‍ വീണ്ടും അരശതമാനം നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന് ഫെഡ് റിസര്‍വ് മേധാവി ഇതിനകം സൂചന നല്‍കിക്കഴിഞ്ഞു.

റിപ്പോ നിരക്ക് 40 ബേസിസ് പോയന്റ് വര്‍ധിപ്പിച്ചതിനുപുറമെ, സിആര്‍ആറും അരശതമാനം ഉയര്‍ത്തിയിട്ടുണ്ട്. വായ്പാ നിക്ഷേപ പലിശയില്‍ വര്‍ധന ഇതോടെ അനിവാര്യമായി. വായ്പയെടുത്തവര്‍ക്ക് ആഘാതവും നിക്ഷേപകര്‍ക്ക് ആശ്വാസവുമാകുന്നതാണ് ആര്‍ബിഐയുടെ തീരുമാനം.

ഇതൊരു തുടക്കംമാത്രമാണ്. ഘട്ടംഘട്ടമായി ഭാവിയില്‍ രണ്ടുശതമാനംവരെ നിരക്ക് ഉയര്‍ത്തേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ശരാശരി പണപ്പെരുപ്പം 6.2ശതമാനമായിരിക്കുമെന്ന വിവിധ ഏജന്‍സികളുടെ വിലയിരുത്തല്‍ പ്രകാരമാണ് ഈ അനുമാനം.

എട്ട് എംപിസി യോഗങ്ങളിലായി കാല്‍ ശതമാനംവീതം നിരക്ക് ഉയര്‍ത്തിയേക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അരശതമാനത്തിനുതാഴെ 0.40 ബേസിസ് പോയന്റ് ഉയര്‍ത്തി വിലക്കയറ്റത്തെ ദ്രുതഗതിയില്‍ നേരിടാനാണ് ആര്‍ബിഐയുടെ നീക്കം.

കോവിഡ് വ്യാപനത്തെതുടര്‍ന്ന് മുന്നേറ്റത്തിന്റെ പാതയിലെത്തിയ സമ്പദ്ഘടനയ്ക്ക് കരുത്തേകാനാണ് നിരക്കവര്‍ധനവില്‍നിന്ന് കുറച്ചുകാലമെങ്കിലും ആര്‍ബിഐ വിട്ടുനിന്നത്. അതിനിടെ പണപ്പെരുപ്പ നിരക്കുകള്‍ കുറയുമെന്നും പ്രതീക്ഷിച്ചു. ആഗോളതലത്തിലുണ്ടായ കമ്മോഡിറ്റി വിലയിലെ കുതിപ്പ്, ഭൗമ രാഷ്ട്രീയ സംഘര്‍ഷം, അസംസ്‌കൃത എണ്ണവില വര്‍ധന എന്നിവമൂലം ഇനിയും പിടിച്ചുനില്‍ക്കാനാവില്ലെന്ന സൂചനായണ് നിരക്ക് വര്‍ധനവിലൂടെ ആര്‍ബിഐ നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.