സ്വന്തം ലേഖകന്‍: ഡല്‍ഹി പ്രാദേശിക തെരഞ്ഞെടുപ്പിലെ തോല്‍വി, ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി, എംഎല്‍എ അമാനുള്ള ഖാന്‍ രാജിവെച്ചു, സ്ഥാപക നേതാവ് കുമാര്‍ ബിശ്വാസിനെതിരെ ആരോപണം. മുതിര്‍ന്ന നേതാവായ കുമാര്‍ വിശ്വാസ് ആം ആദ്മി പാര്‍ട്ടിയുടെ നേതൃപദവി പിടിച്ചെടുക്കാന്‍ നീക്കം നടത്തുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയ ഓഖ്‌ല എം എല്‍ എ അമാനത്തുള്ള ഖാന്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നാണ് രാജിവെച്ചത്.
ഇന്നലെ വൈകുന്നേരം ചേര്‍ന്ന സമിതിയുടെ യോഗത്തിന് പിന്നാലെ ആയിരുന്നു തീരുമാനം. പഞ്ചാബ് ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള 35 ഓളം എംഎല്‍എമാര്‍ ഖാനെതിരെ കടുത്ത നടപടി കൈക്കൊള്ളണം എന്നാവശ്യപ്പെട്ടിരുന്നു. അതേസമയം കുമാര്‍ വിശ്വാസിനെതിരെയുള തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി അമാനത്തുള്ള ഖാന്‍ പറഞ്ഞു. ‘ബിജെപിക്ക് വേണ്ടിയാണ് കുമാര്‍ വിശ്വാസ് ഇത് ചെയ്യുന്നത്. ഞാന്‍ രാജിവെക്കുന്നത് എന്റെ മനഃസാക്ഷിയോടെ നീതി പുലര്‍ത്താന്‍ വേണ്ടിയാണ്. പ്രസ്താവനയില്‍ എനിക്കു യാതൊരു കുറ്റബോധവുമില്ല. കുമാര്‍ വിശ്വാസ് പാര്‍ട്ടിയെ പിളര്‍ത്താനാണ് ശ്രമിക്കുന്നത്’ രാജിവെച്ചതിന് ശേഷം ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കുമാര്‍ വിശ്വാസ് പാര്‍ട്ടി മന്ത്രിമാരും എം എല്‍ എ മാരുമായി തന്റെ വീട്ടില്‍ വെച്ചു കൂടിക്കാഴ്ച നടത്തി എന്നായിരുന്നു ഖാന്റെ ആരോപണം. എന്നാല്‍ ഇതിനെതിരെ ശക്തമായ ഭാഷയിലാണ് അരവിന്ദ് കേജ്രിവാള്‍ പ്രതികരിച്ചത്. മനീഷ് സിസോദിയ ഇന്നലെ വൈകുന്നേരം കുമാര്‍ വിശ്വാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ബുധനാഴ്ച രാവിലെയ്ക്കകം താനൊരു തീരുമാനമെടുക്കുമെന്ന് കുമാര്‍ വിശ്വാസ് വ്യക്തമാക്കി.
മുതിര്‍ന്ന നേതാക്കളുടെ ആശയങ്ങള്‍ മനസിലാക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തയ്യാറാകുന്നില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദ്യയ്ക്കും ആ സ്ഥാനങ്ങളില്‍ തുടരുന്നതിന് തടസ്സമില്ലെന്നും എന്നാല്‍ പാര്‍ട്ടി കെട്ടുപ്പെടുക്കാന്‍ പ്രവര്‍ത്തിച്ച അണികളെ മറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
തനിക്ക് മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ പാര്‍ട്ടി നേതാവോ ആകാന്‍ താല്‍പര്യമില്ല. താന്‍ മറ്റൊരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നുമില്ല. ഇന്ന് രാത്രി താനൊരു തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല