രഞ്ജി ചാംപ്യന്മാരായ രാജസ്ഥാനെ ഒരു ഇന്നിംഗ്സിനും 79 റണ്‍സിനും തകര്‍ത്ത് റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി ട്രോഫി ക്രിക്കറ്റില്‍ ജേതാക്കളായി. ആദ്യ ഇന്നിംഗ്സില്‍ 354 റണ്‍സിന്റെ ലീഡ് വഴങ്ങിയ രാജസ്ഥാന് കളിയുടെ നാലാം ദിവസമായ ഇന്ന് രണ്ടാം ഇന്നിംഗ്സില്‍ 275 റണ്‍സിന് പുറത്താകുകയായിരുന്നു. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി നാലു വിക്കറ്റെടുത്ത ഹര്‍മീത് സിംഗും രണ്ടു വിക്കറ്റെടുത്ത പ്രഗ്യാന്‍ ഓജയുമാണ് രണ്ടാം ഇന്നിംഗ്സില്‍ രാജസ്ഥാനെ തകര്‍ത്തത്. 73 റണ്‍സെടുത്ത ഹൃഷികേശ് കനിത്കറിനും 67 റണ്‍സെടുത്ത റോബിന് ബിസ്റ്റിനും മാത്രമാണ് രാജസ്ഥാന് നിരയില്‍ തിളങ്ങാനായത്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയില്‍ ഇത് ആറാം തവണയാണ് റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി ട്രോഫി നേടുന്നത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന് ഒന്നാം ഇന്നിംഗ്സില്‍ 253 റണ്‍സിന് പുറത്താകുകയായിരുന്നു. അഞ്ചുവിക്കറ്റെടുത്ത ഉമേഷ് യാദവും രണ്ടു വിക്കറ്റ് വീതമെടുത്ത ഇഷാന്ത് ശര്‍മ്മ, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ ചേര്‍ന്നാണ് ആദ്യ ഇന്നിംഗ്സില്‍ രാജസ്ഥാനെ തകര്‍ത്തത്. പുറത്താകാതെ 117 റണ്‍സ് നേടിയ റോബിന് ബിസ്റ്റായിരുന്നു രാജസ്ഥാന്റെ ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗില്‍ ഒന്നാം ഇന്നിംഗ്സില്‍ ഏഴിന് 607 എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയതാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ വിജയത്തിന് അടിത്തറയായത്. ഇരട്ട സെഞ്ച്വറി നേടിയ മുരളി വിജയ്(266) ആണ് റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല