സ്വന്തം ലേഖകൻ: കുവൈത്തില്‍ ആരോഗ്യ മേഖലയില്‍ നിന്നുള്ള പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി. പരസ്യബോർഡുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുമുള്ള പരസ്യങ്ങള്‍ക്കായിരിക്കും പുതിയ ചട്ടങ്ങള്‍ ബാധകമാവുക. പരസ്യങ്ങള്‍ നിരീക്ഷിക്കുകയും അവയുടെ സത്യസന്ധത ഉറപ്പു വരുത്തുകയുമാണ് പുതിയ ചട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്.
മരുന്നുകള്‍,ആരോഗ്യ തയ്യാറെടുപ്പുകൾ,മെഡിക്കല്‍ ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടും, വിശദാംശങ്ങള്‍ വിവരിച്ച് കൊണ്ട് പരസ്യങ്ങള്‍ ചെയ്യുന്നതിനും നിയന്ത്രണമുണ്ട്. അതേസമയം മെഡിക്കല്‍ മേഖലയിലെ പരസ്യങ്ങള്‍ക്കും ഓഫറുകള്‍ക്കും സര്‍വേകള്‍ നടത്തുന്നതിനും ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടിയിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഉല്‍പന്നത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതായിരിക്കണം പരസ്യം . മരുന്നുകളുടെ ഗുണം വിവരിച്ച് പരസ്യം വരുന്നതും ഇല്ലാത്ത ഗുണം ഉണ്ടെന്നു കാണിച്ച് പരസ്യം ചെയ്യുന്നതും ചട്ട വിരുദ്ധമാണ്. മെഡിക്കൽ പരസ്യങ്ങളുടെ ആധികാരികത ഉറപ്പിക്കാനും സ്വകാര്യമേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല