സ്വന്തം ലേഖകന്‍: കൈവശം വക്കാവുന്ന സ്വര്‍ണത്തിന് പരിധി, നിയന്ത്രണം കര്‍ശനമാക്കാന്‍ കേന്ദ്രം. നോട്ട് അസാധുവാക്കലിന്റെ തുടര്‍ച്ചയായാണ് വ്യക്തികള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിനും പരിധി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിലാണ് ഇകാര്യം വ്യക്തമാക്കിയത്.
ഉത്തരവ് പ്രകാരം വിവാഹിതരായ സ്ത്രീകള്‍ക്ക് 62.5 പവനും അവിവാഹിതരായ സ്ത്രീകള്‍ക്ക് 31 പവന് വരെയും മാത്രമേ കൈവശം വയ്ക്കാനാകൂ. പുരുഷന്മാര്ക്ക് 12 പവന് മാത്രമാണ് കൈവശം വയ്ക്കാനാകുക. അതില്കൂടുതല് കൈവശം വക്കുന്നവര്‍ പിടിക്കപ്പെട്ടാല്‍ ഉറവിടം വ്യക്തമാക്കേണ്ടി വരും.
വെളിപ്പെടുത്താത്ത പണം കൊണ്ട് വാങ്ങിയതാണ് കൈവശമുള്ള സ്വര്‍ണ്ണം എന്ന് തെളിഞ്ഞാല്‍ നികുതി നല്‍കേണ്ടി വരും. അതേസമയം, വെളിപ്പെടുത്തിയ പണം നല്കി വാങ്ങിയതോ പരമ്പരാഗതമായി ലഭിച്ചതോ ആയ സ്വര്ണ്ണമാണെങ്കില് ഉത്തരവ് ബാധകമാകില്ല.
നവംബര്‍ എട്ടിന് രാജ്യത്ത് 5001000 നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ പലരും കള്ളപ്പണം വെളുപ്പിക്കാന്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടിയതായും നിക്ഷേപങ്ങള്‍ സ്വര്‍ണ്ണത്തിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എന്നാല്‍ കള്ളപ്പണ വേട്ടയുടെ പേരില്‍ സ്വര്‍ണനിയന്ത്രണം കൊണ്ടുവരുന്നുവെന്ന ആശങ്കകള്‍ സര്‍ക്കാര്‍ തള്ളി. ആദായനികുതി നിയമപ്രകാരം അവിഹിത സ്വര്‍ണം എപ്പോഴും പിടിക്കപ്പെടാം. എന്നാല്‍, കുടുംബസ്വത്തെന്ന നിലയില്‍ കൈമാറിക്കിട്ടിയത്, കൃഷിയില്‍നിന്നുള്ള വരുമാനം, വരുമാനത്തില്‍നിന്ന് മിച്ചം പിടിച്ചത് എന്നിങ്ങനെ സ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിയുന്ന സ്വര്‍ണത്തിനുമേല്‍ പിടിവീഴില്ല.
നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് കള്ളപ്പണം സ്വര്‍ണമാക്കി മാറ്റിയവര്‍ കുടുങ്ങുമെന്ന സന്ദേശമാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്ന് ഉണ്ടായതെങ്കിലും, സ്വര്‍ണത്തിന് നിയന്ത്രണം വരുന്നുവെന്ന രീതിയിലാണ് ടി.വി ചാനലുകളും മറ്റും വാര്‍ത്ത നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല