1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2024

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 65 ആയി ഉയര്‍ത്തി. സൗദി വിഷന്‍ 2030 പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായാണ് തീരുമാനം. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗം ഇതുമായി ബന്ധപ്പെട്ട തീരുമാനത്തിന് അംഗീകാരം നല്‍കുകയായിരുന്നു. സൗദിയിലെ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് പുതിയ തീരുമാനം ബാധകമാവും. നിലവില്‍ 58 വയസ്സാണ് രാജ്യത്തെ വിരമിക്കല്‍ പ്രായം.

ജോലിയില്‍ നിന്ന് വിമരിച്ച ശേഷം പൗരന്മാരും പ്രവാസികളുമായ ജീവനക്കാര്‍ക്ക് സുസ്ഥിരമായ ജീവിത സാഹചര്യം ഉറപ്പാക്കാനും വിരമിച്ചവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സൗദി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ മാറ്റത്തോടൊപ്പം സോഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ സുപ്രധാന ഭേദഗതികളും മന്ത്രിസഭാ യോഗം അംഗീകരിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ റിട്ടയര്‍മെന്‍റ് അഫയേഴ്സ് അറിയിച്ചു. ഇത് രാജ്യത്തെ ജീവനക്കാര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു.

പുതിയ റിട്ടയര്‍മെന്‍റ് പ്രായം ക്രമാനുഗതമായി നടപ്പിലാക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. പുതിയ പ്രായപരിധി എത്തുന്നതുവരെ ഓരോ മാസവും ജീവനക്കാരുടെ വിരമിക്കല്‍ പ്രായം നാല് മാസം കണ്ട് വർധിപ്പിക്കാനാണ് നിലവിലെ തീരുമാനം. ഈ ഉത്തരവ് പുറപ്പെടുവിക്കുന്ന സമയത്ത് 48 വയസും ആറു മാസവും പ്രായമുള്ള പൗരന്മാര്‍ക്കാണ് വിരമിക്കല്‍ പ്രായം വര്‍ധിപ്പിച്ചു കൊണ്ടുള്ള നിയമം ബാധകമാവുക.

നിലവില്‍ ഇതിന് മുകളില്‍ പ്രായമുള്ള ജീവനക്കാര്‍ക്ക് 58 വര്‍ഷവും 4 മാസവും എന്നത് നിശ്ചിത വിരമിക്കല്‍ പ്രായമായി നിലനിര്‍ത്തും. ഇവരുടെ വിരമിക്കല്‍ പ്രായത്തിലോ മറ്റ് ആനുകൂല്യങ്ങളിലോ മാറ്റങ്ങള്‍ വരുത്തില്ലെന്നും അധികൃതര്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പദ്ധതി നിലവില്‍ വരുന്ന സമയത്ത് 29 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക്, അവരുടെ വിരമിക്കല്‍ പ്രായം 65 വയസ്സായി നിശ്ചയിക്കും.

രാജ്യത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യത്തിലുണ്ടായ വര്‍ധനവ് കൂടി പ്രതിഫലിപ്പിക്കുന്നതാണ് പുതിയ തീരുമാനം. 1969ല്‍ 52 വയസ്സ് ആയിരുന്നു രാജ്യത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യമെങ്കില്‍ 2022ല്‍ അത് 78 ആയി ഉയര്‍ന്നിരുന്നു. വിരമിക്കല്‍ പ്രായത്തില്‍ സ്ത്രീ – പുരുഷ അന്തരം ഇല്ലെന്നതും ശ്രദ്ധേയമാണ്. പുതിയ സാഹചര്യത്തിലാണ് വിരമിക്കൽ പ്രായം ഉയർത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.