ഗില്‍ഫോര്‍ഡ്: ഹോളി ഫാമിലി പ്രെയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പ്രശസ്ത വചന പ്രഘോഷകനായ ഡോ: ജോണ്‍ ദാസ് നയിച്ച പരിശുദ്ധാത്മാഭിഷേക ധ്യാനം പങ്കെടുത്ത എല്ലാവരിലും ആത്മീയ ഉണര്‍വ്വ് പകര്‍ന്നു. പരിശുദ്ധാത്മാവിന്റെ ദാന ഫലങ്ങള്‍ നമ്മളില്‍ നിറയണമെങ്കില്‍ എല്ലാ കാര്യങ്ങളും പരിശുദ്ധിയോടെ പ്രവര്‍ത്തിക്കുകയും ഹൃദയ വിശുദ്ധിയില്‍ ജീവിക്കുകയും ചെയ്യണമെന്നു ഡോ: ജോണ്‍ ദാസ് ഉദ്ബോധിപ്പിച്ചു. ഗില്‍ഫോര്‍ഡ് സെന്റ്. പയസ് കാത്തലിക് ദേവാലയത്തില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ധ്യാനത്തില്‍ പങ്കെടുത്തു വചന സന്ദേശം നല്‍കുകയായിരുന്നു ഡോ: ജോണ്‍ ദാസ്.
യേശു ക്രിസ്തുവിന്റെ വചനങ്ങള്‍ വിശ്വസിച്ചു ഏറ്റു പറഞ്ഞ് പ്രാര്‍ഥിച്ചാല്‍ മാത്രമേ അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും രോഗശാന്തിയുടെയും അനുഭവ സാക്ഷികളാകുവാന്‍ സാധിക്കുകയുള്ളൂ എന്ന് ധ്യാനത്തില്‍ പങ്കെടുത്ത വിശ്വാസി സമൂഹത്തെ ഡോ: ജോണ്‍ ഓര്‍മ്മപ്പെടുത്തി. കുടുംബ വിശുദ്ധികരണം, പരിശുദ്ധാത്മാഭിഷേകം, ആന്തരിക സൌഖ്യം, രോഗ ശാന്തി എന്നീ മേഖലകളില്‍ നടന്ന പ്രാര്‍ത്ഥനകളിലും ശ്രുശ്രൂഷകളിലും ബ്രാ: മാത്യു തോമസും പങ്കെടുത്തു.
ഗില്‍ഫോര്‍ഡിലും പരിസര പ്രദേശങ്ങളിലും നിന്ന് എത്തിച്ചേര്‍ന്ന വിശ്വാസികളുടെ നിറഞ്ഞ സാന്നിധ്യം ധ്യാന ശ്രുശ്രൂഷകളെ ധന്യമാക്കി. കൌന്സിലിങ്ങിനു വിദൂര സ്ഥലങ്ങളില്‍ നിന്നും ഒട്ടേറെ വിശ്വാസികള്‍ എത്തിച്ചേര്‍ന്നു. ധ്യാനത്തില്‍ പങ്കെടുത്തവര്‍ക്ക് ലഭിച്ച അനുഗ്രഹങ്ങളുടെ സാക്ഷ്യപ്പെടുത്തലുകള്‍ എല്ലാവരെയും ആഴമേറിയ വിശ്വാസത്തിലേക്ക് നയിച്ചു. ഫാ; സിറില്‍ ഇടമനയുറെ മുഖ്യ കാര്‍മികത്വത്തില്‍ ധ്യാന ദിവസങ്ങളില്‍ ദിവ്യബലിയും അര്‍പ്പിച്ചു. ജിജു ചക്കുങ്കല്‍, ബിജു ചക്കുങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലപിച്ച വചന ഗീതങ്ങള്‍ ധ്യാന ശ്രുശ്രൂഷകളെ ഭക്തി സാന്ദ്രമാക്കി. ധ്യാനം നയിച്ചവര്‍ക്കും പങ്കെടുത്തവര്‍ക്കും പ്രെയര്‍ കോര്‍ഡിനെറ്റര്‍ ആന്റണി എബ്രഹാം നന്ദി പറഞ്ഞു. ധ്യാനത്തിന്റെ ക്രമീകരനങ്ങള്‍ക്ക് ആന്റണി, ജോസഫ്, ഷെറില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല