സ്വന്തം ലേഖകന്‍: മ്യാന്മറിലെ റോഹിംഗ്യന്‍ കൂട്ടക്കൊല, മൗനം പാലിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ഓങ്‌സാന്‍ സൂചി, മ്യാന്മറിനെതിരെ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ടില്ലേഴ്‌സണ്‍. റോഹിംഗ്യകള്‍ക്കെതിരെ മ്യാന്മര്‍ സൈന്യം നടത്തിയ വംശീയ ഉന്മൂലനത്തില്‍ പ്രതികരിക്കാതെ മാറിനിന്നുവെന്ന ആരോപണങ്ങള്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓങ്‌സാന്‍ സൂചി നിഷേധിച്ചു. അത്തരം ആരോപണങ്ങള്‍ അവഗണിക്കുകയാണ് പതിവെന്നും സൂചി വ്യക്തമാക്കി.
നയ്പിഡാവില്‍ യു.എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൂചി. അതിനിടെ, റോഹിങ്ക്യന്‍ വിഷയത്തില്‍ മ്യാന്മറിനെതിരെ ഉപരോധം നടപ്പാക്കുന്നതുകൊണ്ട് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന് ടില്ലേഴ്‌സണ്‍ പറഞ്ഞു. സൈന്യത്തിന്റെ കൂട്ടക്കുരുതിയെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ ഘട്ടത്തില്‍ മ്യാന്‍മറിനെതിരേ ഉപരോധത്തിനു സമ്മര്‍ദം ചെലുത്തുകയില്ല. അതിക്രമം നടത്തിയ വ്യക്തികള്‍ക്ക് എതിരേ ഉപരോധം ഏര്‍പ്പെടുത്താമെന്നും ടില്ലേര്‍സണ്‍ പറഞ്ഞു. മ്യാന്‍മറില്‍ സന്ദര്‍ശനം നടത്തിയ ടില്ലേര്‍സണ്‍ ഓങ്‌സാന്‍ സൂചിയുമായും സൈനിക മേധാവിയുമായും കൂടിക്കാഴ്ച നടത്തി. രോഹിംഗ്യകള്‍ക്ക് എതിരേയുള്ള മനുഷ്യാവകാശധ്വംസനത്തെ അപലപിക്കാന്‍ തയാറാവാത്തതിന്റെ പേരില്‍ സൂചിയ്‌ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ വിമര്‍ശനം ശക്തമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല