1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2017

സ്വന്തം ലേഖകന്‍: യുഎസ് ആഭ്യന്തരസെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ ഇന്ത്യയില്‍, പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഭീകര കേന്ദ്രങ്ങളും അടച്ചുപൂട്ടണമെന്ന് ഇന്ത്യ യുഎസ് സംയുക്ത മുന്നറിയിപ്പ്. മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ടില്ലേര്‍സണ്‍ ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ഇരു രാജ്യങ്ങളും സംയുക്തമായി പാകിസ്താന് മുന്നറിയിപ്പ് നല്‍കിയത്. മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ ഇത് അത്യാവശ്യമാണ്, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനില്‍. ഭീകരര്‍ക്കായി പാക്കിസ്ഥാനില്‍ സുരക്ഷാതാവളങ്ങള്‍ ഒരുക്കുന്ന നിലപാട് വച്ചുപൊറുപ്പിക്കില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും യുഎസ് ആഭ്യന്തരസെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഭീകരസംഘടനകളെ വളരാന്‍ അനുവദിച്ചാല്‍ രാജ്യത്തിനു തന്നെയാണു ഭീഷണിയെന്നും ഈ സാഹചര്യത്തില്‍ നടപടി കര്‍ശനമാക്കണമെന്നും പാക്കിസ്ഥാന്‍ നേതൃത്വത്തോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുള്ളതായി ടില്ലേഴ്‌സന്‍ പറഞ്ഞു. ഭീകരവാദ സംഘടനകളെ സംരക്ഷിച്ചാല്‍ പാക്കിസ്ഥാന്‍ അതിന് ഉത്തരം പറയേണ്ടി വരുമെന്ന കാര്യം മറക്കരുതെന്ന് സുഷമ സ്വരാജ് പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ–സുരക്ഷാ കൂട്ടുകെട്ട് ശക്തമാക്കാനും ചര്‍ച്ചകളില്‍ തീരുമാനമായിട്ടുണ്ട്. വ്യാപാരകരാറുകളും കാര്യക്ഷമമായി നടപ്പാക്കും. ഇന്ത്യന്‍ സൈന്യത്തെ ആധുനികവത്കരിക്കാന്‍ ആവശ്യമായ എല്ലാ സാങ്കേതികതയും കൈമാറാന്‍ ട്രംപ് ഭരണകൂടം തയാറാണ്. എഫ്16, എഫ്18 ജെറ്റുകള്‍ വില്‍ക്കാനുള്ള കരാര്‍ പരിഗണനയിലാണെന്നും ടില്ലേഴ്‌സന്‍ പറഞ്ഞു.

ഇന്തോ–പസഫിക് മേഖലയില്‍ ഇന്ത്യയുമൊത്തുള്ള സഹകരണം ശക്തമാക്കാന്‍ ശ്രമിക്കുകയാണ് യുഎസ്. അഫ്ഗാന്‍വിഷയത്തില്‍ യുഎസിന് ഇന്ത്യയില്‍ നിന്നുള്ള സഹകരണം നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ക്കു ദോഷകരമാകുന്ന വിധത്തില്‍ എച്ച്1 ബി വീസ സംബന്ധിച്ച തീരുമാനങ്ങളെടുക്കരുതെന്ന് സുഷമ യുഎസ് ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടു. യുഎസുമൊത്ത് കൂടുതല്‍ സാമ്പത്തിക സഹകരണങ്ങള്‍ക്ക് രാജ്യം തയാറാണെന്നും സുഷമ സ്വരാജ് പറഞ്ഞു. ഇന്ത്യയുഎസ് സാമ്പത്തിക, നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകള്‍ മൂന്ന് ദിവസത്തിനിടയിലെ സന്ദര്‍ശനത്തിനിടെ ഉണ്ടാവുമെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.