സ്വന്തം ലേഖകന്‍: അധികൃതരുടെ കണ്ണുവെട്ടിച്ച് കണ്ടാമൃഗത്തെ വേട്ടയാടാന്‍ പോയി; ആന ചവിട്ടികൊന്നു; സിംഹം തിന്നുതീര്‍ത്തു; ദക്ഷിണാഫ്രിക്കന്‍ വേട്ടക്കാരന്റേതായി അവശേഷിച്ചത് പാന്റും തലയോട്ടിയും. കഴിഞ്ഞയാഴ്ചയാണ് അഞ്ച് കണ്ടാമൃഗ വേട്ടക്കാര്‍ ദക്ഷിണാഫ്രിക്കയിലെ ക്രുഗര്‍ ദേശീയ പാര്‍ക്കില്‍ കണ്ടാമൃഗത്തെ കൊല്ലാനായി അനധികൃതമായി പ്രവേശിച്ചത്. പക്ഷെ ഒരാഴ്ച പിന്നിടുമ്പോള്‍ നാല് പേരെ തിരിച്ചു വന്നുള്ളൂ. ഒരാള്‍ കൊല്ലപ്പെട്ടു. വേട്ടക്കാരനെ ആന കൊന്നെന്നും പിന്നീട് ഇയാളുടെ മൃതദേഹം സിംഹം ഭക്ഷിച്ചുവെന്നുമാണ് പാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
തോക്കുകളും ആയുധങ്ങളും ഏന്തിയാണ് കണ്ടാമൃഗ വേട്ടയ്ക്കായി അ!ഞ്ച് പേരടങ്ങുന്ന വേട്ട സംഘം ഉദ്യാനത്തില്‍ പ്രവേശിച്ചത്. ഇവരില്‍ ഒരാളാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ആനയുടെ ആക്രമണത്തില്‍ മരിച്ച വേട്ടക്കാരന്റെ മൃതദേഹം ഒപ്പമുണ്ടായിരുന്നയാള്‍ റോഡിലേക്ക് കൊണ്ടു വന്നിരുന്നു. എന്നാല്‍ പൊടുന്നനെ അപ്രത്യക്ഷമാവുകയായിരുന്നു. മൃതദേഹത്തിനായി പോലീസും മറ്റും പാര്‍ക്കില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച ഇയാളുടെ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ നദിക്കരയില്‍ നിന്നുമാണ് കണ്ടെടുത്തത്. സിംഹങ്ങള്‍ക്ക് പേര് കേട്ടതാണ് ഈ ഉദ്യാനം.
ലോകത്തിലെ കണ്ടാമൃഗങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലും ക്രുഗര്‍ ദേശീയോദ്യാനം പ്രശസ്തമാണ്. ലോകത്തിലെ തന്നെ 80% കണ്ടാമൃങ്ങളും ദക്ഷിണാഫ്രിക്കയിലാണുള്ളത്. ‘ക്രുഗര്‍ ദേശീയോദ്യാനത്തില്‍ കാല്‍നടയായി പ്രവേശിക്കുന്നത് ജീവന്‍ അപകടത്തിലാക്കും. അത്രയ്ക്കധികം വന്യമൃഗങ്ങളുണ്ടിവിടെ. കൊല്ലപ്പെട്ടയാളുടേതായി ആകെ അവശേഷിച്ചത് തലയോട്ടിയും പാന്റും മാത്രമാണെന്ന്’, ക്രുഗര്‍ ദേശീയോദ്യാന മാനേജിങ് എക്‌സിക്യൂട്ടീവ് ഗ്ലെന്‍ ഫിലിപ്‌സ് വ്യക്തമാക്കി. വേട്ടക്കാരന്റെ മരണത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷപ്പെട്ട മറ്റ് നാല് വേട്ടക്കാരെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. വേട്ടക്കാരുടെ കൈവശം നിന്ന് തോക്കുകളും മറ്റും ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല