1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2016

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ കോടീശ്വരന്മാര്‍ക്ക് ഇന്ത്യയെ വേണ്ട, കഴിഞ്ഞ വര്‍ഷം നാടുവിട്ട കോടീശ്വരന്മാര്‍ 4,000. കഴിഞ്ഞ വര്‍ഷം വിദേശ രാജ്യങ്ങളിലേക്ക് മാറിയത് 4000 ഇന്ത്യന്‍ കോടീശ്വരന്മാരാണെന്ന് ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇന്ത്യയേക്കാള്‍ കഷ്ടമാണ് ഫ്രാന്‍സിന്റെ കാര്യം. 10000 സമ്പന്നരായ ഫ്രഞ്ചുകാരാണ് വിദേശത്തേക്ക് പോയത്.

സമ്പന്നര്‍ കൂടുമാറുന്ന കാര്യത്തില്‍ ഫ്രാന്‍സിന് തൊട്ടുപിന്നില്‍ ചൈനയാണ്. 9,000 ചൈനീസ് ലക്ഷപ്രഭുക്കളാണ് വിദേശത്തേക്ക് കുടിയേറിയത്. മൂന്നാം സ്ഥാനം 6000 പേര്‍ രാജ്യം വിട്ട ഇറ്റലിക്കാണ്. ഫ്രഞ്ചു നഗരങ്ങളോട് നാട്ടുകാര്‍ക്ക് പ്രിയം കുറയുന്നതിന് കാരണം വര്‍ദ്ധിച്ചു വരുന്ന ക്രിസ്ത്യന്‍ മുസ്‌ളീം സംഘര്‍ഷമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ നിലയില്‍ മുന്നോട്ടു പോയാല്‍ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഫ്രാന്‍സിന് കനത്ത നഷ്ടം നേരിടേണ്ടി വരുമെന്നാണ് സൂചന. ബല്‍ജിയം, ജര്‍മ്മനി, സ്വീഡന്‍, യുകെ എന്നീ രാജ്യങ്ങളും ഈ ഭീഷണിയുടെ നിഴലിലാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഗ്രീസില്‍ നിന്നും ഇതിനകം 3000 പേരും റഷ്യ, സ്‌പെയിന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും 2000 പണക്കാരും നാടുവിട്ടു.

പുതിയ കോടീശ്വരന്മാരും ലക്ഷപ്രഭുക്കളും ഉണ്ടായിക്കൊണ്ടിരുന്നതിനാല്‍ ഇന്ത്യക്കും ചൈനക്കും ഇക്കാര്യത്തില്‍ പേടിക്കേണ്ട കാര്യമില്ലെന്നും ഈ രാജ്യങ്ങള്‍ സാമ്പത്തീകമായി മെച്ചപ്പെട്ടാല്‍ പോയവരെല്ലാം നാട്ടിലേക്ക് തിരിച്ചു പോരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുറപ്പെട്ടുപോകുന്ന സമ്പന്നരുടെ പ്രിയങ്കരമായ രാജ്യം ഓസ്‌ട്രേലിയയാണ്. തൊട്ടുപിന്നില്‍ അമേരിക്കയും കാനഡയുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.