സംസ്ഥാനത്തെ മന്ത്രിമാരില്‍ സമ്പന്നന്‍ പി.കെ. കുഞ്ഞാലിക്കുട്ടി. പി.കെ. ജയലക്ഷ്മിയാണ് സ്വത്ത് കുറഞ്ഞ മന്ത്രി. നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തങ്ങളുടെ സ്വത്ത് വിവരം സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെയാണ് മന്ത്രിമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പലരുടേയും സ്വത്ത് വിവരം പൂര്‍ണമല്ല. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 1,40,10,408 രൂപയുടെ സമ്പാദ്യമാണുള്ളത്.
ഇദ്ദേഹത്തിനും ഭാര്യയ്ക്കുമായി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 13.22 ഏക്കര്‍ ഭൂമിയുണ്ട്. സ്വത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ മന്ത്രിസഭയിലെ ഏക വനിതാ പ്രതിനിധിയായ പി.കെ. ജയലക്ഷ്മിയാണ്. 1.27 ഏക്കര്‍ ഭൂമിയും രണ്ടുലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവുമാണ് പട്ടികവര്‍ഗ വകുപ്പ് മന്ത്രി ജയലക്ഷ്മിക്കും പിതാവിനും കൂടിയുള്ളത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കുടുംബത്തിന്റെയും സ്വത്ത് 2,86,828 രൂപയാണ്. ഇതില്‍ മുഖ്യമന്ത്രിയുടെ മാത്രം സമ്പാദ്യം 25,403 രൂപയും. മുഖ്യമന്ത്രിയുടെ പേരില്‍ സ്വന്തമായി ഭൂമിയില്ല. ഭാര്യയുടെ പേരില്‍ തിരുവനന്തപുരത്തു 13.5 സെന്‍റ് സ്ഥലവും വീടുമുണ്ട്. ഭാര്യയ്ക്ക് കാറുണ്ടെങ്കിലും അതിനു 3,22,759 രൂപയുടെ വായ്പയുമുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ പക്കല്‍ 38 ഗ്രാം സ്വര്‍ണവും വിവിധ ബാങ്കുകളിലായി 25,403 രൂപ നിക്ഷേപവുമുണ്ട്.
മുഖ്യമന്ത്രിക്കു പുറമെ തൊഴില്‍മന്ത്രി ഷിബു ബേബി ജോണിനു മാത്രമാണ് കടബാധ്യതയുള്ളത്. കടബാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന ഷിബു ബേബിജോണിനു കാര്‍ വായ്പ അടക്കം 1,16,24,924 രൂപയാണു കടം. 663 സെന്‍റ് പുരയിടവും 25,86,805 രൂപ ബാങ്ക് ബാലന്‍സും 9,58,664 രൂപയുടെ ഓഹരികളും 31 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പ്രീമിയവും ഷിബു ബേബിജോണിനുണ്ട്. ഭാര്യയ്ക്ക് 105 പവന്‍ സ്വര്‍ണമുണ്ട്. നാല് ആഡംബര കാറുകള്‍ ഇദ്ദേഹത്തിനുണ്ട്.
വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിനും ഭാര്യയ്ക്കുമായി 68 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. 107 സെന്‍റ് സ്ഥലം ആര്യാടനുണ്ട്. ഭാര്യയുടെ പേരില്‍ 20 പവന്‍ സ്വര്‍ണവുമുണ്ട്. ഭക്ഷ്യമന്ത്രി ടി.എം. ജേക്കബിന് 47,15,645 രൂപയുടെ നിക്ഷേപവും 24.44 ഏക്കര്‍ ഭൂമിയുമുണ്ട്. ഭാര്യയ്ക്ക് 350 ഗ്രാം സ്വര്‍ണവും കാറുമാണുള്ളത്. സാമൂഹ്യക്ഷേമമന്ത്രി എം.കെ. മുനീറിന് 50 സെന്‍റ് സ്ഥലവും 28 ലക്ഷം രൂപയുടെ സമ്പാദ്യവുമുണ്ട്. ഇതില്‍ ഭൂരിഭാഗം ഓഹരി വിപണിയിലെ നിക്ഷേപമാണ്.
പൊതുമരാമത്തു മന്ത്രി ഇബ്രാഹിം കുഞ്ഞിന് 185 സെന്‍റ് സ്ഥലവും 19 ലക്ഷത്തിന്റെ നിക്ഷേപവുമാണുള്ളത്. സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന് 39 സെന്‍റ് സ്ഥലവും 22 ലക്ഷത്തിന്റെ സമ്പാദ്യവും ഭാര്യയുടെ പേരില്‍ 576 ഗ്രാം സ്വര്‍ണവും കാറുമുണ്ട്. ധനമന്ത്രി കെ.എം. മാണിക്ക് 11 ലക്ഷം രൂപയാണ് സമ്പാദ്യം. 1.92 ഏക്കര്‍ ഭൂമി, ഭാര്യയ്ക്ക് 250 പവന്‍ സ്വര്‍ണം എന്നിവയുണ്ട്. രണ്ടു കാറുകളുമുണ്ട്. സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫിന് 90 സെന്‍റ് സ്ഥലവും 18 ലക്ഷം രൂപയും കാറും ഭാര്യയുടെ പേരില്‍ 39 പവന്‍ സ്വര്‍ണവുമുണ്ട്.
വനം മന്ത്രി കെ.ബി. ഗണേശ് കുമാറിന് 11 ലക്ഷത്തിന്റെസമ്പാദ്യവും 6.57 ഏക്കര്‍ പുരയിടവും ഭാര്യയുടെ പേരില്‍ 175 പവന്‍ സ്വര്‍ണവുമുണ്ട്. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന് 20 ഏക്കറിലധികം ഭൂമിയുണ്ട്. ഭാര്യയുടെ പേരില്‍ ബാംഗ്ലൂരിലും കൊച്ചിയിലും രണ്ട് ഫ്ലാറ്റുകളും 398 പവന്‍ സ്വര്‍ണവുമുണ്ട്.
ജലവിഭവ മന്ത്രി പി.ജെ. ജോസഫിനു 47 ഏക്കറിലധികം ഭൂമിയാണുള്ളത്. എകൈ്‌സസ് മന്ത്രി കെ.ബാബുവിന് എട്ടു ലക്ഷത്തിലധികം രൂപയുടെ നിക്ഷേപവും 1.5 ഏക്കര്‍ ഭൂമിയും ഭാര്യയ്ക്ക് 48 പവന്റെ ആഭരണങ്ങളുമുണ്ട്. റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 11 ലക്ഷം രൂപയുടെ സമ്പാദ്യവും 1.88 ഏക്കര്‍ ഭൂമിയുമുണ്ട്. ഗതാഗത മന്ത്രി വി.എസ്. ശിവകുമാറിനു രണ്ടു ലക്ഷം രൂപയിലേറെ നിക്ഷേപവും ഭാര്യയുടെ പേരില്‍ 30 സെന്‍റ് ഭൂമിയുമുണ്ട്. 51 പവന്‍ സ്വര്‍ണ്ണവുമുണ്ട്.
കൃഷി മന്ത്രി കെ.പി. മോഹനന് 438 സെന്‍റ് പുരയിടവും 400 ഗ്രാം സ്വര്‍ണവും കാറുമുണ്ട്. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിന് മൂന്നു ഏക്കറോളം ഭൂമിയും 100 പവന്‍ സ്വര്‍ണ്ണവുമുണ്ട്. പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി എ.പി.അനില്‍ കുമാറിന് 33 സെന്‍റ് ഭൂമിയും 112 ഗ്രാം സ്വര്‍ണ്ണാഭരണവും കാറുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല