സ്വന്തം ലേഖകൻ: വിനീഷ്യസ് ജൂനിയര്‍ നല്‍കിയ ആ പാസ് കാലുകൊണ്ട് തട്ടിയുയര്‍ത്തി വായുവിലേക്ക് ചെരിഞ്ഞ് റിച്ചാര്‍ലിസന്‍ തൊടുത്തുവിട്ട ബൈസൈക്കിള്‍ കിക്ക് ലക്ഷ്യം കണ്ടപ്പോള്‍ പിറന്നത് ഖത്തർ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും മനോഹരമായ ഗോള്‍. നിങ്ങള്‍ ഒരു ബ്രസീല്‍ ആരാധകന്‍ അല്ലെങ്കില്‍പ്പോലും ആ ഗോള്‍ ആഘോഷിക്കും.
സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും റിച്ചാര്‍ലിസന്റെ ഗോള്‍ ആവര്‍ത്തിച്ച് കാണുകയാണ് ആരാധകര്‍. ഇതേ ഗോളിനായി താരം പരിശീലിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഈ ലോകകപ്പില്‍ ബ്രസീലിന്റെ സുവര്‍ണതാരമായി റിച്ചാല്‍ലിസന്‍ മാറുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ഉയരുന്നത്.
സൂപ്പര്‍താരം ഫിര്‍മിനോയ്ക്ക് സ്‌ക്വാഡില്‍ പോലും ഇടം ലഭിക്കാതിരിക്കുകയും ഒപ്പം തന്നെ ഗബ്രിയേല്‍ ജീസസിനേയും റോഡ്രിഗോയെയും ബെഞ്ചിലിരുത്തി റിച്ചാര്‍ലിസനെ ടിറ്റെ ആദ്യ ഇലവനില്‍ കളത്തിലിറക്കുകയും ചെയ്തപ്പോള്‍ പലരുടേയും നെറ്റി ചുളിഞ്ഞിരുന്നു. ടോട്ടനം ഹോട്‌സ്പറില്‍ താരം സ്ഥിരതയാര്‍ന്ന പ്രകടനം നടത്താതിരുന്നതും ഒപ്പം പരിക്കുമായിരുന്നു ഇതിന് കാരണം.
എന്നാല്‍ സെര്‍ബിയക്ക് എതിരായ മത്സരത്തിലൂടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ടിറ്റെയും റിച്ചാര്‍ലിസനും. ബ്രസീലിനായി അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്ന് ഇതോടെ താരം ഒന്‍പത് ഗോളുകളും അടിച്ചു. ആദ്യ ലോകകപ്പ് മത്സരത്തില്‍ തന്നെ ഇരട്ട ഗോള്‍ നേടുകയെന്ന 2019ലെ നെയ്മറുടെ റെക്കോഡിനൊപ്പം താരം എത്തുകയും ചെയ്തു.
പ്രതിഭകളുടെ അതിപ്രസരമുള്ള ബ്രസീലില്‍ പൂര്‍ണമായും ഫോമിലെത്തിയാല്‍ ലക്ഷണമൊത്ത ഒരു സ്‌ട്രൈക്കറാണ് റിച്ചാര്‍ലിസന്‍. ക്ലബ് ഫുട്‌ബോളില്‍ എവര്‍ട്ടണില്‍ നിന്ന് ഹോട്ട്‌സ്പറില്‍ എത്തിയ താരം സ്പര്‍സിനായി ഇനിയും ഗോള്‍ നേടിയിട്ടില്ല. പക്ഷേ ബ്രസീല്‍ ജഴ്‌സിയില്‍ അയാള്‍ തീ ആയി മാറുന്ന കാഴ്ചയാണ്.
സെര്‍ബിയക്ക് എതിരെയുള്ള മത്സരത്തില്‍ 64 മിനിറ്റ് വരെ പ്രതിരോധക്കോട്ട കെട്ടി ടീമിനെ ഗോളിലേക്ക് അടുപ്പിക്കാതെ നില്‍ക്കുമ്പോഴാണ് ഇരട്ട ഗോളുമായി താരം അവതരിച്ചത്. ഈ ലോകകപ്പില്‍ ടിറ്റെയുടെ തന്ത്രങ്ങള്‍ക്കും ബ്രസീലിന്റെ ആറാം കിരീടമെന്ന സ്വപ്‌നത്തിനും ചിറക് മുളപ്പിക്കുകൂടിയാണ് താരം.
കൽപ്പണിക്കാരനായിരുന്നു റിച്ചാലിസന്റെ അച്ഛൻ ആൻഡ്രഡെ. അമ്മ ശുചീകരണത്തൊഴിലാളി. ഇടയ്ക്ക് ഐസ്‌ക്രീം വിൽക്കാനും പോകും. 1997 മെയ് പത്തിന് ജനിച്ച റിച്ചാലിസൺ അവരുടെ അഞ്ചു മക്കളിൽ ഏറ്റവും ഇളയവനായിരുന്നു.
ചെറുപ്പത്തിൽ മറ്റു കുട്ടികൾ മയക്കുമരുന്നു വിറ്റു നടക്കുമ്പോൾ ഐസ്‌ക്രീം വിറ്റിട്ടുണ്ട് റിച്ചാലിസൺ. ഒരഭിമുഖത്തിൽ അക്കാലം അയാൾ ഓർത്തെടുക്കുന്നത് ഇങ്ങനെ; :എന്റെ മിക്ക സുഹൃത്തുക്കളും തെരുവിൽ ലഹരിമരുന്നു വിറ്റിരുന്നു. പണമുണ്ടാക്കാനുള്ള എളുപ്പമാർഗമായിരുന്നു അത്. അത് തെറ്റാണെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. അതുകൊണ്ടു ഞാൻ ഐസ്‌ക്രീമും ചോക്ലേറ്റും വിറ്റു. കാറുകൾ കഴുകി പണമുണ്ടാക്കി. അതാണ് ശരി എന്നെനിക്ക് അറിയാമായിരുന്നു.“
ബ്രസീലിലെ മറ്റേതു ബാലനെയും പോലെ കളി തലയ്ക്കു പിടിച്ചതായിരുന്നു റിച്ചാലിസന്റെ ബാല്യം. അതു കണ്ട അച്ഛൻ മകന് വാങ്ങിക്കൊണ്ടു വന്നത് പത്തു ബോളുകൾ. ‘അച്ഛന് അതിനുള്ള കഴിവുള്ളതു കൊണ്ടായിരുന്നില്ല, എന്നാൽ എന്നെ ഫുട്‌ബോളറാക്കണമെന്ന വാശിയായിരുന്നു അതിനു പിന്നിലെന്ന്’ ദ സൺ പത്രത്തിന് നൽകിയ അഭിമുഖത്തിൽ റിച്ചാലിസൺ പറയുന്നു.
ചെറുപ്പത്തിൽ എല്ലാ തിങ്കളാഴ്ചയും ഒമ്പതു കിലോമീറ്റർ ഓടി ഫുട്‌ബോൾ സ്‌കൂളിൽ അവൻ പരിശീലനത്തിന് പോയി. മഴയായാലും വെയിലായാലും അതിനു മുടക്കമുണ്ടായിരുന്നില്ല. 600 കിലോമീറ്റർ അകലെയുള്ള ബെലോ ഹൊറിസോണ്ടെയിലെ അമേരിക്ക എംജിയിലാണ് ആദ്യമായി റിച്ചാലിസൺ ട്രയലിന് പോയത്. പോകുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും ടിക്കറ്റിനുള്ള പണമുണ്ടായിരുന്നു. എന്നാൽ യാത്രയ്ക്കിടെ വിശന്നു. ഭക്ഷണം വാങ്ങിക്കഴിച്ചതോടെ തിരിച്ചുവരാനുള്ള പണമില്ലാതായി. ആ ട്രയൽ വിജയിച്ചിരുന്നില്ലെങ്കിൽ അവൻ അവിടെ കുടുങ്ങിപ്പോകുമായിരുന്നു.
2015 ജൂലൈ നാലിന് റിച്ചാലിസൺ മോഗി മിരിമിനെതിരെ കളത്തിലിറങ്ങി പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് ചുവടുവച്ചു. അതേ വർഷം ഡിസംബറിൽ ഫസ്റ്റ് ഡിവിഷൻ ക്ലബായ ഫ്‌ളൂമിനെൻസിൽ. അവിടെ നടത്തിയ മികച്ച പ്രകടനം, പണ്ട് അമ്മാവന്റെ ടിവിയിൽ കണ്ട് സ്വപ്‌നം നെയ്ത പ്രീമിയർ ലീഗിലേക്കുള്ള വഴികാട്ടി.
2017 ഓഗസ്റ്റിൽ വാറ്റ്‌ഫോഡ് താരവുമായി ഏർപ്പെട്ടത് അഞ്ചു വർഷത്തെ കരാറിൽ. 11.2 ദശലക്ഷം പൗണ്ടിന് വാങ്ങിയ താരത്തെ പിറ്റേവർഷം വാറ്റ്‌ഫോഡ് എവർട്ടണ് വിറ്റത് 35 ദശലക്ഷം പൗണ്ടിന്. 2022ൽ ടോട്ടൻഹാം ഹോട്‌സ്പർ ആയി അടുത്ത തട്ടകം. ക്ലബ് അയാൾക്കായി മുടക്കിയത് 50 ദശലക്ഷം പൗണ്ട്. അതിനിടെയാണ് ദേശീയ ടീമിലേക്കുള്ള വിളിയെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല