സ്വന്തം ലേഖകന്‍: സിറിയന്‍ സന്നദ്ധ സംഘടനയായ വൈറ്റ് ഹെല്‍മറ്റ്സിന് ബദല്‍ നോബേല്‍ പുരസ്കാരമായ റൈറ്റ് ലിവ്ലിഹുഡ് സമ്മാനം. ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്ന് ആയിരക്കണക്കിന് ആളുകളെ രക്ഷിച്ചത് വൈറ്റ് ഹെല്മറ്റ്സായിരുന്നു.
സിറിയയിലെ സംഘടനയുടെ ഈ സേവനങ്ങളെ മാനിച്ചാണ് പുരസ്കാരം. ബോംബിംഗ് കഴിഞ്ഞാലുടന്‍ രക്ഷാപ്രവര്‍ത്തനവുമായി രംഗത്തിറങ്ങുന്ന വൈറ്റ് ഹെല്‍മറ്റ്സ് സിറിയയിലെ സാധാരണക്കാരുടെ പ്രധാന ആശാകേന്ദ്രങ്ങളില് ഒന്നാണ്. സമാധാനം സ്ഥാപിച്ചു കഴിഞ്ഞാലും പുനര്‍നിര്‍മാണത്തിന് ഇവരുടെ സഹായം ഒഴിച്ചുകൂടാന്‍ പറ്റാത്തതാകുമെന്ന് പുരസ്കാര പ്രഖ്യാപനം നടത്തിക്കൊണ്ട് റൈറ്റ് ലിവ്ലിഹുഡ് അവാര്‍ഡ് ഫൗണ്ടേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഓലെ വോണ്‍ ഉക്സ്കള് പറഞ്ഞു.
ഈജിപ്ഷ്യന്‍ ഫെമിനിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മൊസന് ഹസന്, അഭയാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന റഷ്യയുടെ സ്വെറ്റ്ലാന ഗനുഷ്കിനാ എന്നിവരും തുര്‍ക്കി പത്രം കുംഹുരിയതുമാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍. നാലു പേര്‍ക്കുംകൂടി 352,000 ഡോളര്‍ ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല