സ്വന്തമായി ഒരു വീട് എന്നത് ഏതൊരു മലയാളിയുടെയും സ്വപ്നമാണ്.ലോകത്തില്‍ എവിടെച്ചെന്നാലും എങ്ങിനെയെങ്കിലും ഒരു വീട് സ്വന്തമാക്കുക എന്നതായിരിക്കും മലയാളിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്.ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് യു കെയിലേക്ക് കുടിയേറാന്‍ തുടങ്ങിയ മലയാളിയുടെ മനോഭാവവും ഇതില്‍ നിന്നും തെല്ലും വ്യത്യസ്തമല്ല.പലരും ആദ്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ ഉള്ള പണമെല്ലാം സ്വരുക്കൂട്ടി വീട് വാങ്ങി.എക്സ്ട്ര ഡ്യൂട്ടി ചെയ്തും ചെലവു ചുരുക്കിയും ഉണ്ടാക്കുന്ന പണം ഉപയോഗിച്ച് കഴിയുന്നതും വേഗം മോര്‍ട്ട്ഗേജ് അടച്ചു തീര്‍ത്ത് വീട് സ്വന്തമാക്കാനുള്ള തത്രപ്പാടിലാണ് ഓരോ യു കെ മലയാളിയും.
എന്നാല്‍ 2007 -മുതല്‍ വീട് വിലയില്‍ ഉണ്ടായ ഇടിവ് പല മലയാളികളിലും ആശങ്കയുണര്‍ത്തിയിരുന്നു.20 – 30 ശതമാനം വരെ വീടുവില ഇടിഞ്ഞപ്പോള്‍ തങ്ങള്‍ കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയ പണം വെള്ളത്തിലായല്ലോ എന്ന വിഷമത്തില്‍ മിക്കവരും തലയില്‍ കൈവച്ചു.എന്നാല്‍ തന്‍റെ വീട് വില്‍ക്കാന്‍ വേണ്ടിയല്ല വാങ്ങിയത് ,അതിനാല്‍ വിലവ്യതിയാനം തങ്ങളെ ബാധിക്കില്ല എന്നു പറഞ്ഞ ചുരുക്കം ചില മലയാളികളുമുണ്ട്.യു കെയില്‍ നിന്നൊരു തിരിച്ച് പോക്ക് സ്വപ്നത്തില്‍ പോലുമില്ലാത്ത ഈ വിഭാഗത്തിന്റെ നിലപാട് തികച്ചും ശരിയുമായിരുന്നു.
അതേസമയം 2007 -ന് ശേഷം വീട് വാങ്ങാന്‍ ആലോച്ചിരുന്നവരെ സംബന്ധിച്ചിടത്തോളം കണ്‍ഫ്യൂഷന്‍റെ നാളുകള്‍ ആയിരുന്നു കടന്നു പോയത്.2007 മുതല്‍ 2009 വരെ കുത്തനെ ഇടിഞ്ഞ വീടുവില 2010 തുടക്കം മുതല്‍ അനക്കം വച്ച് തുടങ്ങിയിരുന്നു. എന്നാല്‍ 2010 -ന്‍റെ അവസാന പകുതിയില്‍ വില വീണ്ടും കുറഞ്ഞ് പഴയ നിലയിലേക്ക് വന്നു.ഈ വിലയിടിവിന് ഒരു അവസാനം കണ്ടിട്ട് മതി കൈയിലെ പണം തങ്ങളുടെ സ്വപ്നഗൃഹത്തില്‍ മുടക്കാന്‍ എന്നു കരുതി ആദ്യ വീട് വാങ്ങല്‍ നീട്ടി വച്ചിരിക്കുകയാണ് 2006 – ന് ശേഷം കുടിയേറിയ മലയാളികള്‍.എന്നാല്‍ ആദ്യ കാല കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ വീട് എപ്പോള്‍ വാങ്ങണമെന്നാണ് ഇപ്പോഴത്തെ ചിന്ത.
എന്തായാലും ഈ രണ്ടു വിഭാഗവും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമയമായി എന്നാണ് ഹൌസിംഗ് മാര്‍ക്കെറ്റില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍ പറയുന്നത്.ഇംഗ്ലണ്ട് ,വെയില്‍സ് എന്നിവടങ്ങളിലെ വീടിന്‍റെ വില ഉയര്‍ന്നു തുടങ്ങിയെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.ആവശ്യക്കാരുടെ എണ്ണം കൂടിയതും പലിശ കുറഞ്ഞ ഭവന വായ്പകള്‍ ലഭ്യമായിതുടങ്ങിയതുമാണ് വില കൂടാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.2010 ഡിസംബറിനു ശേഷം വീടിന്‍റെ ശരാശരി വിലയില്‍ 1733 പൌണ്ടിന്റെ വര്‍ധനയുണ്ടായതായും ഈ ട്രെന്‍ഡ് തുടരുമെന്നും അടുത്ത ആറുമാസം കൊണ്ട് അഞ്ചു ശതമാനം കൂടി വില വര്‍ധിക്കുമെന്നും വിദഗ്ദര്‍ പറയുന്നു.
മാര്‍ക്കറ്റിലെ അനക്കം മനസിലാക്കിയ വീടുടമകള്‍ വില്‍ക്കാനുള്ള വില കൂടുതല്‍ ചോദിച്ചു തുടങ്ങിയതായി ബ്രിട്ടനിലെ മുന്‍നിര എസ്റെറ്റ് എജെന്റായ റൈറ്റ് മൂവ് പറയുന്നു.തൊഴിലില്ലായ്മയും പണപ്പെരുപ്പവും കുറഞ്ഞത് ഹൌസിംഗ് മാര്‍ക്കെറ്റില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി കരുതപ്പെടുന്നു.അതേ സമയം നാണയപ്പെരുപ്പം കുറഞ്ഞതു മൂലം പലിശനിരക്ക് ഉടനെയൊന്നും വര്‍ധിക്കാന്‍ ഇടയില്ലെന്നാണ് വിദഗ്ദാഭിപ്രായം. ഇതോടൊപ്പം കുറഞ്ഞ പലിശയുള്ള മോര്‍ട്ട്ഗേജ് ലഭിക്കാന്‍ തുടങ്ങിയതും കൂടുതല്‍ ആവശ്യക്കാര്‍ മാര്‍ക്കറ്റില്‍ എത്താന്‍ കാരണമായി.എന്തായാലും മാര്‍ക്കെറ്റിലെ ഈ അനക്കം നമ്മുടെയൊക്കെ സ്ട്രീറ്റില്‍ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്.വര്‍ഷങ്ങളായി For Sale ബോര്‍ഡ് കിടന്നത് ഇപ്പോള്‍ Sold എന്നായി മാറിത്തുടങ്ങിയിട്ടുണ്ട്.സ്വന്തമായി ഒരു സ്വപ്നഗൃഹം എന്ന മോഹം പൂവണിയാന്‍ നാളുകള്‍ അടുത്തു എന്നു സാരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല