മാലിദ്വീപില്‍ സൈനിക അട്ടിമറിയിലൂടെ പുറത്തായ പ്രസിഡന്‍റ് മുഹമ്മദ് നഷീദിനും അദ്ദേഹത്തിന്‍റെ കാലത്തെ പ്രതിരോധമന്ത്രി ആദം ഗഫൂറിനും അറസ്റ്റ് വോറന്‍റ്. നഷീദിന്‍റെ മാലിദ്വീപ് ജനാധിപത്യ പാര്‍ട്ടിയിലെ പ്രമുഖ നേതാവാണ് ആദം ഗഫൂര്‍. അതേസമയം, മുന്‍ വൈസ്പ്രസിഡന്‍റ് വഹീദ് ഹസന്‍റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്‍റെ പൊലീസ് മേധാവി അബ്ദുള്ള റിയാസ് ഇക്കാര്യം നിഷേധിച്ചു. അറസ്റ്റിനുള്ള ഉത്തരവിട്ടതായി അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് സംഘര്‍ഷം വ്യാപിച്ചു. ആയിരത്തിലേറെ ദ്വീപ്സമൂഹങ്ങളില്‍ കലാപം ഉടലെടുത്തിട്ടുണ്ട്. എല്ലായിടത്തും ക്രമസമാധാനം തകര്‍ന്നതായി രാജ്യത്തെ രണ്ടാമത്തെ വലിയ നഗരം അഡുവിലെ മേയര്‍ അബ്ദുള്ള സോഡിഗ് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. 2003ല്‍ തടവുപുള്ളി സുരക്ഷാ സൈനികരാല്‍ കൊല്ലപ്പെട്ടപ്പോഴുണ്ടായ കലാപത്തിലുശേഷം രാജ്യത്ത് ഇത്രയും രൂക്ഷമായ സംഘര്‍ഷാവസ്ഥയുണ്ടാകുന്നത് ഇതാദ്യം.
നഷീദിന്‍റെ ഭാര്യയും രണ്ടു പെണ്‍മക്കളും ശ്രീലങ്കയിലേക്കു പലായനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്ത് സംഘര്‍ഷം വ്യാപിച്ചതിനെത്തുടര്‍ന്നാണിത്. നഷീദിന്‍റെ കുടുംബം ലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സെയുമായി ഫോണില്‍ സംസാരിച്ചു. ഇവരുടെ സുരക്ഷാകാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് രാജപക്സെ അറിയിച്ചിട്ടുണ്ട്. മാലെയിലെ ബന്ധുവാണ് നഷീദിന്‍റെ കുടുംബം ലങ്കയിലേക്കു കടന്നതായി അറിയിച്ചത്.
പുറത്താക്കപ്പെട്ട പ്രസിഡന്‍റ് മുഹമ്മദ് നഷീദിന്‍റെ അനുയായികള്‍ പത്തോളം ദ്വീപുകളുടെ നിയന്ത്രണം കൈക്കലാക്കി. പൊലീസ് സ്റ്റേഷനുകള്‍ക്കു നേരേ വ്യാപകമായ ആക്രമണം നടക്കുന്നതായും റിപ്പോര്‍ട്ട്. തന്നെ തോക്കിന്‍ മുനയില്‍ നിര്‍ത്തി രാജിവയ്പ്പിക്കുകയായിരുന്നുവെന്നു പറഞ്ഞു നഷീദ് രംഗത്തെത്തിയിരുന്നു. അട്ടിമറിക്കു ശേഷം പുതിയ ഭരണാധികാരിയായ വഹീദ് ഹസന്‍ ആ പദവിക്ക് അനുയോജ്യനല്ലെന്നും നഷീദ് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണു നഷീദിന്‍റെ അനുകൂലികള്‍ പ്രക്ഷോഭം ആരംഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല