സ്വന്തം ലേഖകൻ: ടോറി നേതൃത്വ പോരാട്ടത്തില്‍ എംപിമാരുടെ പിന്തുണ കൂടുതല്‍ ലഭിച്ച മുന്‍ ചാന്‍സലര്‍ റിഷി സുനാകിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ നിലപാട് തിരിച്ചടിയാവുന്നു. 1,60000 ടോറി പ്രവര്‍ത്തകരുടെ വോട്ടിങ്ങിലേയ്ക്ക് എത്തുമ്പോള്‍ ലിസ് ട്രസ് വലിയ മേധാവിത്തം നേടുമെന്നാണ് സര്‍വെ ഫലങ്ങള്‍. സുനാകിനെ ഞെട്ടിച്ചു ലിസ് ട്രസ് ആദ്യ പോള്‍ ഫലങ്ങളില്‍ ലീഡ് നേടി.
നികുതിയുടെ പേരില്‍ ഇരുനേതാക്കളും വാക്‌പോര് നടത്തുന്നതിനിടെയാണ് ടോറി അംഗങ്ങള്‍ക്കിടയില്‍ ട്രസ് മേല്‍ക്കൈ ഉറപ്പാക്കിയത്. യൂഗോവ് സര്‍വെയില്‍ മുന്‍ ചാന്‍സലര്‍ക്കെതിരെ ട്രസ് 24 പോയിന്റ് ലീഡ് നേടി. 62% പേരാണ് ഫോറിന്‍ സെക്രട്ടറിയെ പിന്തുണച്ചത്. സുനാകിനു 38 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളത്.
40 ശതമാനം പേര്‍ക്ക് സുനാകിനെ വിശ്വസിക്കാന്‍ കൊള്ളിലെന്ന് വിധിയെഴുതിയപ്പോള്‍ 18 ശതമാനം ടോറി അംഗങ്ങള്‍ക്ക് ലിസ് ട്രസിനെ ഈ വിധം കാണുന്നു. ലേബര്‍ പാര്‍ട്ടിയുടെ ‘ദുഃസ്വപ്നം’ താനാണെന്ന് സ്വയം അവകാശപ്പെട്ട ലിസ് ട്രസ് തനിക്ക് അടുത്ത് തെരഞ്ഞെടുപ്പ് വിജയിക്കാന്‍ കഴിയുമെന്നും പ്രഖ്യാപനം നടത്തി.
ലിസ് ട്രസിന്റെ 34 ബില്ല്യണ്‍ നികുതി വെട്ടിക്കുറവ് പണപ്പെരുപ്പത്തെ ആകാശം മുട്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ സുനാക് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരാനും ഇടയാക്കുമെന്ന് ചൂണ്ടിക്കാണിച്ചു. എന്നാല്‍ സുനാകിന്റെ പദ്ധതി ബ്രിട്ടനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് ലിസ് ട്രസ് തിരിച്ചടിക്കുന്നത്.
2023 അവസാനം വരെയെങ്കിലും വ്യക്തിഗത നികുതി കുറയ്ക്കാന്‍ കാത്തിരിക്കേണ്ടി വരുമെന്ന് സുനാക് വാദിക്കുന്നു. നിലവിലെ ആശങ്കാജനകമായ പണപ്പെരുപ്പം ഇനിയും നീണ്ടുപോകുമെന്ന ആശങ്കയാണ് സുനാക് പങ്കുവെച്ചത്. കഴിഞ്ഞ ഡിസംബറില്‍ ഇംഗ്ലണ്ടിനെ ലോക്ക്ഡൗണില്‍ നിന്നും രക്ഷിച്ചത് താനാണെന്നും സുനാക് അവകാശപ്പെടുന്നു.
പെന്നി മോര്‍ഡൗന്റിനെ പിന്തള്ളി അവസാന റൗണ്ടിലെത്തിയ ലിസ് രാഷ്ട്രീയത്തില്‍ പയറ്റി തെളിഞ്ഞ ആളാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ തന്നെ യാഥാസ്ഥിക വിഭാഗത്തെ തന്റെ കൂടെ നിര്‍ത്താന്‍ ലിസ് ശ്രമിക്കുന്നുണ്ട്. സാധാരണക്കാരെ ആകര്‍ഷിക്കാന്‍ സുനകിനു കഴിയുന്നില്ല എന്നത് മുന്നോട്ടുള്ള പ്രയാണത്തില്‍ തിരിച്ചടിയാവും. എം പി മാര്‍ക്കിടയില്‍ നടന്ന അഞ്ച് റൗണ്ടു വോട്ടിംഗ് കളിലും വ്യക്തമായ ലീഡ് നിലനിര്‍ത്തി തന്നെയായിരുന്നു സുനാക് ഒന്നാമത് എത്തിയത്. എന്നാല്‍ എം പി മാരുടെ പരിഗണന ആയിരിക്കില്ല പാര്‍ട്ടി അംഗങ്ങളും പ്രവര്‍ത്തകരും നല്‍കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല