സ്വന്തം ലേഖകൻ: ആവശ്യത്തിലേറെ എതിരാളികള്‍ ഉള്ളപ്പോഴാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ആയിരുന്ന നദീന്‍ ഡോറിസ് റിഷിയുമായുള്ള അഭിപ്രായ വ്യത്യാസത്തില്‍ രാജി വച്ച് പുറത്തു പോകുന്നത്. രാജി വച്ച ശേഷം കടുത്ത ഭാഷയിലാണ് അവര്‍ റിഷിയെ വിമര്‍ശിച്ചതും. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് മൃഗീയ ഭൂരിപക്ഷം ഉള്ള സീറ്റ് മുഖ്യ എതിരാളി ലേബര്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതൊക്കെ പാര്‍ട്ടിയില്‍ റിഷിക്ക് സൃഷ്ടിച്ച എതിര്‍പ്പുകള്‍ സമാനതകള്‍ ഇല്ലാത്തതാണ്. ഒരേ സമയം സര്‍ക്കാര്‍ നേരിടുന്ന പ്രയാസങ്ങളും പാര്‍ട്ടിയിലെ വെല്ലുവിളികളും തരണം ചെയ്യുക എന്ന അനിതര സാധാരണമായ പ്രതിസന്ധിയാണ് റിഷി സുനക് ഇപ്പോള്‍ നേരിടുന്നത്.
മാത്രമല്ല സ്വന്തം കസേരയും മന്ത്രിസഭയും രക്ഷിക്കുന്നതിന് ഒപ്പം അടുത്ത തിരഞ്ഞെടുപ്പില്‍ ആടിയുലയും എന്ന് കരുതപ്പെടുന്ന പാര്‍ട്ടിയെ ആപത്തില്‍ നിന്നും രക്ഷിച്ചെടുക്കുക എന്ന മഹാ ധൗത്യവും അദ്ദേഹം ഒറ്റയ്ക്ക് എന്ന വിധമാണ് ഏറ്റെടുക്കേണ്ടത്. താരതമ്യേന ജൂനിയറായ നേതാവ് പ്രധാനമന്ത്രി കസേരയില്‍ എത്തിയത് ഇപ്പോഴും ദഹിക്കാത്ത പാര്‍ട്ടിക്കാരും ഒന്നര മാസത്തെ സമയം കൊണ്ട് പ്രധാനമന്ത്രി പദം കൈവിട്ടതില്‍ അസൂയാലുവായ ലിസ് ട്രേസ് അടക്കം ഉള്ളവരും ഒരു ദയയും കാട്ടാതെയാണ് റിഷിയെ പരസ്യമായും രഹസ്യമായും ഒന്നിച്ചാക്രമിക്കുന്നത്.
അടിക്കടിയുള്ള പാര്‍ട്ടിയിലെ കലാപം റിഷിയുടെ ശക്തി ചോര്‍ത്തുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങള്‍ ആകാംഷയോടെ നോക്കുന്നത്. പ്രത്യേകിച്ചും അടുത്ത ആഴ്ച പാര്‍ലമെന്റില്‍ കടല്‍ കടന്നെത്തുന്ന അഭയാര്‍ത്ഥികളെ റ്വണ്ടയിലേക്ക് അയക്കുന്ന കാര്യത്തില്‍ വോട്ടിങ് നടക്കുമ്പോള്‍ എത്ര പേര്‍ റിഷിക്കൊപ്പം എന്നത് നിര്‍ണായകമാണ്. പാര്‍ട്ടിയില്‍ വിശ്വസ്തര്‍ ആയി ആരും കൂടെയില്ല എന്നതും റിഷി നേരിടുന്ന പ്രതിസന്ധിയാണ്. രണ്ടാഴ്ച മുന്‍പ് മിനി ബജറ്റ് അവതരണത്തിന് തൊട്ടു മുന്‍പ് ധന സെക്രട്ടറിയും പാര്‍ട്ടിയിലെ തല മുതിര്‍ന്ന നേതാവുമായ ജെറെമി ഹാന്റുമായും ഋഷി നേര്‍ക്ക് നേര്‍ കൊമ്പു കോര്‍ത്തതും വാര്‍ത്തകളില്‍ നിറഞ്ഞതാണ്.
രാജ്യത്തിന്റെ സമ്പദ് ഘടന മെച്ചമായ സാഹചര്യത്തില്‍ നികുതി ഇളവിന് ജനങ്ങള്‍ അര്‍ഹരാണ് എന്ന റിഷിയുടെ വാദത്തോട് യോജിക്കാനാകാതെയാണ് ജെറെമി ഹാന്‍ഡ് പാര്‍ലിമെന്റില്‍ എത്തിയത്. ഇപ്പോള്‍ നികുതിയിളവ് സംസാരിക്കാനുള്ള സമയം അല്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് കൂടെക്കൂടെ പറഞ്ഞതും. ഇതോടെ ഇരുവരും ഇരു തട്ടിലായി. മിനി ബജറ്റ് അവതരണത്തില്‍ ജെറെമി പ്രധാനമന്ത്രിയുടെ ഇംഗിതത്തിനു എതിരായ നിലപാട് എടുക്കുമോ എന്ന് പോലും ആശങ്ക ഉയര്‍ന്നിരുന്നു.
ഇതേക്കുറിച്ചു വാര്‍ത്ത ലേഖകര്‍ റിഷിയോട് ചോദ്യം ഉയര്‍ത്തിയപ്പോഴും ചാന്‍സലറുടെ പ്രഖ്യാപനം വരും വരെ ക്ഷമിക്കൂ എന്ന മട്ടില്‍ പറഞ്ഞൊഴിയുകയാണ് ഋഷി ചെയ്തത്. തുടര്‍ന്ന് പാര്‍ലന്‍മെന്റില്‍ എംപിമാരെ കയ്യിലെടുത്താണ് റിഷി തന്റെ വാദത്തിനു പിന്തുണ ഉറപ്പിച്ചെടുത്തത്. നികുതി ഇളവ് നല്‍കാതെ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ എത്ര എംപിമാര്‍ ജയിച്ചു കയറും എന്ന് പാര്‍ലിമെന്ററി യോഗത്തില്‍ റിഷി ഉയര്‍ത്തിയ ചോദ്യത്തിലാണ് മിക്ക എംപിമാരും തകിടം മറിഞ്ഞു ഒപ്പം നിന്നത്.
ഇത്തരത്തില്‍ ഓരോ വിഷയത്തിലും തന്റേതായ നിലപാടുകള്‍ ഉറപ്പിച്ചെടുക്കുന്ന റിഷിയുടെ നിലപാടുകള്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ തന്നെ പുതുമയാണ്. പ്രധാനമന്ത്രിക്ക് സ്വന്തം അഭിപ്രായം ഉള്ളപ്പോഴും പാര്‍ട്ടിയിലെ ജൂനിയര്‍ എംപിമാരെ പോലും അവഗണിച്ചു മുന്നോട്ട് പോകാനാകില്ല എന്നതാണ് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ കാലങ്ങളായുള്ള ശീലം. ബാക്ക് ബെഞ്ചേഴ്സ് എന്നറിയപ്പെടുന്ന വിപ്ലവകാരികളായ എംപിമാര്‍ മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് വരുത്തിയിട്ടുള്ള തലവേദനകളും ചെറുതല്ല. ഇപ്പോള്‍ ആ വിഭാഗത്തിന്റെ കൂടി പിന്തുണ വിഷയാടിസ്ഥാനത്തില്‍ തേടിയാണ് റിഷി പിടിച്ചു നില്കുന്നത്.
എന്നാല്‍ എത്രകാലം അദ്ദേഹം ഇത്തരത്തില്‍ ഓരോ വിഷയത്തിലും അഭിപ്രായ ്‌വ്യത്യാസം നേരിട്ട് പിടിച്ചു നില്കും എന്നതാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം. കലാപക്കൊടി ഉയര്‍ത്തി 30 എംപിമാര്‍ റിഷിയെ തളര്‍ത്താന്‍ തയാറാണ് എന്ന് വ്യക്തമാക്കിയതോടെ വിപ് നിര്‍ബന്ധമാക്കി അവരെ നേരിടാന്‍ ഒരുങ്ങുകയാണ് റിഷിയും പാര്‍ട്ടിയിലെ അനുകൂല വിഭാഗവും. ഒളിഞ്ഞും തെളിഞ്ഞും സ്യുവേലയും റോബര്‍ട്ട് ജെന്റിക്കും തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതും ഈ സാഹചര്യത്തില്‍ നിര്‍ണായകമാണ്.
പാര്‍ട്ടിയെ പിന്തുണക്കുന്ന ബാഹ്യ ഘടകങ്ങള്‍ കൂടി ലോബിയിങ് നടത്താന്‍ തയാറായതോടെ ഒരു വര്‍ഷ കാലാവധി പിന്നിട്ട റിഷി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് റുവാണ്ടന്‍ വിഷയം എന്നുറപ്പായിക്കഴിഞ്ഞു. എന്നാല്‍ ഈ പ്രതിസന്ധിയും തരണം ചെയ്തു മുന്നേറും എന്നാണ് റിഷിയുടെ നിലപാട്. ബ്രെക്‌സിറ്റ് വിഷയത്തില്‍ താന്‍ ഒറ്റപ്പെട്ടു പോയ വിഷമത്തില്‍ റഫറണ്ടത്തിന് ശേഷം രാജി വച്ച് പിന്‍വാങ്ങിയ ഡേവിഡ് കാമറോണിന്റെ പാത ആയിരിക്കുമോ ഇപ്പോള്‍ റിഷിയെയും കാത്തിരിക്കുന്നത് എന്ന ചോദ്യവും പ്രസക്തമാവുകയാണ്.
പ്രത്യേകിച്ചും ഡേവിഡ് കാമറോണ്‍ മന്ത്രിസഭയില്‍ മടങ്ങി എത്തിയ സാഹചര്യത്തില്‍. ഇതോടെ റിഷിക്ക് രാജി വയ്ക്കേണ്ടി വന്നാല്‍ ഉടന്‍ ഇടക്കാല തിരഞ്ഞെടുപ്പാണോ അതോ ഏതാനും മാസത്തേക്ക് ഒരിക്കല്‍ കൂടി രാജ്യം ഡേവിഡ് കാമറോണിനെ പ്രധാനമന്ത്രി കസേരയില്‍ കാണുമോ തുടങ്ങി ഊഹാപോഹങ്ങള്‍ ഏറെയാണ്. എന്ത് സംഭവിച്ചാലും അത് കണ്‍സര്‍വേറ്റികളുടെ മുന്‍പോട്ടുള്ള യാത്രയില്‍ സമാനതകള്‍ ഇല്ലാത്ത പുത്തന്‍ പ്രതിസന്ധികള്‍ കൂടി സൃഷ്ടിക്കുന്ന ദിവസങ്ങളാണ് മുന്നില്‍ എത്തിയിരിക്കുന്നത് എന്ന് വ്യക്തം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല