1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2023

സ്വന്തം ലേഖകൻ: പെട്രോൾ, ഡീസൽ കാറുകളുടെ നിരോധനം 2035 ലേക്ക് നീട്ടിയ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ പ്രഖ്യാപനം നെറ്റ് സീറോ അനുകൂലികളായ പരിസ്ഥിതിവാദികളിൽ നിന്നും കടുത്ത വിമർശനം ഏറ്റുവാങ്ങിയിരുന്നു.

അതിനുപുറമേ വീടുകളുടെ ഹോം ഇൻസുലേഷനും ബോയ്‌ലർ നവീകരണവും വേഗത്തിലാക്കാനുള്ള നടപടികൾ നിർത്തിവയ്ക്കുമെന്ന പ്രഖ്യാപനവും ഋഷി സുനക്ക് കഴിഞ്ഞദിവസം നടത്തിയത് വിവാദത്തിന് വഴിവയ്ക്കുന്നു.

വൈകിപ്പിക്കൽ നടപടികളുടെ ഭാഗമായി ഹോം ഇൻസുലേഷനും ബോയിലർ നവീകരണവും വേഗത്തിലാക്കാനുള്ള ഒരു ടാസ്‌ക്‌ഫോഴ്‌സ് പിരിച്ചുവിട്ടതായി ബ്രിട്ടീഷ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

നാഷണൽ ഇൻഫ്രാസ്ട്രക്ചർ കമ്മീഷൻ അധ്യക്ഷൻ സർ ജോൺ ആർമിറ്റും മറ്റ് പ്രമുഖ വിദഗ്ധരും ഉൾപ്പെട്ട മാർച്ചിൽ ആരംഭിച്ച ഗ്രൂപ്പിനെയാണ് പിരിച്ചുവിട്ടത്.

2030-ലെ പുതിയ പെട്രോൾ കാറുകളുടെ നിരോധനം ഉൾപ്പെടെയുള്ള ആസൂത്രിത ഹരിത നയങ്ങൾ ഈ വിലക്കയറ്റകാലത്ത് ജനങ്ങളെ സാമ്പത്തികമായി വളരെയധികം ബാധിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

“പുതിയ പെട്രോൾ, ഡീസൽ കാറുകൾ, പുതിയ ഗ്യാസ് ബോയിലറുകൾ എന്നിവയുടെ നിരോധനം പോലെയുള്ള ചില കാര്യങ്ങൾ മൂലം സാധാരണ കുടുംബങ്ങൾക്ക് £ 5,000, £ 10,000, £ 15,000 എന്നിങ്ങനെ അധിക ചിലവുണ്ടാക്കും” സുനക് ചൂണ്ടിക്കാണിച്ചു.

അതേസമയം പൊതുതെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ടുള്ള ചെപ്പടിവിദ്യകളാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് ലേബർ പാർട്ടി അടക്കമുള്ള പ്രതിപക്ഷ കക്ഷികളും പരിസ്ഥിതിവാദികളും വിമർശിക്കുന്നു.

എന്നാൽ ഹ്രസ്വകാല രാഷ്ട്രീയ ആവശ്യങ്ങൾക്കല്ല, മറിച്ച് രാജ്യത്തിന്റെ ദീർഘകാല താൽപ്പര്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്ന് പ്രധാനമന്ത്രി വിമർശനങ്ങളോട് പ്രതികരിക്കവേ വ്യക്തമാക്കി.

ഹരിത നയങ്ങളുടെ പുനഃപരിശോധനയിൽ ഭൂവുടമകൾക്കുള്ള ഊർജ കാര്യക്ഷമത നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള ഋഷി സുനക്കിന്റെ തീരുമാനത്തെ രാജ്യത്തെ എനർജി വിദഗ്ദ്ധരും അപകടമെന്ന് വിശേഷിപ്പിക്കുന്നു. ഭാവികാലത്തെ ബ്രിട്ടന്റെ വളർച്ചയെ പിന്നോട്ടടിക്കുന്ന തീരുമാനങ്ങളാണിത്.

ലേബറിന്റെ ഷാഡോ നെറ്റ് സീറോ സെക്രട്ടറി എഡ് മിലിബാൻഡ് പറഞ്ഞു: “13 വർഷമായി വീടുകൾ ഇൻസുലേറ്റ് ചെയ്യുന്നതിൽ ടോറികൾ പരാജയപ്പെട്ടതിനാൽ ഓരോ കുടുംബവും ഉയർന്ന ഊർജ്ജ ബില്ലുകൾ നൽകുന്നുണ്ട്. കുടുംബങ്ങൾക്ക് പണം നഷ്ടപ്പെടുത്തുന്ന മറ്റൊരു ഹ്രസ്വ വീക്ഷണമുള്ള തീരുമാനമാണിത്.”

അധികാരത്തിലെത്തിയാൽ ഒരു ദശാബ്ദത്തിനിടെ യുകെയിലെ ഏറ്റവും മോശം ഇൻസുലേറ്റഡുള്ള 19 ദശലക്ഷം വീടുകൾ നവീകരിക്കുമെന്ന് ലേബർ പറയുന്നു.

നേരത്തേ 2021-ൽ വീടുകൾ ഇൻസുലേറ്റ് ചെയ്യുന്നതിനുള്ള വൗച്ചർ സ്കീമായ ഗ്രീൻ ഹോംസ് ഗ്രാന്റ്, കാര്യക്ഷമം അല്ലാത്തതാണെന്ന ന്യായത്താൽ ഋഷി സുനക്ക് ചാൻസലർ ആയിരുന്നപ്പോൾ നിർത്തലാക്കിയതിനേയും ലേബറുകൾ വിമർശിക്കുന്നു. യൂറോപ്പിലെ ഏറ്റവും പഴക്കമേറിയതും കുറഞ്ഞ ഊർജക്ഷമതയുള്ളതുമായ ഭവനങ്ങൾ ഉള്ളതായി യുകെയെ വിശേഷിപ്പിക്കാറുണ്ട്.

2025 മുതൽ, എനർജി പെർഫോമൻസ് സർട്ടിഫിക്കറ്റ് (ഇപിസി) സി അല്ലെങ്കിൽ ഉയർന്ന പ്രോപ്പർട്ടികളിൽ മാത്രമേ പുതിയ വാടകക്കാരെ അനുവദിക്കൂ എന്നായിരുന്നു പഴയ നയം. 2028 മുതൽ, നിലവിലുള്ള വാടകക്കാർക്കും ഇത് ബാധകമാകും. ഇതുരണ്ടുമാണ് ഇപ്പോൾ രണ്ടും ഒഴിവാക്കിയിട്ടുള്ളത്.

സ്വകാര്യ വാടക മേഖലയ്ക്കുള്ള പുതിയ ഊർജ കാര്യക്ഷമത നിയന്ത്രണങ്ങൾ പ്രധാനമന്ത്രി റദ്ദാക്കുന്നത് സാധാരണക്കാരായ വാടകക്കാർക്ക് ഇന്ധന ചാർജുകളിൽ 15% ത്തോളം അധിക വർദ്ധനവുണ്ടാക്കുമെന്നാണ് ആരോപണം.

അതേസമയം 2035-ഓടെ ഫോസിൽ ഫ്യൂവൽ ബോയിലറുകൾ ഘട്ടംഘട്ടമായി നിർത്തലാക്കാനുള്ള ഇളവ് ഗവൺമെന്റ് നൽകുമെന്നും ബോയിലറുകളിൽ നിന്ന് ഹീറ്റ് പമ്പുകളിലേക്ക് മാറുന്നവരെ സഹായിക്കാൻ ഗ്രാന്റുകൾ വർദ്ധിപ്പിക്കുമെന്നും സുനക് പ്രഖ്യാപിച്ചു – ഇത് 5,000 പൗണ്ടിൽ നിന്ന് 7,500 പൗണ്ടായി ഉയരും.

ഈവിധത്തിൽ , 2050 ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമാക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് പ്രധാനമന്ത്രി തറപ്പിച്ചു പറഞ്ഞു. അതുപോലെ 2035 വരെ ആളുകൾക്ക് പുതിയ ഡീസൽ, പെട്രോൾ വാഹനങ്ങൾ വാങ്ങാൻ കഴിയുമെന്ന് സുനക് പറഞ്ഞു.

അതിന് ശേഷവും പെട്രോൾ, ഡീസൽ കാറുകൾ സെക്കൻഡ് ഹാൻഡ് വിൽക്കാൻ കഴിയുമെന്നും ജർമ്മനി, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പരിവർത്തനത്തിന് ആളുകൾക്ക് കൂടുതൽ സമയം നൽകാനാണ് ഈ മാറ്റം വരുത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.