സ്വന്തം ലേഖകൻ: ഇസ്രായേല്‍-ഹമാസ് യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക് ഇസ്രായേലിലെത്തി. ഗാസയിലുളളവര്‍ക്ക് മനുഷ്യത്വപരമായ സഹായങ്ങള്‍ ത്വരിതപ്പെടുന്നതിന് അദ്ദേഹത്തിന്റെ സന്ദര്‍ശനം ഉപകാരപ്പെടുമെന്ന പ്രതീക്ഷയും ഇതിനെ തുടര്‍ന്ന് ശക്തമായിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ജോബൈഡന്റെ ഇസ്രായേല്‍ സന്ദര്‍ശനത്തിന് തൊട്ട് പുറകേയാണ് സുനാകും ഇവിടെയെത്തിരിക്കുന്നത്. ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനുളള ശ്രമങ്ങള്‍ ശക്തമാക്കിയതിന്റെ ഭാഗമായാണ് ഇരുവരും ഇസ്രായേല്‍ സന്ദര്‍ശിച്ചിരിക്കുന്നത്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ സുനാക് ഇന്ന് കാണുമെന്നാണ് സൂചന. തുടര്‍ന്ന് ഇസ്രായേലിന്റെ റീജിയണല്‍ കാപിറ്റലുകളിലേക്ക് അദ്ദേഹം പര്യടനം നടത്തുകയും ചെയ്യും. യുദ്ധത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാര്‍ക്ക് സുനാക് പ്രണാമമര്‍പ്പിക്കുകയും ചെയ്യും. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഓരോ സിവിലിയന്റെയും മരണം ഒരു ദുരന്തമാണെന്നാണ് ഇസ്രായേല്‍ യാത്രക്ക് മുന്നോടിയായി സുനാക് പ്രതികരിച്ചിരിക്കുന്നത്.
ഹമാസിന്റെ ഭീകരാക്രമണത്തെ തുടര്‍ന്ന് നിരവധി നിരപരാധികളുടെ ജീവനുകളാണ് പൊലിഞ്ഞിരിക്കുന്നതെന്നും സുനാക് പറഞ്ഞു. നേരത്തെ തന്നെ സുനാക് ഇസ്രായേലിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഇന്നലെ വൈകുന്നേരമാണ് സുനാക് ഇക്കാര്യം സ്ഥിരീകരിച്ചത്.
അതിനിടെ ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലെ ഈജിപ്ഷ്യന്‍, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി വരും ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണുകയാണ് ഈ സന്ദര്‍ശനങ്ങളുടെ ലക്ഷ്യം. ഗാസയിലേക്കുള്ള ഹ്യൂമാനിറ്റേറിയന്‍ ആക്‌സസിനുള്ള കരാറിനായി ഫോറിന്‍ സെക്രട്ടറി സമ്മര്‍ദം ചെലുത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിന് പുറമെ ഹമാസ് തടങ്കലില്‍ വച്ചിരിക്കുന്ന ബ്രിട്ടീഷുകാരെ മോചിപ്പിക്കുന്നതിനുളള ശ്രമങ്ങളും അദ്ദേഹം ത്വരിതപ്പെടുത്തും. ഗാസയില്‍ ഇസ്രായേല്‍ വ്യാപകമായ തോതില്‍ കരയുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഇത് തടയുന്നതിനായി നയതന്ത്രപരമായി എന്തെല്ലാം ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ചെയ്യുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉറപ്പേകിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചതിന് തൊട്ട് പുറകേയാണ് മുതിര്‍ന്ന ബ്രിട്ടീഷ് മിനിസ്റ്റര്‍മാര്‍ ഇസ്രായേലിൽ എത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല