സ്വന്തം ലേഖകൻ: പെന്നി മോര്‍ഡന്റിന്റെ കത്ത് മുതല്‍ ലിസ് ട്രസ്സിന്റെ വിരുന്നു സത്ക്കാരങ്ങള്‍ വരെ നിരവധി നീക്കങ്ങളാണ് പ്രധാനമന്ത്രി ഋഷി സുനകിനെ തത്സ്ഥാനത്തു നിന്നും നീക്കാനായി നടക്കുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. അതേസമയം കെമി ബെയ്ഡ്നോക്ക്, പ്രീതി പട്ടേല്‍ എന്നിവരും അവരുടെ പിന്തുണ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണത്രെ. നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിനായി തയ്യാറെടുക്കുകയാണെന്ന വാര്‍ത്ത ദൃഢമായി നിഷേധിക്കാന്‍ കെമി ബെയ്ഡ്നോക്കിന് കഴിയാത്തത് പാര്‍ട്ടി വൃത്തങ്ങളില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. അത്തരം ചര്‍ച്ചകള്‍ പാര്‍ട്ടിയെ അസ്ഥിരപ്പെടുത്തുമെന്ന് ഭൂരിഭാഗം എം പിമാരും ഭയക്കുന്നു.
അതേസമയം, ഋഷി സുനക്, തന്റെ പദ്ധതികളുമായി മുന്‍പോട്ട് പോവുകയാണ്. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കാന്‍ സാധ്യതയുള്ള ടോറി നേതാക്കള്‍ക്ക് പെന്നി മോര്‍ഡാന്റ് കത്തുകള്‍ അയയ്ക്കുന്നതായി ചില ടോറി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാവിയില്‍ നേതൃസ്ഥാനത്തേക്ക് ഒരു മത്സരം വരാന്‍ ഇടയുണ്ടെന്ന അനുമാനത്തിലാണത്രെ ഈ നടപടി.
അതിനിടയില്‍ ലിസ് ട്രസ്സും പ്രീതി പട്ടേലും സ്ഥാനാര്‍ത്ഥികള്‍ക്കായി വിരുന്നുകള്‍ ഒരുക്കുന്നതായും ഐ ന്യുസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാവിയില്‍ നേതൃസ്ഥാനത്തേക്ക് മത്സരം ഉണ്ടായാല്‍ പിന്തുണ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ വിരുന്നുകളെ കാണുന്നത്. അതിനിടയില്‍, താന്‍ മത്സരിക്കുന്നതിന് ശ്രമിക്കുന്നു എന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ട് ബെയ്ഡ്നോക്ക് ഈയാഴ്ച്ച ആദ്യം രംഗത്തെത്തിയിരുന്നു. എവിള്‍ പ്ലോട്ടേഴ്സ് എന്ന ഒരു വാട്ട്സ്അപ് ഗ്രൂപ്പില്‍ അവരും അടുത്ത അനുയായി ആയ മൈക്കല്‍ ഗോവും ഉണ്ട് എന്ന വാര്‍ത്ത പുറത്തുവന്നതോടെയായിരുന്നു നിഷേധവുമായി ബെയ്ഡ്നോക്ക് രംഗത്തെത്തിയത്.
നേരത്തെ ബോറിസ് ജോണ്‍സനെ അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയവരില്‍ പ്രമുഖന്‍ ഗോവ് ആയിരുന്നു എന്ന് നാദിന്‍ ഡോറീസ് ആരോപിച്ചിരുന്നു. ആ സംഭവം പരാമര്‍ശിച്ച് ഒരു ഹാസ്യാനുകരണം എന്ന നിലയിലാണ് ഗ്രൂപ്പിന് പ്രസ്തുത പേര് നല്‍കിയതെന്നാണ് ബെയ്ഡോനോക്കുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍, ബെയ്ഡോനോക്ക് ഉന്നത സ്ഥാനത്തിന് നോട്ടമിട്ടിരിക്കുകയാണെന്ന സംസാരം ഇപ്പോഴും വെസ്റ്റ്മിനിസ്റ്ററില്‍ സജീവമാണ്.
അടുത്തകാലത്ത് ബെയ്ഡ്നോക്ക് മാധ്യമങ്ങളില്‍ നടത്തിയ പ്രകടനങ്ങള്‍ അവരെ കണ്‍സര്‍വേറ്റീവ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ പ്രിയങ്കരി ആക്കിയിട്ടുണ്ട്. പാര്‍ട്ടി വെബ്സൈറ്റില്‍, ഋഷിക്ക് പകരമായി പരിഗണിക്കപ്പെടുന്ന മോര്‍ഡന്റിനേക്കാള്‍ 15 പോയിന്റ് മുന്‍പിലാണ് ബെയ്ഡ്നോക്ക്. വാതുവെപ്പുകാര്‍ക്കും ബെയ്ഡ്നോക്കില്‍ തന്നെയാണ് ഏറെ പ്രതീക്ഷ. അതേസമയം, ഒരു പ്രധാനമന്ത്രിക്ക് കേവലം മാധ്യമങ്ങളിലെ പ്രതിച്ഛായയ്ക്ക് അപ്പുറം വേറെ പലതും വേണമെന്നാണ് എതിരാളികളുടെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല