മലയാളികളുടെ പ്രിയപ്പെട്ട ‘ സിംഹ ‘ മാണ് ഋഷി രാജ് സിംഗ്.കൈവെച്ച മേഖലകളില്‍ എല്ലാം മാറ്റങ്ങളുടെ നല്ല വാര്‍ത്തകള്‍ സൃഷ്ട്ടിച്ച ഈ പോലിസ് ഓഫീസറെ കുറിച്ച് ഒരു പഴയ കാല കേരളാപോലിസുകാരനായ അങ്കമാലിക്കാരന്‍ തന്റ്‌റെ ഫേസ് ബുക്കില്‍ കുറിച്ച വരികള്‍ ഏറെ ജന ശ്രദ്ധ നേടിക്കഴിഞ്ഞു.അനേകം പേരാണ് വളരെ വ്യത്യസ്തവും ലളിതവുമായ ഈ പോസ്റ്റ് ഇതിനോടകം ഷയര്‍ ചെയ്തത്.അനീതിക്ക് കൂട്ട് നില്‍ക്കാതെയുംകൈക്കൂലി വാങ്ങാതെയും ജീവിക്കുന്ന ‘സിങ്കത്തെ’ ക്കുറിച്ച് അതിശയം കൂറുന്ന പോസ്റ്റിന്റ്‌റെ പൂര്‍ണ്ണ രൂപം ഇങ്ങിനെ:
സത്യ സന്ധനായ ഒരു ഉദ്യോഗസ്ഥന്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകള്‍ അയാളുട് കുടുംബത്തെ എത്രമാത്രം ബുദ്ധിമുട്ടിലാക്കുമെന്ന് പലപ്പോഴും നാം ചിന്തിക്കാറില്ല. ജീവിതത്തിന്റെ ഏത് തുറയില്‍പ്പെട്ടയാളാണെങ്കിലും അയാള്‍ ഒരുപാട് പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടി വരും. പ്രത്യേകിച്ച് അദ്ദേഹം ഒരു സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമാണെങ്കില്‍ അയാള്‍ക്ക് നേരിടേണ്ടി വരുന്ന കയ്‌പ്പേറിയ അനുഭവങ്ങള്‍ അത് അനുഭവിക്കുന്ന അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബങ്ങള്‍ക്കും മാത്രം അറിയാവുന്ന ഒന്നാണ്. ഇന്‍ഡ്യ എന്ന രാജ്യത്തിന്റെ ഒരു ശാപമാണിത്. അയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉണ്ടാകുന്ന മാനസിക വ്യഥകള്‍ക്ക് പുറമേ മറ്റ് ഒത്തിരി കഷ്ടനഷ്ടങ്ങളും ഇതുമൂലം ആ കുടുംബത്തിനുണ്ടാകുന്നു. ഇടക്കിടെയുള്ള അപ്രതീക്ഷിത സ്ഥലം മാറ്റങ്ങള്‍ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ജീവിത താളം തന്നെ തെറ്റിക്കും. ആ വ്യക്തിയുടെ മക്കള്‍ പഠിക്കുന്നുണ്ടെങ്കില്‍ അവരെയും, പങ്കാളിയോ മക്കളോ ജോലി ചെയ്യുന്നവരാണെങ്കില്‍ അവരുടെ ജീവിതത്തേയും ഭാവിയേയും കൂടി ഇത് ബാധിക്കുകയാണ്. ഓരോ സ്ഥലം മാറ്റങ്ങളും നടക്കുമ്പോള്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പറ്റിയ പുതിയ സ്‌കൂള്‍, അല്ലെങ്കില്‍ കോളേജ് കണ്ടെത്തുക എന്നത് അത്ര എളുപ്പമായിരിക്കില്ല. മാത്രമല്ലാ, ഇടക്ക് ചെന്നാല്‍ പല നല്ല സ്‌കൂളുകളിലും അഡ്മിഷന്‍ നല്‍കുകയുമില്ല. അപ്പോള്‍ അവരെ കിട്ടുന്ന സ്‌കൂളില്‍ ചേര്‍ക്കേണ്ടി വരും .അവര്‍ക്ക് വേണ്ട ട്യൂഷന്‍ സംവിധാനങ്ങള്‍ ഒരുക്കുവാനും സാധിക്കുകയില്ല അത് അവരുടെ ഭാവിയെതന്നെ ഭാധിക്കുന്ന ഒരു വലിയ പ്രശ്‌നമാണ്. . അതുപ്പോലെ പങ്കാളിക്ക് ജോലിയുള്ളതാണെങ്കില്‍ അവര്‍ക്ക് എപ്പോളും സ്ഥലം മാറി കൂടെ പോകാന്‍ പറ്റില്ല. അപ്പോള്‍ ഭാര്യയും ഭര്‍ത്താവും രണ്ട് സ്ഥലങ്ങളില്‍ താമസിച്ച് ജോലി ചെയ്യേണ്ടി വരും. മക്കള്‍ മാതാപിതാക്കളില്‍ ആരോടെങ്കിലും ഒരാളോടൊപ്പം കഴിയേണ്ടി വരുകയും വളരുന്ന പ്രായത്തില്‍ അവര്‍ക്ക് ലഭിക്കേണ്ട സ്‌നേഹം ലഭിക്കാതെ പോവുകയും ചെയ്യും. അതോടെ ഭാര്യാഭര്‍തൃ ബന്ധവും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധവും ഇല്ലാതാകും.
ഇത്തരം സ്ഥലം മാറ്റങ്ങള്‍ പല പ്രാവശ്യം സംഭവിക്കുമ്പോള്‍ പങ്കാളിയും മക്കളും കൂടി ഈ വ്യക്തിയെ ആദ്യം പരോക്ഷമായും പിന്നീട് പ്രത്യക്ഷമായും കുറ്റപ്പെടുത്താന്‍ തുടങ്ങും. ജീവിക്കാനറിയാത്തവന്‍ എന്ന പരിഹാസം കേള്‍ക്കേണ്ടി വരും. ഇതെല്ലാം കേള്‍ക്കേണ്ടി വരുന്നതും സഹിക്കേണ്ടി വരുന്നതും വീട്ടുകാര്‍ മാത്രമാണെന്നതാണ് വസ്തുത. നാട്ടുകാര്‍ ഫെയ്‌സ് ബുക്കിലൂടെയോ മറ്റ് മാധ്യമങ്ങളിലുയുടെയോ എത്ര സപ്പോര്‍ട്ട് ചെയ്താലും സ്വന്തം കുടുംബത്തിലുണ്ടാകാവുന്ന ഇത്തരം ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിഹാരം ഉണ്ടാവുകില്ല. അപ്പോള്‍ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും ഒഴിവായിക്കിട്ടാന്‍ ഉള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഒഴുക്കിനൊപ്പം നീങ്ങുകയെന്നതല്ലേ എന്ന ഒരു ചിന്ത അയാളില്‍ ഉടലെടുക്കുകയും ചെയ്യും. ഇത്തരം പ്രതികൂല അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പിന്നീട് സത്യസന്ധതയോടെ ജോലി ചെയ്യണമെന്നാഗ്രഹിക്കുന്ന ഒട്ടുമിക്ക വ്യക്തികളും താനേ നിലപാടുകളില്‍ മാറ്റം വരുത്തും. . കൈക്കൂലിയെങ്കില്‍ കൈക്കൂലി, കളവെങ്കില്‍ കളവ്.. തനിക്കും കുടുംബത്തിനും മനസ്സമാധാനവും സാമ്പത്തിക ലാഭവും ലഭിക്കുന്ന തീരുമാനം എടുക്കാന്‍ സമൂഹം അവനെ നിര്‍ബന്ധിതനാക്കും. ..ഏതോ സിനിമയിലെ ഡയലോഗ് പോലെ അവന്‍ അവന്റെ മനസ്സാക്ഷിയെ പോക്കറ്റിലുള്ളില്‍ അടച്ചിടും..
ഇത്തരത്തില്‍ മാറ്റങ്ങള്‍ വന്ന പല സഹ പ്രവര്‍ത്തകരെയും എനിക്കറിയാം.
എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു പോലീസുകാരനുണ്ടായിരുന്നു. കൊരട്ടിക്കാരനായ എന്റെ സീനിയറായ ഒരു പോലീസൂകാരന്‍. സര്‍വ്വീസില്‍ കൂടുതലും അങ്കമാലി സ്റ്റേഷനിലായിരുന്നു. നന്നായിട്ട് കൈക്കൂലി വാങ്ങിയിരുന്ന അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ‘ എടാ, എന്റെ അപ്പനും അപ്പന്റെ അപ്പനും പോലീസുകാരായിരുന്നു. സത്യ സന്ധരായ പോലീസുകാര്‍. അവരു വിചാരിച്ചിട്ട് ഈ ലോകം നന്നാക്കാന്‍ പറ്റിയില്ല. അവരും നന്നായില്ല. ബാക്കി വച്ചത് പട്ടിണി മാത്രം. പിന്നെയാണ് ഇനി ഈ ഞാന്‍. അതുകൊണ്ട് കിട്ടുന്നത് കണക്ക് പറഞ്ഞ വാങ്ങിയാല്‍ നമുക്കും നമ്മുടെ മക്കള്‍ക്കും കൊള്ളാം. ഇല്ലെങ്കില്‍ പിന്നീറ്റ് ദുഖിക്കേണ്ടി വരും.’ അദ്ദേഹം ഇന്ന് പെന്‍ഷന്‍ പറ്റി സുഖമായി ജീവിക്കുന്നു. നല്ല വീട്, സൌകര്യങ്ങള്‍.. മക്കളെല്ലാം നല്ല നിലയിലുമെത്തി.
മറ്റൊരു ഉദ്യോഗസ്ഥനെയും എനിക്കറിയാം. അദ്ദേഹം നേരിട്ട് എസ്.ഐ സെലക്ഷന്‍ കിട്ടി ജോലിയില്‍ കയറിയതാണ്. കൈക്കൂലി വാങ്ങാത്ത അദ്ദേഹം ഒരു രാഷ്ട്രീയക്കാരനെയും വക വച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ട്രാന്‍സ്ഫറും സസ്‌പെന്‍ഷനും ഒഴിഞ്ഞിട്ട് നേരമില്ലായിരുന്നു. എങ്കിലും അദ്ദേഹം നിലപാടുകളില്‍ മാറ്റം വരുത്തിയില്ല. ഒരു സ്യൂട്ട് കെയ്‌സില്‍ ഒതുങ്ങുന്ന വസ്ത്രങ്ങള്‍ മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. എവിടെയും പോകാന്‍ അദ്ദേഹം തയ്യാറുമായിരുന്നു. പക്ഷേ ഈ ഓട്ടത്തിനിടയില്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു. പല വിവാഹാലോചനകളും വന്നെങ്കിലും ജോലി എന്ന് വേണമെങ്കിലും നഷ്ടപ്പെടാവുന്ന അദ്ദേഹത്തിന് പെണ്ണ് കൊടുക്കുവാന്‍ തയ്യാറല്ലായിരുന്നു. അങ്ങിനെ ഒറ്റത്തടിയായി അദ്ദേഹം ജീവിച്ചു.
ഔദ്യോഗിക ജീവിതത്തില്‍ രക്ഷകരായി എത്തേണ്ട മേലുദ്യോഗസ്ഥര്‍ തന്നെ ശിക്ഷകരായി എത്തുമ്പോള്‍ ആണ് ആകെ തകര്‍ന്ന് പോകുന്നത്. എങ്ങ് നിന്നും ഒരു സപ്പോര്‍ട്ട് ഇല്ലാതെ ജോലി ചെയ്യുമ്പോള്‍ ഉള്ള സമ്മര്‍ദ്ദങ്ങള്‍ എത്രമാത്രം എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതും സത്യസന്ധത കാത്തു സൂക്ഷിച്ചതിനാകുമ്പോള്‍ ആ മാനസിക വ്യഥ എത്രമാത്രമായിരിക്കും?
അനീതിക്കെതിരെ പൊരുതുന്ന ഈ ഋഷിരാജ് സിംഗ് എന്ന മനുഷ്യന്‍ ഒരു അമാനുഷന്‍ തന്നെ എന്ന് പറയാതിരിക്കാനാവില്ല. ഇത്രയും പരീക്ഷണങ്ങളിലൂടെ കടന്ന് പോയിട്ടും അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് മാറ്റം വന്നിട്ടില്ലാ, അല്ലെങ്കില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചില്ലാ എന്നത് അല്‍ഭുതം തന്നെ. ഒരു മുതിര്‍ന്ന ഐ.പി എസ് ഉദ്യോഗസ്ഥന്റെ അവസ്ഥ ഇത്തരുണത്തിലാണെങ്കില്‍ താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരുടെ അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ഈ പോരാട്ടത്തില്‍, അനീതിയുടെയും, അഴിമതിയുടേയും ഈ കുത്തൊഴുക്കില്‍, ഈ ഒഴുക്കിനെതിരെ നീങ്ങാന്‍ അദ്ദേഹത്തിനും അതെല്ലാം ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും ശക്തി ലഭിക്കട്ടെ എന്ന് മാത്രമാണെന്റെ പ്രാര്‍ത്ഥന. ആയതിന് ശക്തി ലഭിക്കാന്‍ ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല